മികച്ച വിദ്യാഭ്യാസ പ്രവര്‍ത്തനത്തിന് അംഗീകാരം: നാമനിര്‍ദേശം നല്‍കാം

2019-20 അധ്യയനവര്‍ഷം പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തോടനുബന്ധിച്ച് സ്‌കൂള്‍തലത്തില്‍ നടപ്പിലാക്കുന്ന വിദ്യാഭ്യാസ മാതൃകകള്‍ കണ്ടെത്തി അംഗീകരിക്കാനും രേഖപ്പെടുത്തി വ്യാപിപ്പിക്കുന്നതിനും സേസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആര്‍.ടി) പദ്ധതി ആവിഷ്‌കരിച്ചു. പ്രീപ്രൈമറി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള സ്ഥാപനങ്ങള്‍ക്കും അധ്യാപക വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും അവര്‍ നടപ്പിലാക്കിയതോ നടപ്പിലാക്കിവരുന്നതോ ആയ അക്കാദമിക പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പദ്ധതികള്‍ ഉള്‍പ്പെടുത്താം. വിദ്യാഭ്യാസ ഗുണമേന്‍മ വര്‍ധിപ്പിക്കല്‍, അക്കാദമിക മികവ്, വിലയിരുത്തല്‍ തുടങ്ങിയവയിലെ മികച്ച മാതൃകകളാണ് എസ്.സി.ഇ.ആര്‍.ടി അന്വേഷിക്കുന്നത്.

ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതോടൊപ്പം വിശദമായ ഡോക്യുമെന്റേഷനിലൂടെ വ്യാപനത്തിനുള്ള പ്രവര്‍ത്തനങ്ങളും ഏറ്റെടുക്കും. സ്‌കൂളുകള്‍, അധ്യാപക രക്ഷാകര്‍തൃസമിതികള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവയുടെ നേതൃത്വത്തിലുള്ള പദ്ധതികള്‍ ഇതില്‍ ഉള്‍പ്പെടുത്തും.

പദ്ധതിയുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുന്ന (ചിത്രങ്ങള്‍, ഡിജിറ്റല്‍ രേഖകള്‍ ഉള്‍പ്പെടെ) നാമനിര്‍ദേശങ്ങള്‍ ഒക്‌ടോബര്‍ 15ന് മുമ്പ് ഡയറക്ടര്‍, എസ്.സി.ഇ.ആര്‍.ടി, പൂജപ്പുര, തിരുവനന്തപുരം – 695012 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. സ്‌കൂള്‍ അധികാരികള്‍ക്കും രക്ഷാകര്‍തൃസമിതികള്‍ക്കും ജനപ്രതിനിധികള്‍ക്കും വിദ്യാഭ്യാസപ്രവര്‍ത്തകര്‍ക്കും അധ്യാപക പരിശീലനസ്ഥാപനങ്ങള്‍ക്കും നോമിനേഷനുകള്‍ നല്‍കാം. നാമനിര്‍ദേശങ്ങളുടെ ഡിജിറ്റല്‍ പകര്‍പ്പുകള്‍ scertresearch@gmail.com ലേക്ക് അയക്കണം.

Share news
error: Content is protected !!
Scroll to Top