HIGHLIGHTS : Education based on social justice and equality is the government's goal; Minister PA Muhammad Riyaz

കോഴിക്കോട്:സമൂഹ്യനീതിയിലും തുല്യതയിലും അധിഷ്ഠിതമായ വിദ്യാഭ്യാസമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് പൊതുമരാമത്ത് -വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. പൊതുവിദ്യാഭ്യാസ വകുപ്പ് ബി ഇ എം ഗേൾസ് ഹൈസ്കൂളിൽ സംഘടിപ്പിച്ച സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ജില്ലാതല പ്രഖ്യാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
എല്ലാ വിഭാഗം ജനങ്ങൾക്കും വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റങ്ങൾ പ്രാപ്യമാണെന്നത് സർക്കാർ ഉറപ്പ് വരുത്തും. ഏതെങ്കിലും മാനദണ്ഡത്തിൻ്റെ അടിസ്ഥാനത്തിൽ വിവേചനം നേരിടേണ്ട സ്ഥിതി ഉണ്ടാവില്ല. ഒന്നിൻ്റെയും പേരിൽ മാറ്റിനിർത്തില്ല. ഇക്കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും കൂടാതെ മുന്നേറുമെന്നും മന്ത്രി ആവർത്തിച്ചു.
സാമൂഹ്യമോ പ്രാദേശികമോ സാമ്പത്തികമോ ആയ പിന്നാക്കാവസ്ഥ നേരിടുന്നവരെ കൂടി ഉൾച്ചേർത്ത് മുന്നോട്ട് പോകുന്ന നയമാണ് സർക്കാറിന്റേത്. അക്കാദമിക ഉന്നമനത്തിലൂന്നി അടിസ്ഥാന സൗകര്യ വികസനമുൾപ്പെടെ പുതിയകാല സങ്കേതങ്ങളെ സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കും. വിദ്യാഭ്യാസ അന്തരീക്ഷത്തെ മൊത്തത്തിൽ മെച്ചപ്പെടുത്തുക എന്നതാണ് പുതിയ പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
അഹമ്മദ് ദേവർകോവിൽ എംഎൽഎ അധ്യക്ഷത വഹിച്ചു. ലണ്ടനിൽ നടന്ന അന്താരാഷ്ട്ര വിദ്യാഭ്യാസ സമ്മേളനത്തിൽ പൊതുവിദ്യാഭ്യാസ രംഗത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത ഷജീൽ യു കെയെ വേദിയിൽ അനുമോദിച്ചു. വിദ്യാകിരണം മിഷൻ ഡോ. സി രാമകൃഷ്ണൻ പദ്ധതി വിശദീകരണം നടത്തി.
കോഴിക്കോട് ആർഡിഡി സന്തോഷ്കുമാർ എം, ഡയറ്റ് പ്രിൻസിപ്പൽ ഡോ. അബ്ദു നാസർ യു കെ, വിദ്യാകിരണം മിഷൻ കോർഡിനേറ്റർ വിനോദ് വി വി, കൈറ്റ് ജില്ലാ കോർഡിനേറ്റർ രമേശൻ സി ടി എന്നിവർ പങ്കെടുത്തു. വിദ്യാഭ്യാസ ഉപഡയറക്ടർ സി മനോജ്കുമാർ സ്വാഗതവും സമഗ്ര ശിക്ഷ കേരള ജില്ലാ പ്രോജക്ട് കോർഡിനേറ്റർ ഡോ. എ കെ അബ്ദുൽ ഹക്കീം നന്ദിയും പറഞ്ഞു.