എടപ്പാളില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎം കുത്തി തുറന്ന് കവര്‍ച്ചാ ശ്രമം

മലപ്പുറം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎം കുത്തി തുറന്ന് കവര്‍ച്ചാ ശ്രമം. എടപ്പാളില്‍ കുറ്റിപ്പുറം റോഡില്‍ ഗോള്‍ഡന്‍ മോട്ടോഴ്‌സിന് സമീപത്തുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന എ ടി എം കൗണ്ടറാണ് മോഷ്ട്ടാക്കള്‍ കുത്തിതുറന്നത്. ATM മിഷ്യന്റെ മുന്‍ഭാഗമാണ് കുത്തിതുറന്നിരിക്കുന്നത്. കൂടാതെ കൗണ്ടറിന് ഉള്ളിലുള്ള ക്യാമറകള്‍ തകര്‍ത്ത നിലയിലാണ്.

കഴിഞ്ഞ ദിവസം രാത്രിയില്‍ 2 മണി വരെ പ്രദേശത്ത് പോലീസ് പെട്രോളിംങ്ങ് ഉണ്ടായിരുന്നു. അതിനു ശേഷമാകാം കവര്‍ച്ചാ ശ്രമം നടത്തിയതെന്നാണ് പോലീസ് അനുമാനം. ബാങ്കിന്റെ ഇടപാട്കാരനായ പ്രദേശവാസിയാണ് മോഷണവിവരം അറിയുന്നത്. തുടര്‍ന്ന് ബാങ്ക് അധികൃതരും പോലീസും എത്തി പരിശോധന നടത്തി. പ്രാഥമിക പരിശോധനയില്‍ കവര്‍ച്ചാ ശ്രമംമാത്രമാണ് നടന്നിട്ടുള്ളതെന്നും പണം നഷ്ട്ടപ്പെട്ടിട്ടില്ലെന്നുമാണ് അനുമാനമെന്നും എ ടി എം സെക്ഷന്‍ കൈകാര്യം ചെയ്യുന്ന വിഭാഗം എത്തി പരിശോധന നടത്തിയാല്‍ മാത്രമേ കൂടുതല്‍ വിവരം ലഭിക്കുകയുള്ളെന്നും എസ്ബിഐ സീനിയര്‍ മാനേജര്‍ രഘുനാഥ് പറഞ്ഞു. മാനേജരുടെ പരാതിയില്‍ ചങ്ങരംകുളം പോലീസ് കേസ് എടുത്ത് അന്വോഷണം ആരംഭിച്ചിട്ടുണ്ട്. ഫിംഗര്‍പ്രിന്റ് വിഭാഗവും ഡോഗ് സ്‌ക്വാഡ് വിഭാഗവും എത്തി കൂടുതല്‍ പരിശോധനകള്‍ നടത്തുമെന്ന് ചങ്ങരംകുളം എസ് ഐ ടി.ഡി മനോജ് കുമാര്‍ അറിയിച്ചു.

Related Articles