തൃശൂര്‍: പാലിയേക്കര ടോള്‍ പ്ലാസയില്‍ കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡില്‍ റോഡ് നിര്‍മ്മാണ കമ്പനി 125.21 കോടി രൂപ അനര്‍ഹമായി സമ്പാദിച്ചെന്ന് കണ്ടെത്തിയതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി. മണ്ണുത്തി ഇടപ്പള്ളി ദേശീയ പാതാ നിര്‍മാണം ഏറ്റെടുത്ത ജി.ഐ.പി.എല്‍ കമ്പനിയുടെ 125 കോടി രൂപയുടെ ഇടപാടുകള്‍ മരവിപ്പിച്ചതായ ഇഡി വെളിപ്പെടുത്തി. ഇത് സംബന്ധിച്ച് ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും കത്ത് നല്‍കുകയും ചെയ്തു. അഴിമതിക്ക് കൂട്ടുനിന്ന ദേശീയപാത ഉദ്യോഗസ്ഥരെക്കുറിച്ചും അന്വേഷണം നടത്തുമെന്നും ഇഡി അറിയിച്ചു.
സി.ബി.ഐ നേരത്തെ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിലാണ് സംഭവത്തില്‍ ഇഡി കേസെടുത്തത്. കമ്പനിയുടെ പാലിയേക്കരയിലെ ഓഫീസില്‍ കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡില്‍ ക്രമക്കേട് കണ്ടെത്തിയിരുന്നു. ഇടപ്പള്ളി മണ്ണുത്തി ദേശീയ പാതാ നിര്‍മ്മാണം ഏറ്റെടുത്തു നടത്തിയ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ്, പങ്കാളിയായ ഭാരത് റോഡ് നെറ്റ് വര്‍ക് ലിമിറ്റഡ് എന്നിവര്‍ ഉദ്യോഗസ്ഥ ഒത്താശയോടെ 102 കോടിയുടെ ക്രമക്കേട് നടത്തിയതുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം നടന്നു വരികയായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കമ്പനികളുടെ പാലിയേക്കര, കൊല്‍ക്കത്ത ഓഫീസുകളില്‍ കഴിഞ്ഞ ദിവസം ഇഡി പരിശോധന നടത്തിയത്. 2006 മുതല്‍ 2016 വരെയുള്ള റോഡ് നിര്‍മാണത്തില്‍ തട്ടിപ്പ് നടത്തിയെന്നാണ് ഇഡി കണ്ടെത്തിയത്.
കരാര്‍ പ്രകാരമുളള നിര്‍മാണം പൂര്‍ത്തിയാക്കാതെ ടോള്‍ പിരിക്കാന്‍ അനുമതി നല്‍കി, ബസ് ബേകളുടെ നിര്‍മാണം പൂര്‍ത്തിയാക്കാതെ പരസ്യം സ്ഥാപിക്കാന്‍ അനുവാദം നല്‍കി പണം പിരിച്ചു തുടങ്ങിയവയാണ് കണ്ടെത്തിയ പ്രധാന ക്രമക്കേടുകള്‍. കൂടാതെ ടോള്‍ വഴി പിരിഞ്ഞുകിട്ടിയ തുക കരാര്‍ കമ്പനി നിക്ഷേപിച്ചത് മ്യൂച്ചല്‍ ഫണ്ടുകളിലാണെന്നും കണ്ടെത്തി.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



