Section

malabari-logo-mobile

തൊഴിലാളികള്‍ക്കുള്ള ഇ-ശ്രം രജിസ്ട്രേഷന്‍ മലപ്പുറം ജില്ലയില്‍ ഒരു ലക്ഷം തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കി

HIGHLIGHTS : മലപ്പുറം:അസംഘടിത തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച ഇ-ശ്രം രജിസ്ട്രേഷന്‍ പ്രകാരം ജില്ലയില്‍ ഒരു ലക്...

മലപ്പുറം:അസംഘടിത തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച ഇ-ശ്രം രജിസ്ട്രേഷന്‍ പ്രകാരം ജില്ലയില്‍ ഒരു ലക്ഷം തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്തു. ജില്ലാതല ഇ-ശ്രം ഇംപ്ലിമെന്റേഷന്‍ കമ്മിറ്റി യോഗം ജില്ലാ വികസന കമ്മീഷണറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന് പദ്ധതി അവലോകനം നടത്തി. വിവിധ വകുപ്പ് പ്രതിനിധികള്‍, തൊഴിലാളി യൂണിയന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

16നും 59നും ഇടയില്‍ പ്രായമുള്ള ഇ.എസ്.ഐ, ഇ.പി.എഫ് അര്‍ഹതയില്ലാത്തതും, ഇന്‍കം ടാക്സ് പരിധിയില്‍ വരാത്തതുമായ എല്ലാ അസംഘടിത തൊഴിലാളികള്‍ക്കും ഇ-ശ്രം രജിസ്ട്രേഷന്‍ നടത്താവുന്നതാണ്. ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഒരു യുണീക് ഐഡന്റിഫിക്കേഷന്‍ കാര്‍ഡ് ലഭ്യമാകുന്നതും ബന്ധപ്പെട്ട കാര്‍ഡിലൂടെ കേന്ദ്ര സര്‍ക്കാരിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതി പ്രകാരമുള്ള എല്ലാ ആനുകൂല്യങ്ങളും തൊഴിലാളികള്‍ക്ക് ലഭിക്കുന്നതുമാണ്. കൂടാതെ തൊഴിലാളികള്‍ക്ക് പ്രധാന്‍ മന്ത്രി സുരക്ഷാ ഭീമാ യോജന പ്രകാരം അപകട ഇന്‍ഷൂറന്‍സ് ആയി രണ്ട് ലക്ഷം രൂപയും ദേശീയ അടിയന്തിരാവസ്ഥയിലും ദേശീയ ദുരന്ത ഘട്ടങ്ങളിലും കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നതുമാണ്.

sameeksha-malabarinews

മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ളവര്‍ക്ക് register.eshram.gov.in എന്ന വെബ് സൈറ്റ് വഴി സ്വയം രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. അല്ലെങ്കില്‍ അക്ഷയ കേന്ദ്രങ്ങള്‍/കോമണ്‍ സര്‍വ്വീസ് കേന്ദ്രങ്ങള്‍ /ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്ക് എന്നിവ വഴി സൗജന്യമായി e-SHRAM Portalല്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രജിസ്റ്റര്‍ ചെയ്യുന്നതിനായി മൊബൈല്‍ നമ്പര്‍, ആധാര്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവ അത്യാവശ്യമാണ്.

സ്വയം തൊഴില്‍ ചെയ്യുന്നവര്‍, തൊഴിലുറപ്പ് ജോലി ചെയ്യുന്നവര്‍, നിര്‍മ്മാണ തൊഴിലാളികള്‍, വഴിയോര കച്ചവടക്കാര്‍, ചെറുകിട കച്ചവടക്കാര്‍, ആശാ വര്‍ക്കര്‍മാര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, മത്സ്യ തൊഴിലാളികള്‍, ക്ഷീര കര്‍ഷകര്‍, കര്‍ഷക തൊഴിലാളികള്‍, വീട്ടു ജോലിക്കാര്‍, തടിപ്പണിക്കാര്‍, ബീഡി തൊഴിലാളികള്‍, പത്ര ഏജന്റുമാര്‍, ഓട്ടോ-ടാക്സി ഡ്രൈവര്‍മാര്‍, തയ്യല്‍ തൊഴിലാളികള്‍, അതിഥി തൊഴിലാളികള്‍, ക്വാറി തൊഴിലാളികള്‍ തുടങ്ങി ഇ.പി.എഫ്, ഇ.എസ്.ഐ ആനുകൂല്യങ്ങള്‍ ഇല്ലാത്ത, ഇന്‍കം ടാക്സ് പരിധിയില്‍ വരാത്ത എല്ലാ അസംഘടിത തൊഴിലാളികള്‍ക്കും ഇ-ശ്രം രജിസ്ട്രേഷന്‍ നടത്താവുന്നതാണ്.

മലപ്പുറം മുനിസിപ്പിള്‍ ടൗണ്‍ ഹാളില്‍ നടക്കുന്ന ഉമ്മാന്റെ വടക്കിനി ഭക്ഷ്യ വിപണന മേളയില്‍ ഇ-ശ്രം രജിസ്ട്രേഷന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അര്‍ഹരായ മുഴുവന്‍ തൊഴിലാളികളും ഡിസംബര്‍ 31നകം ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് തിരിച്ചറിയല്‍ കാര്‍ഡ് കൈപ്പറ്റേണ്ടതാണെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്സ്മെന്റ്) അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!