ആരോഗ്യ സംസ്‌കാരത്തില്‍ മാറ്റത്തിന്റെ പ്രതീകമായി ഇ-സഞ്ജീവനി

E-Sanjeevani as a symbol of change in health culture ആരോഗ്യ സംസ്‌കാരത്തില്‍ മാറ്റത്തിന്റെ പ്രതീകമായി ഇ-സഞ്ജീവനി

തിരുവനന്തപുരം: കേരളീയ ആരോഗ്യ സംസ്‌കാരത്തിന്റെ മാറ്റങ്ങളുടെ പ്രതീകമായി ഇ സഞ്ജീവനി മാറുന്നു. 9092 പരിശോധനകള്‍ ഇതുവരെ ഇ സഞ്ജീവനി പ്ലാറ്റ്‌ഫോമിലൂടെ കേരളത്തില്‍ പൂര്‍ത്തിയാക്കി.
കോവിഡ് പകര്‍ച്ച വ്യാധിക്കാലത്ത് വ്യക്തികള്‍ കൂടുതലായി ഇ സഞ്ജീവനി സേവനങ്ങളെ ആശ്രയിക്കുന്നുണ്ട്. ജീവിതശൈലീ രോഗങ്ങള്‍ക്കായുള്ള പതിവ് കണ്‍സള്‍ട്ടേഷനുകള്‍ക്കായി സര്‍ക്കാര്‍ ടെലിമെഡിസിന്‍ സംരംഭമായ ഇ സഞ്ജീവനിയെയാണ് കൂടുതലായി ആശ്രയിക്കുന്നത്.

കേരളത്തിലെ ആതുരശുശ്രൂഷ രംഗത്തെ മികച്ച പൊതുമേഖല ആരോഗ്യസ്ഥാപനങ്ങളും പ്രഗത്ഭരായ ഡോക്ടര്‍മാരും ഇ സഞ്ജീവനിയുമായി സഹകരിച്ചു ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷനുകള്‍ക്കു തുടക്കമിട്ടിട്ടുണ്ട്. ഇംഹാന്‍സ്, കോഴിക്കോട്, മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ തലശ്ശേരി, കൊച്ചിന്‍ ക്യാന്‍സര്‍ സെന്റര്‍, ആര്‍.സി.സി തിരുവനന്തപുരം, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബെറ്റിക്‌സ് എന്നീ സ്ഥാപനങ്ങള്‍ ഇവയില്‍ ചിലതാണ്. കൂടാതെ ഈ സേവനങ്ങള്‍ പൊതുജനങ്ങള്‍ കൂടുതലായി ഉപയോഗിച്ചതിന്റെ ഫലമായി ദേശീയതലത്തില്‍ തന്നെ കേരളം ഒന്നാം സ്ഥാനത്തുമെത്തിയിരുന്നു.

ഇ-സഞ്ജീവനി വഴി രാവിലെ എട്ടു മുതല്‍ രാത്രി എട്ടു വരെ എല്ലാദിവസവും സ്ഥിരമായി നടത്തുന്ന കണ്‍സള്‍ട്ടേഷനുകള്‍ തുടര്‍ന്നും ഉണ്ടായിരിക്കും.
പ്രമേഹ രോഗികള്‍ക്കായി ഇന്ത്യന്‍ ഇന്സ്റ്റിറ്റിറ്റിയൂട്ട് ഓഫ് ഡയബെറ്റിക്‌സ് തിരുവനന്തപുരം എല്ലാ ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ ഉച്ചക്ക് രണ്ടു മുതല്‍ നാലുവരെ കണ്‍സള്‍ട്ടേഷനുകള്‍ നടത്തും. കുട്ടികള്‍ക്കുള്ള പ്രത്യേക മാനസികാരോഗ്യ ക്ലിനിക്കുകള്‍ ഇംഹാന്‍സ് കോഴിക്കോട് എല്ലാ ചൊവ്വാഴ്ച്ചകളിലും രാവിലെ 10 മുതല്‍ 12 വരെ ഇ സഞ്ജീവനിയുമായി ചേര്‍ന്ന് നടത്തും. മുതിര്‍ന്നവര്‍ക്കുള്ള മാനസികാരോഗ്യ ക്ലിനിക്കുകള്‍ ഇംഹാന്‍സ് കോഴിക്കോട് എല്ലാ ബുധനാഴ്ച്ചകളിലും രാവിലെ 10 മുതല്‍ 12 വരെ നടത്തും.

എല്ലാ വ്യാഴം, വെള്ളി ദിവസങ്ങളില്‍ വൈകിട്ട് മൂന്നുമുതല്‍ നാലുവരെ അര്‍ബുദ ചികിത്സാ ക്ലിനിക്കുകള്‍ മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ തലശ്ശേരി നല്‍കും.
കൊച്ചിന്‍ ക്യാന്‍സര്‍ സെന്റര്‍ തിങ്കള്‍ മുതല്‍ വെള്ളിവരെയുള്ള ദിവസങ്ങളില്‍ രാവിലെ ഒന്‍പതു മുതല്‍ 12 വരെയുള്ള സമയം ഇ സഞ്ജീവനിയുമായി ചേര്‍ന്ന് ഓണ്‍ലൈന്‍ ചികിത്സക്കായി വിനിയോഗിക്കും. റീജിണല്‍ ക്യാന്‍സര്‍ സെന്റൈര്‍ തിരുവനന്തപുരം ചൊവ്വ, വെള്ളി ദിവസങ്ങളില്‍ 2 മുതല്‍ 3 വരെ അര്‍ബുദ ചികിത്സ ഇ സഞ്ജീവനി പ്ലാറ്റ്‌ഫോമിലൂടെ നല്‍കുന്നതായിരിക്കും.

മെഡിക്കല്‍ ഓങ്കോളജി, റേഡിയേഷന്‍ ഓങ്കോളജി, കുട്ടികള്‍ക്കുള്ള ക്യാന്‍സര്‍ ചികിത്സ ക്ലിനിക്കുകള്‍ തുടങ്ങി വിവിധ ക്യാന്‍സര്‍ ചികിത്സാ വിഭാഗങ്ങള്‍ ഇ സഞ്ജീവനിയിലൂടെ ഇത്തരത്തില്‍ പ്രവര്‍ത്തിക്കും.
ഇ സഞ്ജീവനി സേവനങ്ങള്‍ പരിശോധിച്ചാല്‍ കേരളത്തിലെ പരമാവധി വെയിറ്റിങ്ങ് ടൈം നാലു മിനിറ്റ് 25 സെക്കന്റാണ്. ഓരോ വ്യക്തിക്കും ചികിത്സക്കായും വിശദപരിശോധനകള്‍ക്കായും എടുക്കുന്ന ശരാശരി സമയം എട്ടു മിനിട്ട് 45 സെക്കന്റാണ്. കോവിഡ് പശ്ചാത്തലത്തില്‍ ഇ സഞ്ജീവനി സേവനങ്ങള്‍ കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രങ്ങളില്‍ കൂടി വ്യാപിപ്പിച്ചിട്ടുണ്ട്.
അതുവഴി സി.എഫ്.എല്‍.ടി.സികള്‍ക്ക് വിദഗ്ധാഭിപ്രായങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കുമായി അനുബന്ധ കോവിഡ് ചികിത്സ കേന്ദ്രങ്ങളുമായി ടെലിമെഡിസിന്‍ പ്ലാറ്റ്‌ഫോമിലൂടെ ബന്ധപ്പെടാനാകും. ഡോക്ടര്‍മാര്‍ക്ക് മാത്രമായി പരസ്പരം ബന്ധപ്പെടാവുന്ന ഇ സഞ്ജീവനി സി.എഫ്.എല്‍.ടി.സി പ്ലാറ്റ്‌ഫോം ഉപയോഗത്തിലൂടെ റഫറല്‍ സര്‍വീസുകള്‍ വളരെ കാര്യക്ഷമമായി നടത്താനാകും. തിരുവനന്തപുരത്തില്‍ ഇത്തരത്തില്‍ ആദ്യ പരിശീലന പരിപാടികള്‍ പൂര്‍ത്തിയാക്കി തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും അനുബന്ധ സി.എഫ്.എല്‍.ടി.സികളിലേക്ക് ഇ സഞ്ജീവനിയിലൂടെ സേവനം വ്യാപിപ്പിച്ചു. മറ്റു ജില്ലകളിലും ഇ സഞ്ജീവനി സി.എഫ്.എല്‍.ടി.സി പരിശീലന പരിപാടികള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. സി.എഫ്.എല്‍.ടി.സികളില്‍ ഇന്റര്‍നെറ്റ് സൗകര്യവും ലാപ്‌ടോപ്/കംപ്യൂട്ടര്‍ ലഭ്യമാകുന്ന മുറയ്ക്ക് സേവനം ലഭ്യമാകും.
മാറിയ ആരോഗ്യ സംസ്‌കാരത്തിന്റെ പതാകവാഹകരാകാനും ആശുപത്രിസന്ദര്‍ശനങ്ങള്‍ പരമാവധി ഒഴിവാക്കാനും ഇ സഞ്ജീവനി സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.