Section

malabari-logo-mobile

ജനുവരി മുതൽ ഇ റേഷൻ കാർഡ് സംവിധാനം നടപ്പിലാക്കും: മന്ത്രി ജി ആർ അനിൽ

HIGHLIGHTS : E-ration card system to be implemented from January: Minister GR Anil

സംസ്ഥാനത്ത് ജനുവരി മാസം മുതൽ ഇ-റേഷൻ കാർഡ് സംവിധാനം നടപ്പിലാക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ.  പുതിയ സംവിധാനം നടപ്പിലാക്കുന്നതിലൂടെ ജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം ഉറപ്പു വരുത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ഭക്ഷ്യപൊതുവിതരണ വകുപ്പ് താൽക്കാലികമായി റദ്ദ് ചെയ്ത റേഷൻകടകൾ സംബന്ധിച്ച ഫയൽ തീർപ്പാക്കുന്നതുമായി ബന്ധപ്പെട്ട് തൃശ്ശൂർ ജില്ലയിൽ സംഘടിപ്പിച്ച അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഭക്ഷ്യ പൊതുവിതരണ സംവിധാനവുമായി ബന്ധപ്പെട്ട് മികച്ച പദ്ധതികളാണ് സർക്കാർ നടപ്പിലാക്കിവരുന്നതെന്ന് മന്ത്രി പറഞ്ഞു. സിവിൽ സപ്ലൈസ് വകുപ്പും ഇതിനോട് ചേർന്ന് കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു. വകുപ്പും വകുപ്പിലെ ജീവനക്കാരും ജനങ്ങളുമായി അടുത്ത് നിന്ന് അവർക്ക് വേണ്ട സേവനങ്ങൾ ഉറപ്പ് വരുത്തുന്നുണ്ട്. താലൂക്ക്, ജില്ലാ സപ്ലൈ ഓഫീസുകളിൽ ഏർപ്പെടുത്തിയ ഫ്രണ്ട് ഓഫീസ് സംവിധാനം വിവിധ പരാതികളുമായി ബന്ധപ്പെട്ട് എത്തുന്ന ജനങ്ങൾക്ക് ആശ്വാസമാവുകയാണെന്നും  മന്ത്രി കൂട്ടിചേർത്തു.
ഇ-റേഷൻ കാർഡ് സംവിധാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി തെളിമ പദ്ധതിയിലൂടെ  പൊതുജനങ്ങൾക്ക് റേഷൻ കടയുമായി ബന്ധപ്പെട്ട പരാതികളും മറ്റും നൽകുന്നതിന് അവസരമുണ്ട്. ജനങ്ങൾക്ക് റേഷൻ വിതരണവുമായി ബന്ധപ്പെട്ട  പരാതികൾ, ആവശ്യങ്ങൾ എന്നിവ അപേക്ഷയായി ഓരോ റേഷൻ കടയ്ക്ക് മുന്നിലും സ്ഥാപിച്ചിട്ടുള്ള ബോക്‌സുകളിൽ നിക്ഷേപിക്കാം. വിവിധ ആവശ്യങ്ങളുമായി താലൂക്ക്, ജില്ലാ സപ്ലൈ ഓഫീസുകളിൽ കയറി ഇറങ്ങുന്നത് ഒഴിവാക്കാൻ വകുപ്പ് ആവിഷ്‌ക്കരിച്ച പദ്ധതിയാണിത്. ലഭിക്കുന്ന പരാതികൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പരിശോധിക്കുകയും സത്വര പരിഹാരം കണ്ടെത്തുകയും ചെയ്യും.

sameeksha-malabarinews

ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ ഏഴാമത്തെ അദാലത്താണ് ജില്ലയിൽ സംഘടിപ്പിച്ചത്. അദാലത്തിൽ ഉത്തര മേഖല ഡെപ്യൂട്ടി കൺട്രോളർ ഓഫ് റേഷൻ കെ മനോജ് കുമാർ, സിവിൽ സപ്ലൈസ് കമ്മീഷണർ ഡി സജിത്ത് ബാബു, ജില്ലാ സപ്ലൈ ഓഫീസർ ടി അയ്യപ്പദാസ്, മന്ത്രിയുടെ അഡീഷണൽ പേഴ്‌സണൽ സെക്രട്ടറി നജ്മുദ്ദീൻ, താലൂക്ക് സപ്ലൈ ഓഫീസർമാർ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

അദാലത്തിൽ ആകെ 97 കേസുകളാണ് പരിഗണിച്ചത്. ഇതിൽ 37 എണ്ണത്തിൽ തീരുമാനമായി. 41 കേസുകൾക്ക് അനുബന്ധ നടപടിക്രമങ്ങൾക്കായി സമയം അനുവദിച്ചു. പുതിയ റേഷൻ കട അനുവദിക്കുന്നതിനായി 17 കേസുകളിൽ വിജ്ഞാപനം നൽകാൻ അനുമതിയായി. രണ്ട് കേസുകൾ വകുപ്പ് കമ്മീഷണറുടെ തീർപ്പിനായി മാറ്റിവെച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!