
പൊന്മള ഗ്രാമപഞ്ചായത്തില്‍ മഴക്കുഴി നിര്‍മ്മാണത്തിനിടയില്‍ സ്വര്‍ണനിധി കണ്ടെത്തി. വാര്‍ഡിലെ ദേശീയ തൊഴിലുറപ്പ് തൊഴിലാളികള്‍ മഴക്കുഴി നിര്‍മ്മിക്കുന്നതിനിടയിലാണ് നിധി കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരത്തോടെ കൂടിയാണ് പൊന്മള ഗ്രാമപഞ്ചായത്തിലെ മണ്ണയി സ്വദേശി പുഷ്പരാജിന്റെ വീട്ടുവളപ്പില്‍ നിന്നും തൊഴിലുറപ്പ് തൊഴിലാളികള്‍ സ്വര്‍ണ നിധി കണ്ടെത്തിയത്.
ഒന്നര അടി താഴ്ചയില്‍ പഴയ രൂപത്തിലുള്ള മണ്‍കലത്തിനുള്ളില്‍ ലോഹപ്പെട്ടിയില്‍ അടച്ച നിലയിലായിരുന്ന നിധി്. ചെമ്പില്‍ പൊതിഞ്ഞ നിലയിലാണ് നിധി കണ്ടെത്തിയത്. ഉടന്‍ തന്നെ തൊഴിലാളികള്‍ ഭു ഉടമയായ പുഷ്പരാജിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മുദ്രയുള്ള സ്വര്‍ണ നാണയങ്ങളും പുരാതന ലോഹവളയങ്ങളും ഉരുപിടികളുമാണ് അതില്‍ ഉള്ളതെന്ന് കണ്ടെത്തിയത്. ഇതോടെ വീട്ടുകാരും തൊഴിലുറപ്പ് തൊഴിലാളികളും പഞ്ചായത്ത്, പോലീസ്, വില്ലേജ് അധികൃതരെ വിവരം അറിയിച്ചു.
അധികൃതര്‍ സംഭവസ്ഥലത്തെത്തി പരിശോധിച്ച ശേഷം സ്വര്‍ണമാണെന്ന് സ്ഥിരീകരിച്ചു. പുരാതനകാലത്തെ ഉപേക്ഷിച്ച സ്വര്‍ണമാണ് ഇവ എന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം. ഏകദേശം പത്ത് പവനോളം വരുന്ന സ്വര്‍ണ്ണമാണ് കണ്ടെത്തിയത്.
ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ നിയമനടപടികള്‍ പൂര്‍ത്തീകരിച്ചശേഷം ലോഹപ്പെട്ടിയുള്‍പ്പെടെയുള്ള വസ്തുക്കള്‍ ഭൂവുടമ പുഷ്പരാജിന്റെ സാന്നിധ്യത്തില്‍ വില്ലേജ് ഓഫീസ് ജീവനക്കാര്‍ ബൈജു,റിയാസ് എന്നിവരുടെ നേതൃത്വത്തില്‍ ജില്ലാ സിവില്‍സ്റ്റേഷനിലെ ട്രഷറിയില്‍ ഏല്‍പ്പിച്ചു. ഇവ പരിശോധിച്ചശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പുരാവസ്തുവകുപ്പ് അറിയിച്ചു.




