ചലച്ചിത്ര നടന്‍ ദുല്‍ഖര്‍ സല്‍മാന് യു എ ഇ സര്‍ക്കാരിന്റെ ഗോള്‍ഡന്‍ വിസ ലഭിച്ചു. അബുദാബി സാംസ്‌കാരിക-വിനോദ സഞ്ചാര വകുപ്പാണ് ഗോള്‍ഡന്‍ വീസ നല്‍കിയത്.
വകുപ്പിന്റെ ആസ്ഥാന മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ അബുദാബി കള്‍ചര്‍ ആന്‍ഡ് ടൂറിസം സെക്രട്ടറി സഊദ് അബ്ദുല്‍ അസീസ് അല്‍ ഹൊസനിയില്‍ നിന്ന് ദുല്‍ഖര്‍ വീസ പതിച്ച പാസ്‌പോര്‍ട്ട് ഏറ്റുവാങ്ങി. ഡയറക്ടര്‍ അബ്ദുല്‍ അസീസ് അല്‍ ദോസരി, ടു ഫോര്‍ ഫിഫ്റ്റി ഫോര്‍ പ്രതിനിധി ബദറിയ്യ അല്‍ മസ്‌റൂയി, ലുലു ഗ്രൂപ്പ് ചെയര്‍മാനും അബുദാബി ചേംബര്‍ ഓഫ് കൊമേഴ്‌സ് വൈസ് ചെയര്‍മാനുമായ എം.എ.യൂസഫലി, ലുലു ഗ്രൂപ്പ് ഇന്റര്‍നാഷനല്‍ മാര്‍ക്കറ്റിങ് ആന്‍ഡ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ വി.നന്ദകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
മലയാള സിനിമാ വ്യവസായത്തെ അബുദാബി സ്വാഗതം ചെയ്യുന്നതായി സഊദ് അബ്ദുല്‍ അസീസ് അല്‍ ഹൊസനി പറഞ്ഞു. ഗോള്‍ഡന്‍ വീസ ലഭിച്ചതില്‍ ദുല്‍ഖറും സന്തോഷം പ്രകടിപ്പിച്ചു.
മലയാള സിനിമാ വ്യവസായത്തെ പ്രോത്സാഹിപ്പിക്കാനുള്ള അബുദാബി സര്‍ക്കാരിന്റെ തീരുമാനത്തെ ദുല്‍ഖര്‍ സല്‍മാന്‍ അഭിനന്ദിച്ചു. അബുദാബിയില്‍ തന്റെ സിനിമകളുടെ ചിത്രീകരണം ആലോചിക്കുമെന്നും ദുല്‍ഖര്‍ പറഞ്ഞു . നേരത്തെ മമ്മുട്ടി, മോഹന്‍ലാല്‍ , ടോവിനോ തോമസ് , പൃഥ്വിരാജ് എന്നിവര്‍ക്ക് യുഎഇ യുടെ ഗോള്‍ഡന്‍ വീസ ലഭിച്ചിരുന്നു.




