മൈസുരുവിലെ ഡ്രൈവിങ് ലൈസൻസ് കേരളത്തിലേക്ക് മാറ്റുന്നു, തിരൂരങ്ങാടി സബ് ആര്‍.ടി ഓഫീസ് കേന്ദ്രീകരിച്ച് വന്‍ തട്ടിപ്പ്

തിരൂരങ്ങാടി: തിരൂരങ്ങാടി സബ് ആര്‍.ടി ഓഫീസ് കേന്ദ്രീകരിച്ച് വൻ ഡ്രൈവിംഗ് ലൈസന്‍സ് തട്ടിപ്പ് റാക്കറ്റ് പ്രവർത്തിക്കുന്നതായി വിവരം. 2024-ലെ വ്യാജ ആര്‍.സി നിർമാണത്തിന് പുറമെയാണിപ്പോൾ ഉദ്യോഗസ്ഥർക്കെതിരെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്. ഇതോടെ, കേരളത്തിലും മൈസൂരിലുമുള്ള ഉദ്യോഗസ്ഥരും ഇടനിലക്കാരും ചേര്‍ന്നുള്ള വന്‍ തട്ടിപ്പുകൂടി പുറത്തു വന്നിരിക്കുകയാണ്.

മൈസൂരുവില്‍ നിന്നും ഡ്രൈവിങ് ടെസ്റ്റ് നടത്താതെ ഏജന്റുമാര്‍ മുഖേന ലൈസന്‍സ് തരപ്പെടുത്തി മേല്‍വിലാസവും ഒപ്പും ഫോട്ടോയും മാറ്റി കേരളത്തിലെ ലൈസന്‍സ് ആക്കി മാറ്റാന്‍ തിരൂരങ്ങാടിയിലെ മോട്ടര്‍ വാഹനവകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ കൂട്ടുനില്‍ക്കുന്ന വ്യക്തമായ തെളിവുകളാണിപ്പോൾ പുറത്തുവന്നിരിക്കുന്നത്.

മലപ്പുറം സ്വദേശി മുഹമ്മദ് ബഷീറിന് മൈസൂരു വെസ്റ്റ് ആര്‍.ടി.ഒ മൈസുരുവിലെ വിലാസത്തിൽ ഇഷ്യു ചെയ്ത ലൈസൻസിലൂടെയാണ് തട്ടിപ്പ് പുറത്തായത്. പ്രസ്തുത ലൈസൻസിൽ ജനനതിയ്യതിയും, ഫോട്ടോയും വേറെ ആളുടേതാണ്. 2025 ഡിസംബര്‍ 20-ന് ലഭിച്ച ലൈസൻസിലെ വിലാസവും ഒപ്പും മാറ്റുന്നതിന് 2025 ഡിസംബര്‍ 23-ന് തിരൂരങ്ങാടി സബ് ആര്‍.ടി.ഒ ഓഫീസില്‍ അപേക്ഷ നല്‍കി. 2025 ഡിസംബര്‍ 28-ന് തിരൂരങ്ങാടിയില്‍ നിന്നും മലപ്പുറത്തെ വിലാസത്തില്‍ പുതിയ ഫോട്ടോയും ഒപ്പുമുള്ള പുതിയ ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുകയും ചെയ്തു. ഇത്തരത്തിലുള്ള തട്ടിപ്പുകളാണ് നടക്കുന്നത്. തിരൂരങ്ങാടി സബ്.ആർ.ടി ഓഫീസിന് കീഴിൽ നൂറിലേറെ പേർക്ക് ഇത്തരത്തിൽ ലൈസൻസ് നൽകിയതായാണ് സംശയിക്കുന്നത്.

വിഷയത്തിൽ അന്വേഷണ വിധേയമായി രണ്ട് ഉദ്യോഗസ്ഥരെ സംസ്‌പെൻറ് ചെയ്തിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ കൂടുതൽ വിവിവരങ്ങൾ പുറത്തുവരുമെന്നാണ് സൂചന.
2024-ൽ നടന്ന വ്യാജ ആർ.സി നിർമാണ കേസിൽ ഏജന്റുമാരായ മൂന്നുപേരെ അറസ്റ്റ് ചെയ്‌തെങ്കിലും ഇതിനുവേണ്ടി സഹായിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തിരുന്നില്ലെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top