വാൽപ്പാറ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്കൂൾ ബസ് ഡ്രൈവർ മരിച്ചു

കോയമ്പത്തൂർ: തമിഴ്നാട് വാൽപ്പാറയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന നൗഷാദ് അലി അന്തരിച്ചു. ഇന്ന് പുലർച്ചെയായിരുന്നു മരണം. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം.

അപകടത്തിൽ പരിക്കേറ്റ മറ്റു മൂന്ന് പേർ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. കോയമ്പത്തൂർ മെഡിക്കൽ കോളേജിലുള്ള മുഹമ്മദ് ഫായിസിന്റെ ആരോഗ്യനില ഇപ്പോഴും അതീവ ഗുരുതരമായി തുടരുന്നു. ഇദ്ദേഹം തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്. അതേസമയം, കോയമ്പത്തൂരിൽ തന്നെയുള്ള സഹദിൻ മുഹമ്മദിന്റെ നിലയിൽ നേരിയ പുരോഗതിയുള്ളതിനാൽ വാർഡിലേക്ക് മാറ്റിയിട്ടുണ്ട്.

പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള മസ്നിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഇദ്ദേഹത്തെയും വാർഡിലേക്ക് മാറ്റിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് മലയാളി യുവാക്കൾ സഞ്ചരിച്ചിരുന്ന വാഹനം വാൽപ്പാറയിൽ അപകടത്തിൽപ്പെട്ടത്. നൗഷാദ് അലിയുടെ വിയോഗത്തോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം പത്തായി .

മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ഗവണ്മെന്‍റ് എൽപി സ്‌കൂളിൽ നിന്നുള്ള വിനോദയാത്രാ സംഘം സഞ്ചരിച്ച വാൻ വെള്ളിയാഴ്ച വൈകുന്നേരം 5.20ന് ആണ് വാൽപ്പാറ ചുരം റോഡിൽ 300 അടി താഴ്ചയിലേക്ക് മറിഞ്ഞത്. പൊള്ളാച്ചിയിൽ നിന്ന് 30 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായ സ്ഥലം. പെരിന്തൽമണ്ണയിൽനിന്ന് വാടകയ്ക്കെടുത്ത ടൂറിസ്റ്റ് വാനിലാണ് ഡ്രൈവർ ഉൾപ്പെടെ 13 പേർ യാത്ര പോയത്. ഏഴു സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടെ ഒൻപത് പേരാണ് അപകടത്തിൽ മരിച്ചത്. നാലുപേര്‍ക്കാണ് പരിക്കേറ്റത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top