
തൃശൂര്‍: തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ മരിച്ച നാല് പേരെ തിരിച്ചറിഞ്ഞതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഏഴ് മൃതദേഹങ്ങളും ഒന്‍പത് ശരീര ഭാഗങ്ങളുമാണ് ലഭിച്ചത്. ശരീരഭാഗങ്ങള്‍ ഒരാളുടേത് തന്നെയാണോ എന്ന് വ്യക്തമായിട്ടില്ല. ശരീരഭാഗങ്ങള്‍ തിരിച്ചറിയുന്നതിന് ഡിഎന്‍എ പരിശോധന നടത്തും. നാളെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്‌നോളയില്‍ നിന്നുള്ള വിദഗ്ധര്‍ എത്തി ഡിഎന്‍എ പരിശോധനയ്ക്കുള്ള സാമ്പിളുകള്‍ ശേഖരിക്കും. രണ്ട് മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വിട്ടുനല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
അപകടത്തില്‍ പതിമൂന്ന് പേര്‍ക്ക് പരിക്കേറ്റതായാണ് വിലയിരുത്തലെന്ന് മന്ത്രി പറഞ്ഞു. പത്ത് പേര്‍ ഐസിയുവില്‍ ഉണ്ട്. അതില്‍ അഞ്ച് പേര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. അവരില്‍ രണ്ട് പേര്‍ വെന്റിലേറ്ററിലാണ്. അഞ്ച് പേര്‍ക്ക് സാരമായ പരിക്കില്ല. എന്നാൽ പൊള്ളലുണ്ടെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം, എറണാകുളം മെഡിക്കല്‍ കോളേജുകളില്‍ നിന്നുള്ള വിദഗ്ധരെ മെഡിക്കല്‍ കോളേജില്‍ എത്തിക്കും.
രക്ഷാപ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തി. സ്ഫോടനവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തിട്ടുണ്ട്. തൃശൂര്‍ മെഡിക്കല്‍ കോളേജ് പൊലീസ് സ്വമേധയ ആണ് കേസെടുത്തത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




