ബസ്സില്‍ കയറും മുന്‍പ് ബസ് മുന്നോട്ട് എടുത്ത് വിദ്യാര്‍ത്ഥികള്‍ വീണ് പരിക്കേറ്റ സംഭവം: ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; കര്‍ശന നടപടികള്‍ക്ക് ശുപാര്‍ശ

തിരൂരങ്ങാടി: വിദ്യാര്‍ത്ഥികള്‍ ബസില്‍ കയറുന്നതിന് മുന്‍പ് ഡോര്‍ അടക്കാതെ ബസ് മുന്നോട്ടെടുത്തതിനെ തുടര്‍ന്ന് രണ്ട് വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസന്‍സ് ആറ് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ച (ജൂലൈ 14) കച്ചേരിപ്പടിയില്‍ നിന്ന് വേങ്ങര GVHSS-ലേക്ക് പോകാനായി KL 10AH 9558 നമ്പര്‍ സ്വകാര്യ ബസില്‍ കയറാന്‍ ശ്രമിക്കവേ, സഹോദരിമാരായ വിദ്യാര്‍ത്ഥിനികള്‍ക്കാണ് അപകടം സംഭവിച്ചത്.

ബസ് ഡ്രൈവര്‍ ഡോര്‍ അടക്കാതെ വാഹനം മുന്നോട്ടെടുത്തതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനികള്‍ വീണ് പരിക്കേല്‍ക്കുകയായിരുന്നു. ബഹളം വെച്ചിട്ടും ബസ് നിര്‍ത്താതെ മുന്നോട്ട് പോയി. പിന്നീട്, പിറകെ വന്ന ഓട്ടോ ഡ്രൈവര്‍ ബസ് തടഞ്ഞ് വിദ്യാര്‍ത്ഥിനികളെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, വേങ്ങര ആശുപത്രിക്ക് മുന്നിലെത്തിയപ്പോള്‍ വിദ്യാര്‍ത്ഥിനികള്‍ ബസ് നിര്‍ത്തണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ഡ്രൈവര്‍ നിര്‍ത്താതെ മോശമായി പെരുമാറി. തുടര്‍ന്ന്, വേങ്ങരയിലെ മറ്റൊരു സ്റ്റോപ്പില്‍ വിദ്യാര്‍ത്ഥിനികളെ ബസില്‍ നിന്ന് ഇറക്കിവിടുകയായിരുന്നു.

സംഭവത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനികള്‍ തിരൂരങ്ങാടി ജോയിന്റ് ആര്‍ടിഒ ഡി. വേണുകുമാറിന് പരാതി നല്‍കി. പരാതിയെ തുടര്‍ന്ന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ സി.എസ്. ജോര്‍ജ്, എച്ച്. രജീഷ്, എസ്. സതീഷ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍, ജീവനക്കാരുടെ ഭാഗത്ത് മനുഷ്യത്വരഹിതവും അലംഭാവപരവുമായ പെരുമാറ്റം ഉണ്ടായതായി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസന്‍സ് ആറ് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുകയും എടപ്പാള്‍ ഐഡിടിആറില്‍ അഞ്ച് ദിവസത്തെ പരിശീലന ക്ലാസില്‍ പങ്കെടുക്കണമെന്നും നിര്‍ദേശിച്ചു. കൂടാതെ, തിരിച്ചുവരുമ്പോള്‍ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും മോട്ടോര്‍ വാഹന വകുപ്പ് ഉത്തരവിട്ടു.

ബസിന്റെ പെര്‍മിറ്റ് റദ്ദാക്കുന്നതടക്കമുള്ള കര്‍ശന നടപടികള്‍ക്കായി തിരൂരങ്ങാടി ജോയിന്റ് ആര്‍ടിഒ ഡി വേണു കുമാര്‍ മലപ്പുറം ജില്ലാ ആര്‍ടിഒയ്ക്ക് ശുപാര്‍ശ നല്‍കി. വിദ്യാര്‍ത്ഥികളുടെ സുരക്ഷയില്‍ വീഴ്ച വരുത്തുന്ന ബസ്സുകള്‍ക്കെതിരെ കര്‍ശ നടപടിയെടുക്കുമെന്ന് ജോയിന്റ് ആര്‍ടിഒ പറഞ്ഞു. വിദ്യാര്‍ഥികളെ സ്വന്തം മക്കളെ പോലെ കാണാന്‍ ബസ് ജീവനക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top