തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ കുട്ടിക്ക് ചികില്‍സ നിഷേധിച്ച സംഭവം;ഡോക്ടര്‍ക്കെതിരെ ബാലാവകാശ കമ്മീഷന്‍.

തിരൂരങ്ങാടി: താലൂക്ക് ആശുപത്രിയില്‍ ഒരു വയസ്സുള്ള കുട്ടിക്ക് ചികില്‍സ നിഷേധിച്ച സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ ബാലാവകാശ കമ്മീഷന്‍. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ തന്റെ മുന്നില്‍ വേദനകൊണ്ട് വാവിട്ടു കരഞ്ഞ കുഞ്ഞിനോട് സഹാനുഭൂതി തോന്നാതിരുന്ന ഡോക്ടര്‍ രോഗികളോട് വളരെ നല്ല രീതിയില്‍ ഇടപഴകുന്ന ഭൂരിഭാഗം ഡോക്ടര്‍മാര്‍ക്കും അപമാനമാണെന്നും ഡോക്ടറുടെ പക്കല്‍നിന്നും ഗുരുതര ബാലാവകാശ ലംഘനം നടന്നതായും ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത്ലീഗ് പ്രസിഡന്റ് യു.എ റസാഖ് നല്‍കിയ പരാതിയില്‍ ബാലാവകാശ കമ്മീഷന്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങളാണ് പുറത്ത് വന്നത്. റിപ്പോര്‍ട്ട് തുടര്‍ നടപടികള്‍ക്കായി ആരോഗ്യ വകുപ്പ് ഡയറക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്നിവര്‍ക്ക് കൈമാറിയിട്ടുണ്ട്. 60 ദിവസത്തിനകം റിപ്പോര്‍ട്ടിലെ കാര്യങ്ങളില്‍ നടപടി സ്വീകരിച്ച് കമ്മീഷനെ അറിയിക്കണമെന്നും ഉത്തരവിലുണ്ട്.

2024 ഒക്ടോബര്‍ 08-ന് രാത്രിയില്‍ കൈവിരല്‍ വാതിലിനടിയില്‍ കുടുങ്ങി മുറിഞ്ഞു രക്തം വാര്‍ന്നെത്തിയ മൂന്നിയൂര്‍ ആലുങ്ങല്‍ സ്വദേശി മണക്കടവന്‍ ഷാഹുല്‍ ഹമീദ്- ഷക്കീല ദമ്പതികളുടെ മകന്‍ ഒരു വയസ്സുള്ള മുഹമ്മദ് ഷെഫിനാണ് ചികില്‍സ നിഷേധിച്ചത്. ഏറെ നേരെ അത്യാഹിത വിഭാഗത്തിലെ മുറിവ് കെട്ടുന്ന മുറിയില്‍ ഡോക്ടറെ കാത്തിരുന്നെങ്കിലും ഡോക്ടറെത്തിയില്ല. ഏറെ നേരത്തിന് ശേഷം പിടഞ്ഞു കരയുന്ന കുട്ടിയുടെ ദയനീയത കണ്ട് കുട്ടിയേ പരിശോധിക്കാന്‍ ആവശ്യപ്പെട്ട വേങ്ങര സ്വദേശിയ നൗഫലിനെതിരെ പൊലീസില്‍ പരാതി നല്‍കുകയും ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു.

കുട്ടിയുടെ മുറിവ് പച്ചക്ക് തുന്നുമെന്നെല്ലാം പറഞ്ഞ് കുട്ടിയുടെ രക്ഷിതാക്കളെ ഭയപ്പെടുത്തിയതോടെ ഏറെ സമയത്തിന് ശേഷം സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചാണ് ചികില്‍സ നടത്തിയത്. ഈ സംഭവത്തിലാണ് യൂത്ത്ലീഗ് ബാലാവകാശ കമ്മീഷന് പരാതി നല്‍കിയിരുന്നത്. സംഭവത്തില്‍ ആരോഗ്യ വകുപ്പ് ഡോ.സക്കീനയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിന്റെ ഫയല്‍ വിശദമായി പരിശോധിച്ചാണ് ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തെയ്യാറാക്കിയത്. എട്ട് പേജുള്ള റിപ്പോര്‍ട്ടില്‍ എല്ലാവരുടെയും മൊഴികളടക്കം രേഖപ്പെടുത്തിയിട്ടുണ്ട്.

കുട്ടിക്ക് കൃത്യസമയത്ത് ചികില്‍സ നല്‍കാന്‍ പലവിധ കാരണങ്ങളാല്‍ ഡോ.ഫെബ്നക്ക് കഴിഞ്ഞില്ല. ഇത് ഗുരുതരമായ ബാലാവകാശ ലംഘനമാണ്. രോഗികളായി മുന്നില്‍ വരുന്നവരോട് അത്യാവശ്യമുണ്ടാകേണ്ട സഹാനുഭൂതി തന്റെ മുന്നില്‍ മുറിവ് പറ്റി ഉറക്കെ കരഞ്ഞുകൊണ്ടിരിക്കുന്ന കുഞ്ഞിനോട് മുഹമ്മദ് നൗഫല്‍ എന്ന രക്ഷിതാവ് കാണിച്ച സഹാനുഭൂതി പോലും ഡോ.ഫെബ്ന കാണിച്ചില്ല. അത്രയെങ്കിലും കാണിച്ചിരുന്നെങ്കില്‍ രോഗി-ഡോക്ടര്‍ ബന്ധങ്ങള്‍ ഗുണമേന്മയുള്ളതും സര്‍ക്കാറിലൂടെ ലഭിക്കുന്ന ആതുര സേവനങ്ങള്‍ സാധാരണക്കാരായ രോഗികളുടെ ഉന്നമനത്തിന് സഹായകരവും ആകുമായിരുന്നുവെന്നും കമ്മീഷന്‍ വിലയിരുത്തി.
കമ്മീഷന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ തൃപ്തിയുണ്ടെന്നും രോഗികളോടുള്ള ചില ഡോക്ടര്‍മാരുടെ മനുഷ്യത്വ രഹിത സമീപനങ്ങളാണ് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ പ്രശ്നങ്ങള്‍ക്ക് കാരണമെന്നും യൂത്ത്ലീഗ് പ്രസിഡന്റ് യു.എ റസാഖ് പറഞ്ഞു.

ബാലാവകാശ കമ്മീഷന്റെ പ്രധാന നിര്‍ദ്ധേശങ്ങള്‍

1- ഗുണമേന്മയുള്ള ആരോഗ്യ പരിരക്ഷ കുട്ടികള്‍ക്ക് ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ആശുപത്രികളും ബാലാവകാശ സൗഹൃദമാക്കുക.
2- പരിക്ക് പറ്റി വരുന്ന കുട്ടികള്‍ക്ക് വേഗത്തില്‍ ചികില്‍സ ഉറപ്പാക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ധേശം നല്‍കുക.
3- ഭയം ഉണ്ടാക്കുന്ന രീതിയില്‍ കുട്ടികളോടും രക്ഷിതാക്കളോടും പെരുമാറുന്നത് സാക്ഷര സമൂഹത്തിന് ചേര്‍ന്നതല്ലെന്ന് മനസ്സിലാക്കി സഹാനുഭൂതിയോടെ പെരുമാറാനുള്ള മാര്‍ഗ്ഗ നിര്‍ദ്ധേശങ്ങള്‍ നല്‍കുക.
4- കുട്ടികളോട് ബാല സൗഹൃദപരമായ സമീപനം സ്വീകരിക്കുന്നതിനും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാനും ആരോഗ്യ പരിരക്ഷ സുരക്ഷിതവും സുതാര്യവുമാക്കുന്നതിനും ആരോഗ്യ പരിപാലന കേന്ദ്രങ്ങളില്‍ സി.സി.ടി.വി സ്ഥാപിക്കണം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top