Section

malabari-logo-mobile

റഫീഖ് മംഗലശ്ശേരി ഇ.കെ. അയമുവിനെ കണ്ടുമുട്ടുമ്പോള്‍…. ‘ജ്ജ് നല്ല മന്‌സനാകാന്‍ നോക്ക്’ പുനരാവിഷ്‌ക്കരിച്ച വേദിയില്‍ നിന്നും കരിവള്ളൂര്‍ മുരളിയെഴുതുന്നു

HIGHLIGHTS : ഏഴു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഏറനാട്ടില്‍ മതയാഥാസ്തികതയോട് പോരാടി മാനവിക, പുരോഗമന ചിന്തയുടെ വെളിച്ചം തെളിയിച്ച ഇ.കെ. അയമുവിന്റെ ‘ജ്ജ് നല്ല മ...

ഏഴു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഏറനാട്ടില്‍ മതയാഥാസ്തികതയോട് പോരാടി മാനവിക, പുരോഗമന ചിന്തയുടെ വെളിച്ചം തെളിയിച്ച ഇ.കെ. അയമുവിന്റെ ‘ജ്ജ് നല്ല മന്‌സനാകാന്‍ നോക്ക്’ എന്ന നാടകം നിലമ്പൂരില്‍ റഫീഖ് മംഗലശ്ശേരിയുടെ സംവിധാനത്തില്‍ പുനരാവിഷ്‌കരിക്കപ്പെട്ടപ്പോള്‍ അതിന് സാക്ഷിയായ കേരള സംഗീതനാടക അകാദമി സെക്രട്ടറിയും, കവിയും നാടകകൃത്തുമായ കരിവള്ളൂര്‍ മുരളിയുടെ  ഫേസ്ബുക്ക് കുറിപ്പാണ് ഇത്. ഈ നാടകം കാണാന്‍ വേദിയിലുണ്ടായിരുന്ന ആയിരങ്ങളുടെ മനസ്സില്‍ നിറഞ്ഞ ചിന്തകള്‍ പകര്‍ത്തിയ വരികള്‍ ഈ കുറിപ്പിനെ ഹൃദ്യമാക്കുന്നു. ജീവനും ജീവിതവും ഹോമിച്ച് ഇ.കെ. അയമു നടത്തിയ അരങ്ങിലെ സമരത്തിന്റെ തുടര്‍ച്ചയാണ് റഫീഖ് മംഗലശ്ശേരി സംവിധാനം ചെയ്ത് ഇകെ അയമു ട്രസ്റ്റിന്റെ നേതൃത്വത്തില്‍ വേദിയിലെത്തിച്ച ഈ നാടകമെന്ന് അദ്ദേഹം പറയുന്നു.


നിലമ്പൂരില്‍ മെയ് 19 ന്റെ ഇ.കെ. അയമു ദിനത്തില്‍ തീര്‍ത്തും അസാധാരണമായ ഒരു നാടകാവതരണത്തിനാണ് സദസ്സ് സാക്ഷികളായത്. ഒരേ വേദിയില്‍ ആയിരങ്ങള്‍ കണ്ട ഒരു നാടകം തൊട്ടടുത്ത ദിവസമായ ഇന്നും ജനങ്ങളുടെ നിര്‍ബ്ബന്ധത്തിന് വഴങ്ങി അവതരിപ്പിക്കേണ്ടി വരുന്നു എന്നതും അപൂര്‍വ്വവും അസാധാരണവുമാണ്. 1953 ലാണ് മത യാഥാസ്ഥിതിക ശക്തികളെ വിറ കൊള്ളിച്ച ഇ.കെ. അയമുവിന്റെ’ ജ്ജ് നല്ല മന്‌സനാകാന്‍ നോക്ക്’ എന്ന നാടകം നിലമ്പൂര്‍ യുവജന കലാസമിതിയുടെ നേതൃത്വത്തില്‍ ആദ്യമായി അവതരിപ്പിക്കുന്നത്. ഇ.കെ. അയമുവും കെ.ജി.ഉണ്ണീനും നിലമ്പൂര്‍ ബാലേട്ടനും നിലമ്പൂര്‍ ആയിഷാത്തയും എസ്.എ. ജമീലും ഉണ്ണിയേട്ടനും ഗോപാലകൃഷ്ണനുമെല്ലാം പങ്കാളികളായ അത് ഒരു നാടകം കളിയ്ക്കപ്പുറം ഒരു നാടക പ്പോരാട്ടമായിരുന്നു. മലയാളത്തിലെ ഒരു നാടകത്തിനും അതിനു മുമ്പും പിമ്പും നേരിടേണ്ടി വന്നിട്ടില്ലാത്ത കടന്നാക്രമണങ്ങളും തിരസ്‌ക്കാരങ്ങളും ആ നാടകത്തിന് നേരിടേണ്ടി വന്നു. കരിങ്കല്‍ച്ചീളുകള്‍ കൊണ്ടുള്ള കല്ലേറുകള്‍ മാതമല്ല ഒന്നിലധികം തവണ വെടിവെപ്പുകള്‍ പോലുമുണ്ടായി.’ ഞങ്ങള്‍ അരങ്ങില്‍ വന്ന് ഉച്ചരിച്ച ഡയലോഗുകളില്‍ കല്ലേറു കൊണ്ടു നെറ്റി പൊട്ടിയൊഴുകിയ ചോരയുടെ ഉപ്പുരസവും കലര്‍ന്നിരുന്നു’ വെന്ന് നിലമ്പൂര്‍ ആയിഷാത്ത സാക്ഷ്യം പറയുന്നത് ഈ നാടകത്തെക്കുറിച്ചാണ്. അമ്പതുകളില്‍ നിലനിന്നിരുന്ന സുന്നി വഹാബി തര്‍ക്കങ്ങളെ മുന്‍ നിര്‍ത്തി പാവപ്പെട്ടവരെ പരസ്പരം തമ്മിലടിപ്പിച്ച്, മത ശക്തികളുടെ കൂട്ടുപിടിച്ച് കര്‍ഷകരുടെയും തൊഴിലാളികളുടെയും ന്യായമായ അവകാശങ്ങള്‍ നിഷേധിക്കുന്ന പുതു മുതലാളിത്ത ശക്തികള്‍ക്കെതിരായി ആശയങ്ങളുടെ ഏറു പടക്കങ്ങളുമായാണ് ഇ.കെ. അയമുവിന്റെ ജ്ജ് നാടകത്തിന്റെ കടന്നുവരവ്. അതിന്റെ അവതരണം തടയാനും നാടകം മുടക്കാനും പരമാവധി ശ്രമിച്ചിട്ടും നടക്കതെ വന്നപ്പോഴാണ് നേരിട്ടുള്ള കടന്നാക്രമണങ്ങള്‍ക്ക് അവര്‍ ഒരുക്കം കൂട്ടിയത്.

sameeksha-malabarinews

അന്ന് കത്തി നിന്നിരുന്ന പല വിഷയങ്ങളെയും അപ്രസക്തമാക്കുന്ന മാറ്റങ്ങള്‍ ജീവിതത്തില്‍ വന്നു ചേര്‍ന്നിട്ടുണ്ട്. പക്ഷേ ഒരു വസ്തുത ശക്തിപ്പെടുകയാണ്. തൊഴിലാളികളുടെയും കര്‍ഷകരുടെയും നിലനില്‍പ്പിനു വേണ്ടിയുള്ള സമരങ്ങളെ ഛിന്നഭിന്നമാക്കാന്‍ മതത്തെയും ആചാരത്തെയും നിന്ദ്യമായി കൂട്ടുപിടിക്കുകയാണ് ഇപ്പോഴും ഹീന മത ശക്തികള്‍. ഒരു കലാസൃഷ്ടിക്ക് എത്രത്തോളം ജനകീയമായിത്തീരാന്‍ കഴിയുമോ അത്രത്തോളം ജനങ്ങളുടെ സ്വന്തമായിത്തീര്‍ന്നു അയമുവിന്റെയും സഖാക്കളുടെയും നാടകം. ഈ കാലത്തും മതത്തിന്റെ മറവില്‍ തുടരുന്ന ഹീനമായ ചൂഷണത്തെ തുറന്നു കാട്ടാന്‍ അരങ്ങിലുയര്‍ത്താവുന്ന പ്രതിരോധത്തിന്റെ ഉശിരന്‍ കോട്ടയാണ് ‘ജ്ജ് നല്ല മന്‌സനാകാന്‍ നോക്ക്.’. ഇ.കെ. അയമു ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ റഫീഖ് മംഗലശ്ശേരിയാണ് ആ ചരിത്ര ദൗത്യം നിര്‍വ്വഹിച്ചത്. റഫീഖിന്റെ നാടകങ്ങള്‍ എല്ലാ മത വര്‍ഗ്ഗീയ ശക്തികളെയും നിരന്തരം പ്രകോപിപ്പിച്ചു വരുന്നവയാണ്. വിട്ടുവീഴ്ച്ചയില്ലാത്ത നിലപാട് കൊണ്ട് നമ്മുടെ നാടക കലാകാരന്മാരില്‍ വര്‍ഗ്ഗീയ ശക്തികളുടെ നോട്ടപ്പുള്ളിയായി മാറിയ നാടകകൃത്തും സംവിധായകനുമാണ് റഫീഖ്. ഇ.കെ. അയമുവിന്റെ ധീര വിപ്ലവ പാരമ്പര്യത്തെ പുതിയ കാലത്തിനിണങ്ങുംവിധം വ്യാഖ്യാനത്തോടെ അവതരിപ്പിക്കുകയാണ് റഫീഖ് മംഗലശ്ശേരി.
സദസ്സിനെ ഒന്നങ്കം ഞെട്ടിക്കുന്ന ഒരു തുടക്കമാണ് നാടകത്തിനുള്ളത്. അമ്പതുകളിലെ ഒരു നാടക അനൗണ്‍സ്‌മെന്റ് ..നിലമ്പൂര്‍ യുവജന കലാസമിതിയുടെ കര്‍ട്ടന്‍ . ‘ആശിച്ച പോലെ നടക്കുല്ല.’ എന്ന പഴയ കെ ജി.ഉണ്ണീന്‍ എഴുതിയ പാട്ടു തന്നെ. കൊച്ചു പെണ്‍കുട്ടികളുടെ മനോഹരമായ നൃത്തം. അരങ്ങിലേക്ക് കത്തിയും വടിയുമായി അലറിക്കുതിക്കുന്ന ആള്‍ക്കൂട്ടം. പെട്ടെന്ന് നീളുന്ന ഒരു നാടന്‍ തോക്ക്. നടുക്കുന്ന വെടിയൊച്ച . സര്‍വ്വവും ഇരുട്ടിലാകുന്നു.
‘ഏറനാട്ടിലെ പതിമൂന്നുവയസ്സുള്ള ഒരു മുസ്ലീം പെണ്‍കുട്ടി അരങ്ങിലെത്തിയ ആദ്യ നാടകം. വെടിച്ചില്ലുകള്‍ക്കും കല്ലേറിനും അന്ന് പിന്തിരിപ്പിക്കാന്‍ കഴിയാത്ത ആ പെണ്‍കുട്ടി, ഇന്ന് നമ്മുടെ നാട്ടിന്റെ അഭിമാനമായ നിലമ്പൂര്‍ ആയിഷ ത്താത്ത ഇന്ന് ഈ സദസ്സിലുണ്ട്.’
എന്റെ തൊട്ടടുത്ത സീറ്റില്‍ ഓര്‍മ്മകളുടെ കുത്തൊഴുക്കില്‍ നില കിട്ടാതെ ആയിഷാത്ത ഇരിക്കുന്നു. നാടകവും ജീവിതവും ഒന്നായിത്തീരുന്നു. അരങ്ങും സദസ്സും അതിര്‍വരമ്പുകളില്ലാതെ ലയിക്കുന്നു.
അതിശക്തമാണ് റഫീഖ് മംഗലശ്ശേരിയുടെ ആഖ്യാന രീതി. സംഭാഷണങ്ങളിലൂടെ വികസിച്ചു വന്ന ഒരു നാടകത്തെ ദൃശ്യങ്ങളുടെ ഒരു സമാന്തര ഭാഷയിലൂടെ വളര്‍ത്തിയെടുത്തിരിക്കുന്നു. കിഴക്കന്‍ ഏറനാടിന്റെ മുസ്ലീം ജീവിതത്തിന്റെ ഹൃദയ രേഖകള്‍ ഈ നാടക ശരീരത്തിന്റെ ഞരമ്പുകളാണ്. പാട്ടും ചുവടുമെല്ലാം ഈ നാടക ശരീരത്തിന്റെ രക്തമാണ്. അപാരമായ അഭിനയ ശേഷിയാണ് തുടക്കക്കാരായ നടീ നടന്മാര്‍ ഇതില്‍ പ്രകടിപ്പിക്കുന്നത്. നിരന്തരമായ പരിശീലനത്തിലൂടെ അവര്‍ ആര്‍ജ്ജിച്ചെടുത്ത പാത്രാവിഷ്‌ക്കരണ വൈദഗ്ദ്ധ്യം ഈ നാടകം കണ്ടാല്‍ മാത്രമേ ബോദ്ധ്യപ്പെടുകയുള്ളൂ. നാടകത്തിനു വേണ്ടി സ്വയം സമര്‍പ്പിച്ച ജീവിതമാണ് റഫീഖ് മംഗലശ്ശേരിയുടേത്. ജീവനും ജീവിതവും ഹോമിച്ച് ഇ.കെ. അയമു നടത്തിയ അരങ്ങിലെ സമരത്തിന്റെ തുടര്‍ച്ചതന്നെയാണത്. ഇ.കെ. അയമു ട്രസ്റ്റിന് അഭിമാനിക്കാം. ഈ സാഹസികമായ പരിശ്രമം വന്‍ വിജയത്തിലെത്തിയിരിക്കുന്നു. ഇനി കേരളത്തിന്റെ മുഴുവന്‍ വേദികളിലും ഈ നാടകം എത്തിക്കണം. നാടകത്തിന്റെ പ്രസക്തി അപ്പോള്‍ നമുക്കു ബോദ്ധ്യമാകും. മുഴുവന്‍ മലയാളികളും കാണണം ഈ മികച്ച നാടകം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!