Section

malabari-logo-mobile

അരങ്ങിന്റെ കരുത്തറിഞ്ഞ് പുതുസ്ത്രീ സാന്നിധ്യം

HIGHLIGHTS : നാടകം അതിന്റെ ശക്തി വിളിച്ചറിയിച്ചുകൊണ്ട് ഒരു തിരിച്ചുവരവിന്റെ പാതയിലാണ്. അരങ്ങുകള്‍ നവോന്മേഷത്തോടെ ഉയിര്‍ത്തെഴുനേല്‍പ്പ് ആഘോഷിക്കുക തന്നെയാണെന്നും...

അഭിമുഖം;ശൈലജ പി അമ്പു

തയ്യാറാക്കിയത്;അന്‍സാരി ചുള്ളിപ്പാറ/ജനില്‍മിത്ര

sameeksha-malabarinews

shylaja 1 copyനാടകം അതിന്റെ ശക്തി വിളിച്ചറിയിച്ചുകൊണ്ട് ഒരു തിരിച്ചുവരവിന്റെ പാതയിലാണ്. അരങ്ങുകള്‍ നവോന്മേഷത്തോടെ ഉയിര്‍ത്തെഴുന്നേല്‍പ്പ് ആഘോഷിക്കുക തന്നെയാണെന്നും പറയാം. സജീവമാകുന്ന അമേച്വര്‍ പ്രൊഫഷനല്‍ നാടക മത്സരങ്ങള്‍ സ്‌കൂള്‍ നാടകമത്സരവേദികള്‍ക്ക് മുമ്പില്‍ തടിച്ചുകൂടുന്ന അഭൂതപൂര്‍വ്വമായ പ്രേക്ഷകരുടെ സാന്നിധ്യം, ദേശീയ അന്തര്‍ദേശീയനാടകോത്സവങ്ങളില്‍ കാണുന്ന ഗൗരവപൂര്‍വമായ പ്രേക്ഷക പങ്കാളിത്തം ഒക്കെ ഇതാണ് വ്യക്തമാക്കുന്നത്.

ഈ തിരിച്ചുവരവില്‍ മാറുന്ന ജീവിതവും കാലം ആവശ്യപ്പെടുന്ന രൂപ ഭാവ മാറ്റങ്ങളും പ്രതിഫലിക്കുന്നുണ്ട്. അരികുവല്‍ക്കരിക്കപ്പെട്ടവരും പ്രശ്‌നങ്ങളും നാടകത്തിന്റെ കേന്ദ്രസ്ഥാനത്തേക്ക് തള്ളിക്കയറുന്നു. സ്ത്രീകളുടെ കേവല സാന്നിധ്യത്തിനപ്പുറത്ത് അവര്‍ കര്‍തൃത്ത്വസാന്നിധ്യം വിളിച്ചറിയിച്ചുകൊണ്ടിരിക്കുന്നു.

shylaja 2 copy

മലയാള നാടകവേദിയിലെ സ്ത്രീകളുടെ പഴയനിരയില്‍ നിന്നും ഗുണപരമായ വ്യത്യാസം ഉള്‍ക്കൊള്ളുന്ന പുതുനിരയിലെ ശ്രദ്ധേയസാന്നിധ്യമാണ് ഷൈലജ പി അമ്പു.

സ്‌കൂള്‍ കോളേജ് പഠനകാലത്തുതന്നെ പുരോഗമനപ്രസ്ഥാനങ്ങളുടെ കലാജാഥകളിലും മറ്റും നാടകം അവതരിപ്പിച്ചുകൊണ്ടായിരുന്നു തുടക്കം. കടുംബത്തിന്റെയും സഖാക്കളുടെയും നിര്‍ലോഭ പിന്തുണലഭിച്ചിരുന്നു. അങ്ങനെയുള്ള അഭ്യുദയകാംക്ഷികളുടെ പ്രേരണയാലാണ് അഭിനയയുടെ നാടകപരിശീലനത്തില്‍ പങ്കെടുക്കുന്നത്. അതോടുകൂടി നാടകം അവരുടെ സവിശേഷ മേഖലയായി. മറ്റേത് മാധ്യമത്തേക്കാളും അവര്‍ നാടകത്തെ ഇഷ്ടപ്പെടുന്നു. നാടകം തരുന്ന സംതൃപ്തി വളരെ വലുതാണ്. നാടകത്തോട് മാത്രമെ നൂറുശതമാനം പ്രതിബദ്ധത പുലര്‍ത്താന്‍ കഴിയൂ എന്നവര്‍ പറയുന്നു. നാടകത്തിനു വേണ്ടി എത്ര സഹിക്കാനും സ്വയം സമര്‍പ്പിക്കാനും കഴിയുന്നു എന്നുതുതന്നെ അതിനു തെളിവ്.

സ്ത്രീ എന്ന നിലയില്‍ നാടകം വലിയസാധ്യത നല്‍കുന്നു. സ്ത്രീ ഏതു മേഖലയിലും പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. അതിനെക്കുറിച്ച് കോണ്‍ഷ്യസ് ആകാതിരിക്കുക. സധൈര്യം മുന്നോട്ട് പോകുക. നെഗറ്റീവ് അനുഭവങ്ങള്‍ ഉണ്ടാകും. എന്നാല്‍ നാടകരംഗത്ത് തുറന്നു സംസാരിക്കാന്‍ കഴിയുന്നു എന്നതാണ് ഗുണം. പ്രശ്‌നങ്ങള്‍ അലട്ടേണ്ടതില്ല. നാടകത്തിലൂടെ പ്രൂവ് ചെയ്യാന്‍ കഴിയുന്നുണ്ടല്ലൊ. മാത്രമല്ല സ്വന്തം ഐഡന്റിറ്റി എക്‌സ്പ്രസ്സ് ചെയ്യാന്‍ കഴിയുന്നു. സിനിമപോലുള്ള മറ്റ് മീഡിയങ്ങളേക്കാള്‍ ഇത് നല്‍കാന്‍ കഴിയുന്നത് നാടകത്തിലാണ്.shylaja 3 copy

ആറാമത് അന്തര്‍ദേശീയ നാടകോത്സവത്തില്‍ അവതരിപ്പിച്ച ‘ഇരകളോട് മാത്രമല്ല സംസാരിക്കേണ്ടത്’ എന്ന നാടകവും ഷൈലജയുടെ അഭിനയസാന്നിധ്യം കൊണ്ട് ശ്രദ്ധേയമാണ്. ഈ നാടകം അതില്‍ പങ്കാളികളായ തനിക്കും തന്റെ സഹപ്രവര്‍ത്തകരായ സ്ത്രീകള്‍ക്കും നല്‍കിയത് വല്ലാത്ത അനുഭവമായിരുന്നുവെന്ന് ഷൈലജപറയുന്നു.

സമൂഹത്തിലെ എല്ലാ സ്ത്രീകള്‍ക്കും നെഗറ്റീവ് അനുഭവങ്ങള്‍ ഉണ്ട്. നോട്ടം മുതല്‍ ബസിലും പൊതു സ്ഥലത്തും ജോലിസ്ഥലത്തും വീട്ടില്‍ ഭര്‍ത്താവില്‍ നിന്നു വരെ ഇതുണ്ട്. നാടകത്തില്‍ അഭിനയിച്ച മുഴുവന്‍ പേരുടെയും സ്വന്തം അനുഭവങ്ങളും സുഹൃത്തുക്കളില്‍ നിന്നും പരിചയക്കാരില്‍ നിന്നും ലഭിച്ച അനുഭവങ്ങളും ചേര്‍ന്നാണ് സ്‌ക്രിപ്പ്റ്റ് രൂപപ്പെട്ടത്.

നാടകം കണ്ട സ്ത്രീകള്‍ പലരും അടുത്തുവന്ന് കെട്ടിപ്പിടിച്ചു നിറകണ്ണുകളോടെയാണ് അഭിനന്ദിച്ചത്. പല സോഷ്യല്‍ വര്‍ക്കേഴ്‌സും വന്ന് പല അനുഭവങ്ങളും പങ്കുവെച്ചു. അവകൂടി നാടകത്തില്‍ കൂട്ടിച്ചേര്‍ക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. പുരുഷന്‍മാരും വളരെ ഹൃദയസ്പര്‍ശിയായ അഭിനന്ദനങ്ങളും അനുഭവങ്ങളും അറിയിച്ചു. മാത്രമല്ല നാടകം കണ്ടിട്ട് ഇന്നലെ ഉറങ്ങാന്‍ പറ്റിയില്ല, ഞങ്ങള്‍ മാറണം എന്നൊക്കെ ഫോണില്‍ വിളിച്ചു പറഞ്ഞ അനുഭവവും ഉണ്ട്.

നാടകഫെസ്റ്റിവലുകള്‍ നാടകത്തിന് ഇവിടെ ഒരിടം ഉണ്ടാക്കുന്നതിലും നല്ല നാടകങ്ങള്‍ക്ക് വേദിയൊരുക്കുന്നതിനും ഒക്കെ വളരെ സഹായകമാണ്. പ്രത്യേകിച്ച് ഇറ്റ്‌ഫോക്കിന് വളരെ പ്രാധാന്യമുണ്ട്. പോരായ്മകള്‍ ഉണ്ടാകാമെങ്കിലും നാടകത്തെയും പ്രേക്ഷകാഭിരുചിയേയും വികസിപ്പിക്കുന്നതിന് ഫെസ്റ്റിവലുകള്‍ വലിയ സഹായം തന്നെയാണ്.

shylaja 4 copyഷൈലജ അഭിനയിച്ച നാടകങ്ങള്‍ പലതും ദേശീയ ശ്രദ്ധനേടിയവയാണ്. തന്റെ അഭിനയമികവ് കൊണ്ട് തിലകം ചാര്‍ത്തിയ ജി. ശങ്കരപ്പിള്ളയുടെ രചനയായ സാം ജോര്‍ജ്ജ് സംവിധാനം ചെയ്ത ‘ ഏതോ ചിറകടിയൊച്ചകള്‍’ എന്ന നാടകം ഭാരത് രംഗ് മഹോത്സവ് 2013, സൂര്യഫെസ്റ്റിവല്‍, പി ആര്‍ ഡി ഫെസ്റ്റിവല്‍, കണ്ണൂര്‍ ലാവണ്യ തീയേറ്റര്‍ ഫെസ്റ്റിവല്‍, കേരള സംഗീത നാടക അക്കാദമിയുടെ ട്രാവലിംഗ് ഫെസ്റ്റിവല്‍ എന്നിവയില്‍ അവതരിപ്പിച്ച് പ്രേക്ഷകപ്രശംസ നേടിയിട്ടുള്ളതാണ്. ഭഗവദജ്ജുകം, സിദ്ധാര്‍ത്ഥ, ലെസ്സണ്‍, മത്സ്യഗന്ധി, കാലഭേദം എന്നീ നാടകങ്ങളും ഷൈലജയിലെ നടിയെ പ്രോജ്വലിപ്പിച്ചവയാണ്. നാടകപഠനത്തില്‍ കേന്ദ്രഗവണ്‍മെന്റിന്റെ സ്‌കോളര്‍ഷിപ്പ് നേടിയിട്ടുണ്ട്.

ട്രിവി ആര്‍ട്‌സ് കണ്‍സേണ്‍ഡാണ് കഴിഞ്ഞവര്‍ഷം ഇറ്റ്‌ഫോക്കില്‍ ‘മത്സ്യഗന്ധി’ അവതരിപ്പിച്ചത്. ഇപ്പോള്‍ സാം ജോര്‍ജ്ജുമായി ചേര്‍ന്ന് ഷൈലജ APT( A place for theatre performance and research) എന്നൊരു നാടകകൂട്ടായിമയ്ക്ക് രൂപം നല്‍കിയിട്ടുണ്ട്. പ്രശസ്ത ക്യുറേറ്ററായ ബന്ധുപ്രസാദിന്റെ ട്രിവി ആര്‍ട്ട് കണ്‍സേണ്‍ഡും അറിയപ്പെടുന്ന ലൈറ്റ് ഡിസൈനറായ ശ്രീകാന്ത് കാമിയോയും ആപ്റ്റും കൂടി ചേര്‍ന്ന് വിവിധ സാമൂഹിക പ്രശ്‌നങ്ങളില്‍ ഇടപെട്ട് പുതിയൊരു തിയേറ്റര്‍ സംസ്‌ക്കാരത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!