
കൊല്ലം: വന്ദനാദാസ് കൊലകേസില്‍ പ്രതി സന്ദീപിന് ജീവപര്യന്തം ശിക്ഷ. ജീവപര്യന്തം ശിക്ഷയും ഒരു ലക്ഷം രൂപ പിഴയും വിധിച്ചത്. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞിരിക്കുന്നത്. കോടതിയില്‍ കേസില്‍ എഴുപതില്‍ അധികം സാക്ഷികളെ വിസ്തരിച്ചിരുന്നു.
2023 മെയ് 10നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ കേസിനാസ്പദമായ സംഭവം നടക്കുന്നത്. ചികിത്സയ്ക്ക് കൊണ്ടുവന്ന രോഗിയായ സന്ദീപ് ഡോ. വന്ദനയെ ആക്രമിക്കുകയായിരുന്നു. അയല്‍വാസിയുമായുള്ള സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികിത്സയ്ക്കായി പൊലീസുകാര്‍ ആശുപത്രിയില്‍ എത്തിച്ചതായിരുന്നു കേസിലെ പ്രതിയായ സന്ദീപിനെ. പരിശോധനയ്ക്ക് പിന്നാലെ സന്ദീപ് പ്രകോപിതനാകുകയും ആശുപത്രിയില്‍ എത്തിച്ച അയല്‍വാസിയെ ആദ്യം ആക്രമിക്കുകയും തുടര്‍ന്ന് സ്ഥലത്തുണ്ടായിരുന്ന പൊലീസുകാരെയും ഡോക്ടര്‍ വന്ദനയെയും ആക്രമിക്കുകയായിരുന്നു. മേശപ്പുറത്തുണ്ടായിരുന്ന കത്രിക ഉപയോഗിച്ചാണ് വന്ദനയെ സന്ദീപ് ആക്രമിച്ചത്. കഴുത്തിലും മുതുകിലും അടക്കം വന്ദനയ്ക്ക് ആറോളം കുത്തുകളേറ്റു. വന്ദനയുടെ നിലവിളി കേട്ട് ഓടിയെത്തിയ പൊലീസും സഹപ്രവര്‍ത്തകരും ഏറെ പണിപ്പെട്ടാണ് പ്രതിയെ കീഴ്‌പ്പെടുത്തിയത്. നില ഗുരുതരമായിരുന്ന വന്ദനയെ ഉടന്‍ തന്നെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു.
ഈ സംഭവത്തിന് പിന്നാലെ സന്ദീപിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു.
പ്രതി ആക്രമണം നടത്തിയത് മനഃപൂര്‍വ്വമാണെന്നും പ്രതിക്ക് മാനസികരോഗ ലക്ഷണങ്ങളില്ലെന്നും വ്യക്തമാക്കുന്നതായിരുന്നു ഫോറന്‍സിക് റിപ്പോര്‍ട്ട്.




