
തിരുവനന്തപുരം: പ്രശസ്ത ഹൃദ്രോഗ വിദഗ്ധന്‍ ഡോ. എം.എസ്. വല്യത്താന്‍ അന്തരിച്ചു. 90 വയസായിരുന്നു. ഇന്നലെ രാത്രി മണിപ്പാല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്രീ ചിത്ര തിരുന്നാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയുടെ സ്ഥാപക ഡയറക്ടറുമായ അദ്ദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ആദ്യ ബാച്ച് വിദ്യാര്‍ത്ഥിയുമായിരുന്നു . മണിപ്പാല്‍ സര്‍വകലാശാലയുടെ ആദ്യ വി.സി. ആയിരുന്നു.
ഇന്ത്യയിലെ ആരോഗ്യ സാങ്കേതിക വിദ്യയ്ക്ക് നല്‍കിയ സംഭാവനകള്‍ക്ക് 2005ല്‍ രാജ്യം അദ്ദേഹത്തെ പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചു. 1999-ല്‍ ഫ്രഞ്ച് ഗവണ്‍മെന്റ് നല്‍കിയ ഓര്‍ഡ്രെ ഡെസ് പാംസ് അക്കാഡെമിക്‌സ് ബഹുമതി അദ്ദേഹത്തെ ഷെവലിയര്‍ ആക്കി. അന്താരാഷ്ട്ര മെഡിക്കല്‍ വിദ്യാഭ്യാസത്തിനുള്ള അദ്ദേഹത്തിന്റെ സംഭാവനകള്‍ക്ക് ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്സിറ്റി മെഡിക്കല്‍ സ്‌കൂളില്‍ നിന്ന് 2009-ല്‍ ഡോ. സാമുവല്‍ പി. ആസ്പര്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ് ലഭിച്ചു.
ഇന്ത്യന്‍ നാഷണല്‍ സയന്‍സ് അക്കാദമിയുടെ മുന്‍ പ്രസിഡന്റും ഇന്ത്യാ ഗവണ്‍മെന്റിന്റെ നാഷണല്‍ റിസര്‍ച്ച് പ്രൊഫസറുമായിരുന്നു. ജോര്‍ജ്ജ്ടൗണ്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിന്റെ ഫാക്കല്‍റ്റിയില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ശ്രീ ചിത്ര തിരുന്നാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയുടെ ഡയറക്ടര്‍ തുടങ്ങിയ നിലകളില്‍ സേവനമനുഷ്ഠിച്ചു. തുടര്‍ന്ന് 1994 ല്‍ മണിപ്പാല്‍ സര്‍വകലാശാലയുടെ ആദ്യത്തെ വൈസ് ചാന്‍സലറായി. ഡോ. എം എസ് വല്യത്താന്റെ നേതൃത്വത്തിലാണ് ശ്രീചിത്രയിലെ ബയോമെഡിക്കല്‍ വിഭാഗത്തില്‍ ആദ്യമായി ഹൃദയവാല്‍വ് നിര്‍മ്മിച്ചത്. അലോപ്പതിക്കൊപ്പം ആയുര്‍വേദവും അദ്ദേഹം പഠിച്ചിരുന്നു. ആയുര്‍വേദ ബയോളജി എന്ന ചിന്തയ്ക്കും ഡോ. വല്യത്താന്‍ തുടക്കമിട്ടിരുന്നു.
മാവേലിക്കര സ്വദേശിയാണ്. പത്‌നി: അഷിമ. മന്നാ, മനീഷ് എന്നിവരാണ് മക്കള്‍.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




