ഇരട്ടക്കൊലപാതകം; പാലക്കാട്ട് നാളെ സര്‍വ്വകക്ഷി യോഗം

പാലക്കാട്: 24 മണിക്കൂറിനിടെയുണ്ടായ രണ്ട് കൊലപാതകങ്ങളുടെ നടുക്കത്തിലാണ് പാലക്കാട് ജില്ല. നാളെ വൈകീട്ട് 3.30 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സര്‍വ്വകക്ഷി യോഗം ചേരുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചിട്ടുണ്ട്. മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ ഇരു വിഭാഗവും പങ്കെടുക്കണമെന്ന് കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.

കഴിഞ്ഞ ദിവസം ഉണ്ടായ കൊലപാതകങ്ങളില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. രണ്ടു കേസുകളിലേയും
മുഴുവന്‍ പ്രതികളേയും ഉടന്‍ തന്നെ പിടികൂടും. കൊലപാതകങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചിരുന്നു. ശക്തമായ നടപടിയെടുക്കാനാണ് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പുതിയ ഫോഴ്‌സിനേയും പാലക്കാട്ടേക്ക് അയച്ചിട്ടുണ്ട്. ജീവനാണ് നമുക്ക് രക്ഷിക്കേണ്ടത്. പോലീസ് ശക്തമായ അടിച്ചമര്‍ത്തല്‍ സ്വഭാവത്തോടു കൂടി നീങ്ങണം. അതിന് ബലം പ്രയോഗിക്കേണ്ടിവരും. ഇതിന്റെ വേര് എവിടെയാണെന്ന് കണ്ടുപിടിച്ച് അവരെ പിടിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

പോപ്പുലര്‍ ഫ്രണ്ട്, ആര്‍എസ്എസ് അനുഭാവികളാണ് ഒരു ദിവസത്തിന്റെ ഇടവേളയില്‍ കൊല്ലപ്പെട്ടത്. തുടരെ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്ന ജില്ലയില്‍ ക്രമ സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. കൊലപാതകങ്ങളെ തുടര്‍ന്ന് പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്നും തുടരും.

ക്രമസമാധാന ചുമതലയുള്ള അഡീഷണല്‍ ഡിജിപി വിജയ് സാഖറെ പങ്കെടുക്കുന്ന ഉന്നത തല യോഗം പാലക്കാട് പുരോഗമിക്കുകയാണ്. ഐജി, എസ്പി അടക്കമുള്ളവര്‍ പങ്കെടുക്കുന്ന യോഗത്തില്‍ അന്വേഷണ പുരോഗതിയും ജില്ലയിലെ ക്രമസമാധാനവും ചര്‍ച്ചയാകും.

Share news
error: Content is protected !!
Scroll to Top