ഇടുക്കി: കട്ടപ്പനയില്‍ നവ ജാത ശിശുവടക്കം രണ്ടു പേരെ കൊലപ്പെടുത്തി കുഴിച്ചു മൂടിയെന്ന കേസിലെ പ്രതി നിതീഷ് തന്നെയാണെന്ന് സ്ഥിരീകരിച്ച് പൊലീസ്. ചോദ്യം ചെയ്യലില്‍ നവ ജാത ശിശുവടക്കം രണ്ടു പേരെ കൊലപ്പെടുത്തി കുഴിച്ചു മൂടിയതാണെന്ന് പ്രതി നിതീഷ് കുറ്റ സമ്മതം നടത്തി. ഇതേത്തുടര്‍ന്ന് നിതീഷിനെതിരെ രണ്ടു കേസുകള്‍ കൂടി പൊലീസ് രജിസ്റ്റര്‍ ചെയ്തു. കോടതിയില്‍ ഹാജരാക്കി വീണ്ടും കസ്റ്റഡിയില്‍ വാങ്ങിയ ശേഷം കക്കാട്ടുകടയിലെ വീട്ടിലെത്തിച്ച് തെളിവടുപ്പ് നടത്തും.
കട്ടപ്പനയിലെ മോഷണക്കേസുമായി ബന്ധപ്പെട്ട് റിമാന്‍ഡിലായിരുന്ന നിതീഷിനെ ഉച്ചക്കാണ് പൊലീസിന് കസ്റ്റഡിയില്‍ വിട്ടു കിട്ടിയത്. തുടര്‍ന്ന് ഇടുക്കി എസ് പി യുടെ നേതൃത്വത്തില്‍ വിശദമായി ചോദ്യം ചെയ്തു. ഇതിലാണ് മോഷണക്കേസില്‍ ഒപ്പം പിടിയിലായ വിഷ്ണുവിന്റെ അച്ഛന്‍ വിജയനെയും വിഷ്ണുവിന്റെ സഹോദരിയുടെയും നിതീഷിന്റെയും നവജാത ശിശുവിനെയും കൊലപ്പെടുത്തിയതെന്ന് സമ്മതിച്ചത്. വിജയനെ കക്കാട്ടുകടയില്‍ ഇവര്‍ താമസിച്ചിരുന്ന വീട്ടിനുള്ളില്‍ കുഴിച്ചിട്ടതായാണ് നിതീഷ് പറഞ്ഞിരിക്കുന്നത്. നവജാത ശിശുവിനെ മുമ്പ് താമസിച്ചിരുന്ന സാഗര ജംഗ്ഷനിലുള്ള വീടിനു സമീപം കുഴിച്ചിട്ടിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.
2016ലാണ് ശിശുവിനെ കൊലപ്പെടുത്തിയത്. ഒട്ടേറെ ദുരൂഹതകള്‍ നിറഞ്ഞതാണ് ഇവര്‍ താമസിച്ചിരുന്ന വീട്. വീട്ടിലുണ്ടായിരുന്ന വിഷ്ണുവിന്റെ അമ്മയെയും സഹോദരിയെയും അയല്‍വാസികളാരും തന്നെ പുറത്ത് കണ്ടിട്ടില്ല.നവജാത ശിശുവിന്റെ കൊലപാതകത്തില്‍ വിജയനും പങ്കുണ്ടെന്നാണ് നിതീഷ് പൊലീസിനോട് പറഞ്ഞത്. ആറുമാസം മുമ്പാണ് വിജയനെ കൊലപ്പെടുത്തിയത്. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള വിഷ്ണുവിനെയും പിന്നീട് കസ്റ്റഡിയില്‍ വാങ്ങും. ഫൊറന്‍സിക് സംഘത്തിന്റെയും ആര്‍ഡിഒയുടെയും സാന്നിധ്യത്തില്‍ ഇവര്‍ താമസിച്ചിരുന്ന കക്കാട്ടുകടയിലെ വീടിന്റെ തറ കുഴിച്ച് പരിശോധന നടത്തും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




