കുറവന്‍കോണത്തെ വീട്ടില്‍ അതിക്രമം കാണിച്ച കേസില്‍ അറസ്റ്റ്. മലയിന്‍കീഴ് മഞ്ചയില്‍ സ്വദേശി സന്തോഷ് കുമാര്‍ (39) ആണ് അറസ്റ്റിലായത്. നിലവില്‍ മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവറാണ് സന്തോഷ് കുമാര്‍. 10 വര്‍ഷമായി ഇയാള്‍ ഇറിഗേഷന്‍ വകുപ്പില്‍ താല്‍ക്കാലിക ഡ്രൈവറാണ്. അതിക്രമിച്ചു കയറല്‍, മോഷണ ശ്രമം എന്നിവ കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
തിരുവനന്തപുരം മ്യൂസിയത്ത് വനിതാ ഡോക്ടറോട് ലൈംഗിക അതിക്രമം നടത്തിയതും മന്ത്രി റോഷി അഗസ്റ്റിന്റെ പിഎസിന്റെ ഡ്രൈവറെന്ന് സംശയം. കുറവന്‍കോണത്തെ സംഭവത്തില്‍ ഇന്നലെ അറസ്റ്റിലായ മലയിന്‍കീഴ് സ്വദേശി സന്തോഷിനെ ഇന്ന് വിശദമായി ചോദ്യം ചെയ്യും. പ്രതിയെ തിരിച്ചറിയലിനായി പൊലീസ് വനിതാ ഡോക്ടറെ വിളിച്ചുവരുത്തും. ഡോക്ടറുടെ മൊഴിയുടെ കൂടി അടിസ്ഥാനത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്‌തേക്കും. കഴിഞ്ഞ ബുധനാഴ്ചയാണ് മ്യൂസിയം വളപ്പില്‍ നടക്കാനിറങ്ങിയ വനിതാ ഡോക്ടറോട് മോശമായി പെരുമാറിയത്.
ഇറിഗേഷന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പേരിലുളള വാഹനമാണ് ഓടിച്ചിരുന്നത്. സര്‍ക്കാര്‍ ബോര്‍ഡ് പതിച്ച ഈ വാഹനത്തിന്റെ ദ്യശ്യങ്ങളാണ് പ്രതിയിലേക്ക് എത്തിച്ചത്.
കഴിഞ്ഞ ചൊവ്വാഴ്ച്ച രാത്രി അര്‍ദ്ധരാത്രി 11.30 നാണ് കുറവന്‍കോണത്തെ വീട്ടില്‍ അജ്ഞാതന്‍ കയറാന്‍ ശ്രമിച്ചത്. തിരികെപ്പോയി വീണ്ടുമെത്തിയ ശേഷമാണ് വീടിന്റെ മുകള്‍നിലയിലേക്കുള്ള ഗേറ്റിന്റെയും മുകള്‍നിലയിലെ ഗ്രില്ലിന്റെയും പൂട്ടുതകര്‍ത്തത്. ജനലും തകര്‍ക്കാന്‍ ശ്രമിച്ചു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ വെളുപ്പിന് മൂന്നര വരെ ഇയാള്‍ ഇവിടെ തന്നെയുണ്ടായിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസവും ഇയാള്‍ ഈ വീട്ടിലെത്തിയിരുന്നു. എന്നാല്‍ മുഖം മറച്ചായിരുന്നു രണ്ടാമത്തെ വരവ്. നേരത്തെ മ്യൂസിയത്തിലും കുറവന്‍കോണത്തും അക്രമം നടത്തിയത് ഒരാളല്ലെന്ന് പൊലീസ് പ്രതികരിച്ചിരുന്നു. രണ്ട് പേരുടേയും ശരീരഘടനയില്‍ വ്യത്യാസമുണ്ടെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.
മ്യൂസിയത്ത് സ്ത്രീയെ ആക്രമിച്ചയാള്‍ക്ക് നല്ല ശാരീരിക ക്ഷമതയുണ്ടെന്നും. കുറവന്‍കോണത്ത് വീട്ടില്‍ കയറിയ ആള്‍ക്ക് പരാതിക്കാരിയുടെ മൊഴിയുമായി രൂപസാദൃശ്യമില്ലെന്നുമാണ് പൊലീസ് പറഞ്ഞത്. കുറവന്‍കോണത്ത് പ്രതി വീട്ടില്‍ കയറിയതിന് മണിക്കൂറുകള്‍ക്ക് പിന്നാലെയാണ് മ്യൂസിയം പരിസരത്ത് യുവതിക്ക് നേരെ ആക്രമണം നടന്നത്. ഇതോടെയാണ് രണ്ട് സംഭവങ്ങളിലെയും പ്രതി ഒരാള്‍ തന്നെയാണോയെന്ന സംശയം ഉയര്‍ന്നത്.




