Section

malabari-logo-mobile

ദോഹയില്‍ പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും വില കുറയുന്നു

HIGHLIGHTS : ദോഹ: ഈദുല്‍ ഫിത്വറിന് ശേഷമുള്ള ദിനങ്ങളില്‍ പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും വില കുറയുന്നു. വരും ആഴ്ചകളിലും വില കുറയല്‍ പ്രവണത തുടരുമെന്നാണ്

images (5)ദോഹ: ഈദുല്‍ ഫിത്വറിന് ശേഷമുള്ള ദിനങ്ങളില്‍ പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും വില കുറയുന്നു. വരും ആഴ്ചകളിലും വില കുറയല്‍ പ്രവണത തുടരുമെന്നാണ് കച്ചവടക്കാരില്‍ നിന്നും ലഭിക്കുന്ന വിവരം.

ജോര്‍ദാന്‍, സഊദി അറേബ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും കൂടുതല്‍ പഴങ്ങളുടേയും പച്ചക്കറികളുടേയും വരവ് വര്‍ധിച്ചതാണ് വില കുറയാന്‍ കാരണമെന്ന് കച്ചവടക്കാര്‍ പറഞ്ഞതായി ഇംഗ്ലീഷ് ദിനപത്രം ദി പെനിന്‍സുല റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം വില കുറയാന്‍ കാരണം സാധനങ്ങള്‍ വലിയ തോതില്‍ കമ്പോളത്തില്‍ എത്തിച്ചേര്‍ന്നതാണ്. കഴിഞ്ഞ വര്‍ഷം ഈദുല്‍ ഫിത്വറിന് ശേഷമുള്ള ദിനങ്ങളില്‍ കുറഞ്ഞ അളവിലാണ് പഴങ്ങളും പച്ചക്കറികളും അയല്‍ രാജ്യങ്ങളില്‍ നിന്നും ഖത്തറിലെത്തിയത്. അതുകൊണ്ട് വിലയില്‍ ഗണ്യമായ വര്‍ധനവുണ്ടായിരുന്നതായും പത്രം പറയുന്നു.

sameeksha-malabarinews

നാളെ മുതല്‍ വിലയില്‍ ഇനിയും കുറവുണ്ടാകുമെന്നാണ് കച്ചവടക്കാര്‍ പ്രതീക്ഷിക്കുന്നത്. ഈദ് അവധി കഴിയുന്നതിനാല്‍ അബു സംറ അതിര്‍ത്തി ചെക്ക് പോസ്റ്റില്‍ ചരക്ക് ഗതാഗതം വേഗത്തില്‍ നടക്കുമെന്നും കൂടുതല്‍ പഴങ്ങളും പച്ചക്കറികളും എത്തിച്ചേരുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. ഇത് വിലക്കുറവിന് ഇടയാക്കും.

സാധാരണഗതിയില്‍ ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും ഖത്തറില്‍ വില കുറയാറുള്ളത്. പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന പഴങ്ങളും പച്ചക്കറികളും കൂടുതല്‍ കമ്പോളത്തില്‍ എത്തിച്ചേരുന്നതുകൊണ്ടാണ് ഈ മാസങ്ങളില്‍ വിലക്കുറവിന് കാരണമാകുന്നത്.

ഈദ് ദിനങ്ങളില്‍ പച്ചക്കറികള്‍ക്ക് നേരിയ വില വര്‍ധനവുണ്ടായിരുന്നതായി കച്ചവടക്കാര്‍ പറയുന്നു. അബു സംറ അതിര്‍ത്തി ചെക്ക് പോസ്റ്റില്‍ ഉദ്യോഗസ്ഥരുടെ എണ്ണം കുറവായതിനാല്‍ ചരക്ക് നീക്കത്തിലുണ്ടായ വേഗതക്കുറവാണ് വില നേരിയ തോതില്‍ വര്‍ധിക്കാന്‍ കാരണമായത്.

കഴിഞ്ഞ വര്‍ഷം 45 റിയാലിന് വിറ്റ എട്ട് കിലോ വരുന്ന ഒരു പെട്ടി തക്കാളിക്ക് ഈ വര്‍ഷം 21 റിയാലാണ് സെന്‍ട്രല്‍ മാര്‍ക്കറ്റിലെ വില. ഇതേ അളവിലുള്ള കക്കിരിക്ക് കഴിഞ്ഞ വര്‍ഷം 40 റിയാല്‍ വില ഈടാക്കിയിരുന്നത് ഈ വര്‍ഷം 30 റിയാലിനാണ് വില്‍ക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 35 റിയാല്‍ വിലയുണ്ടായിരുന്ന വഴുതനയ്ക്ക് ഈ വര്‍ഷം 28 റിയാലാണ് വില ഈടാക്കുന്നത്. ഒരു പെട്ടി കാപ്‌സിക്കം 39 റിയാലിന് വിറ്റിരുന്നത് ഇപ്പോള്‍ 34 റിയാലാണ് വിലയിട്ടിരിക്കുന്നത്.

ചെറുകിട കച്ചവടക്കാര്‍ കഴിഞ്ഞ വര്‍ഷം കിലോയ്ക്ക് അഞ്ച് റിയാലിന് വിറ്റിരുന്ന തക്കാളിക്ക് ഈ വര്‍ഷം മൂന്ന് റിയാലാണ് വിലയുള്ളത്. ആറര റിയാലിന് വിറ്റ കക്കിരിക്ക് അഞ്ചര റിയാലും വ്യത്യസ്ത ഇനങ്ങള്‍ക്കനുസരിച്ച് ആറു മുതല്‍ 12 റിയാല്‍ വരെ വിലയുണ്ടായിരുന്ന ബീന്‍സ് ആറു മുതല്‍ എട്ടു വരെ റിയാലിനുമാണ് വില്‍പ്പന നടത്തുന്നത്.

പച്ചക്കറി ഇനങ്ങള്‍ക്ക് വില കുറഞ്ഞിട്ടുണ്ടെങ്കിലും മത്സ്യ ഇനങ്ങളുടെ വില കുതിച്ചുയരുകയാണ്.

ചൂട് കൂടിയതിനെ തുടര്‍ന്ന് മീനുകള്‍ ആഴക്കടലിലേക്ക് പോകുന്നതിനാല്‍ മീന്‍ പിടുത്തക്കാര്‍ക്ക് കുറഞ്ഞ അളവില്‍ മാത്രമേ ലഭിക്കുന്നുള്ളു. അതുകൊണ്ടുതന്നെ വിലയും കൂടുതലാണ്. ഒരു കിലോ ഹമൂറിന് ഇപ്പോള്‍ 75 റിയാലിലേറെയാണ് ഉപഭോക്താവ് നല്‌കേണ്ടി വരുന്നത്. മാര്‍ച്ച് മാസത്തില്‍ 35 റിയാലായിരുന്നു ഹമൂറിന് ഉണ്ടായിരുന്നത്. ഏപ്രില്‍ മാസത്തില്‍ ഒന്‍പത് റിയാലിന് വിറ്റിരുന്ന ഷെറിയ്ക്ക് ഇപ്പോള്‍ 12 റിയാലും റബീബ് മത്സ്യത്തിന് 18ല്‍ നിന്നും 25ലേക്കുമാണ് വിലക്കയറ്റമുണ്ടായിരിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!