Section

malabari-logo-mobile

സ്‌പോണ്‍സറുടെ ക്രൂരമര്‍ദ്ദനം;മലയാളി യുവാവ്‌ ഇന്ത്യന്‍ എംബസിയില്‍ അഭയം തേടി

HIGHLIGHTS : ദോഹ: സ്‌പോണ്‍സറുടെയും ബന്ധുവിന്റേയും നിരന്തര മര്‍ദ്ദനവും ക്രൂരമായ ഇടപെടലും സഹിക്കാനാവാതെ മലയാളി യുവാവ് ഇന്ത്യന്‍ എംബസിയില്‍

dohaദോഹ: സ്‌പോണ്‍സറുടെയും ബന്ധുവിന്റേയും നിരന്തര മര്‍ദ്ദനവും ക്രൂരമായ ഇടപെടലും സഹിക്കാനാവാതെ മലയാളി യുവാവ് ഇന്ത്യന്‍ എംബസിയില്‍ അഭയം തേടിയെത്തി. പാലക്കാട് കള്ളിക്കാട് സ്വദേശിയായ നജീബ് ഹിലാനി (23) ആണ്  കര്‍ത്തിയാത്തിലെ സ്‌പോണ്‍സറുടെ വീട്ടില്‍ നിന്ന് ഒളിച്ചോടി ഇന്ത്യന്‍ എംബസിയില്‍ പരാതിയുമായെത്തിയത്. പാലക്കാട് ജില്ലാ കെ എം സി സിയാണ് ഇന്ത്യന്‍ എംബസിയിലെത്താന്‍  സാഹചര്യമുണ്ടാക്കിയതെന്നും സ്‌പോണ്‍സറായ സ്വദേശി വനിതയുടെ മര്‍ദ്ദനവും ഭക്ഷണം നല്കാത്തതും ഉള്‍പ്പെടെ ക്രൂരമായ ഇടപെടലും സഹിക്കാനാവാതെയാണ് വീട് വിട്ടിറങ്ങേണ്ടി വന്നതെന്നും നജീബ് ഹിലാനി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
2014 ഏപ്രിലിലാണ് നജീബ് സ്വദേശി വനിതയുടെ വീട്ടില്‍ ഡ്രൈവര്‍ ജോലിക്കായി എത്തിയത്. ആദ്യ ദിനങ്ങളില്‍ തന്നെ മോശമായി പെരുമാറിയ സ്‌പോണ്‍സര്‍ ക്രൂരമായാണ് ഇടപെട്ടിരുന്നതെന്നും ഭക്ഷണം വരെ മുഖത്തെറിഞ്ഞ അനുഭവമുണ്ടായെന്നും നജീബ് വ്യക്തമാക്കി. മാത്രമല്ല ഇവരുടെ സഹോദരനും മര്‍ദ്ദിച്ചിരുന്നു. നിസ്സാര കാര്യങ്ങള്‍ക്ക് പരാതി പറഞ്ഞ് എല്ലാ ദിവസവും കലഹിക്കുകയും അസഭ്യം പറയുകയും ചെയ്യുന്ന ഇവര്‍ അഞ്ച് മാസമായി ശമ്പളം നല്‍കിയിട്ടില്ലെന്നും ഇന്ത്യന്‍ എംബസിയില്‍ നല്‍കിയ പരാതിയില്‍ വിശദീകരിക്കുന്നു.
ഇതിനിടെ തന്റെ ദയനീയ സാഹചര്യം മുതലെടുത്ത് മറ്റൊരു മലയാളി പണം വാങ്ങി കബളിപ്പിച്ചതായും യുവാവ് പരാതിപ്പെട്ടു. സ്വദേശിയുടെ വീട്ടിലെ പ്രയാസകരമായ ചുറ്റുപാടിനെക്കുറിച്ച് യാത്രക്കിടെ പരിചയപ്പെട്ട പാലക്കാട് സ്വദേശിയുമായി ആശയ വിനിമയം നടത്തിയ നജീബിനെ സഹായിക്കാമെന്ന് അദ്ദേഹം വാഗ്ദാനം നല്‍കുകയായിരുന്നു. നാലായിരം ഖത്തര്‍ റിയാല്‍ നല്‍കിയാല്‍ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റി നല്‍കാനുള്ള സംവിധാനമുണ്ടെന്ന് സൗഹൃദത്തിലൂടെ അയാള്‍ പറഞ്ഞുവത്രെ. നാട്ടിലുള്ള സഹോദരിയുടെ സ്വര്‍ണ്ണം വിറ്റ് കിട്ടിയ പണം  ഇയാള്‍ക്ക് കൈമാറിയ നജീബ് ദിവസങ്ങള്‍ക്ക് ശേഷമാണ് കബളിപ്പിക്കപ്പെട്ടതായി തിരിച്ചറിഞ്ഞത്. പണവുമായി മുങ്ങിയ ഇയാള്‍ മറ്റ് പലരില്‍ നിന്നും ഇത്തരം  വാഗ്ദാനങ്ങള്‍ നല്‍കി പണം ഈടാക്കിയെന്നും നജീബ് പറഞ്ഞു.
സ്‌പോണ്‍സറുടെ ക്രൂരമായ ഇടപെടലിനു പുറമെ മലയാളിയുടെ വഞ്ചന കൂടിയായപ്പോള്‍ മാനസികവും സാമ്പത്തികവുമായ പ്രയാസം നേരിടേണ്ടി വന്നിരിക്കയാണെന്ന് നജീബ് പറയുന്നു.   പരാതി ഡീപ്പോര്‍ട്ടേഷന്‍ കേന്ദ്രത്തിലേക്ക് കൈമാറിയിട്ടുണ്ടെന്നും ഉടന്‍ നാട്ടിലേക്ക് അയക്കാന്‍ മറ്റ് നിയമ നടപടികള്‍ക്കായി ശ്രമിക്കുമെന്നും ഇന്ത്യന്‍ എംബസി ലേബര്‍ വിഭാഗം അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!