Section

malabari-logo-mobile

നാട്ടിലേക്ക് പോകാന്‍ ടിക്കറ്റെടുത്ത യാത്രക്കാര്‍ക്ക് ഇരുട്ടടി നല്കി എമിറേറ്റ്‌സ് എയര്‍വേയ്‌സ്

HIGHLIGHTS : ദോഹ: വേനലവധിക്കാലത്ത് നാട്ടിലേക്ക് പോകാന്‍ മാസങ്ങള്‍ക്കു മുമ്പേ ടിക്കറ്റെടുത്ത യാത്രക്കാര്‍ക്ക്

imagesദോഹ: വേനലവധിക്കാലത്ത് നാട്ടിലേക്ക് പോകാന്‍ മാസങ്ങള്‍ക്കു മുമ്പേ ടിക്കറ്റെടുത്ത യാത്രക്കാര്‍ക്ക് ഇരുട്ടടി നല്കി എമിറേറ്റ്‌സ് എയര്‍വേയ്‌സ്. ജൂലായ് മാസത്തില്‍ കോഴിക്കോട് വിമാനത്താവളത്തിലേക്ക് പറന്നിറങ്ങാനുള്ള ദോഹയിലെ യാത്രക്കാര്‍ക്ക് കോഴിക്കോട് എയര്‍പോര്‍ട്ട് അതോറിറ്റിക്കു പിറകെ എമിറേറ്റ്‌സും ‘പണി’ കൊടുത്തത്. കോഴിക്കോട് വിമാനത്താവളം അറ്റകുറ്റപ്പണികളുടെ പേരില്‍ ഭാഗികമായി അടക്കുന്നതിനെ തുടര്‍ന്ന് എമിറേറ്റ്‌സില്‍ ടിക്കറ്റെടുത്തവര്‍ക്ക് പണം തിരികെ നല്കാനാണ് എയര്‍ലൈന്‍സിന്റെ തീരുമാനം. പകരം യാത്രാ സംവിധാനങ്ങള്‍ ഒരുക്കാനോ കേരളത്തിലെ മറ്റേതെങ്കിലും വിമാനത്താവളത്തിലേക്ക് സര്‍വീസ് പുനഃക്രമീകരിക്കാനോ ഇതുവരെ എമിറേറ്റ്‌സ് തയ്യാറായിട്ടില്ലെന്നാണ് വിവരം.
കോഴിക്കോട് വിമാനത്താവളം ഭാഗികമായി അടക്കുന്നതോടെ വലിയ വിമാനങ്ങള്‍ ഓപ്പറേറ്റ് ചെയ്യുന്ന സഊദി എയര്‍ലൈന്‍സ്, എമിറേറ്റ്‌സ് എയര്‍ലൈന്‍സ്, എയര്‍ ഇന്ത്യ എന്നിവയുടെ പ്രവര്‍ത്തനങ്ങളെയാണ് കൂടുതലും ബാധിക്കുക. എന്നാല്‍ സഊദി അറേബ്യ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് എയര്‍ ഇന്ത്യ കോഴിക്കോട്ടേക്ക് സര്‍വീസ് നടത്തുന്നില്ല. സഊദി എയര്‍ലൈന്‍സ് കോഴിക്കോട്ടേക്കുള്ള വിമാന യാത്രക്കാരെ കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കുമായി പുനഃക്രമീകരിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
ജൂലായ് മാസത്തില്‍ യാത്ര ചെയ്യാനായി കഴിഞ്ഞ സെപ്തംബര്‍ മാസം മുതല്‍ എമിറേറ്റ്‌സില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്കാണ് ടിക്കറ്റിന്റെ പണം മാത്രം തിരികെ നല്കാന്‍ എമിറേറ്റ്‌സ് ഒരുങ്ങിയിരിക്കുന്നത്. ഇതോടെ ദോഹയില്‍ നിന്നും കോഴിക്കോട്ടേക്ക് എമിറേറ്റ്‌സില്‍ ടിക്കറ്റെടുത്തവര്‍ കുഴങ്ങിയിരിക്കുകയാണ്. പലരും കുടുംബ സമേതമുള്ള യാത്രക്കാണ് ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത്. നേരത്തെ ബുക്ക് ചെയ്ത ചാര്‍ജല്ല നിലവില്‍ പുതിയ ടിക്കറ്റെടുക്കുമ്പോള്‍ ഉണ്ടാകുന്നത് എന്നതിനാല്‍ ഓരോ യാത്രക്കാരനും ഏകദേശം ആയിരം മുതല്‍ ആയിരത്തി അഞ്ഞൂറ് റിയാല്‍ വരെ മടക്കയാത്രക്ക് അധികം നല്‌കേണ്ടി വരും.
കോഴിക്കോട്ടേക്ക് വിമാന സര്‍വ്വീസ് നടത്തുന്നില്ലെങ്കില്‍ കേരളത്തിലെ ഏതെങ്കിലും വിമാനത്താവളത്തിലേക്ക് തങ്ങളെ എത്തിക്കണമെന്നാണ് യാത്രക്കാര്‍ ആവശ്യപ്പെടുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ദോഹയിലെ എമിറേറ്റ്‌സ് ഓഫിസുമായി നിരവധി തവണ ബന്ധപ്പെട്ടതായി യാത്രക്കാരിലൊരാളായ പെരിന്തല്‍മണ്ണ സ്വദേശി സമീര്‍ പറഞ്ഞു. എമിറേറ്റ്‌സിലെ മലയാളി ഉള്‍പ്പെടെയുള്ള ഡിവിഷന്‍ മാനേജര്‍മാര്‍ അനുകൂലമായ തീരുമാനങ്ങളെടുക്കുന്നില്‍ അമാന്തം കാണിക്കുകയാണെന്ന് യാത്രക്കാര്‍ ആരോപിക്കുന്നു.
ഖത്തറിലെ സാംസ്‌ക്കാരിക സംഘടനകളും യാത്രക്കാരുടെ സംഘടനകളുമായി ചേര്‍ന്ന് അനുകൂലമായ തീരുമാനം ലഭ്യമാക്കാനാവുമെന്നാണ് യാത്രക്കാര്‍ പ്രതീക്ഷിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!