ഖത്തറില്‍ വ്യാജ വാച്ചുകളുടെയും ആഭരണങ്ങളുടെയും വില്‍പ്പന പെരുകുന്നു; പരിശോധന കര്‍ശനം

ദോഹ: രാജ്യത്ത് അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ പേരുകളിലുള്ള വ്യാജ ആഭരണങ്ങളും വാച്ചുകളും വില്‍പ്പന നടത്തുന്നത് വ്യാപകമായിരിക്കുന്നു. ഇതെ തുടര്‍ന്ന് ആഭരണശാലകളില്‍ സാമ്പത്തിക വാണിജ്യ മന്ത്രാലയത്തിലെ ഉപഭോക്തൃ സംരക്ഷണ വകുപ്പ് (സി.പി.ഡി) പരിശോധന കര്‍ശമാക്കിയിരിക്കുകയാണ്.

യഥാര്‍ഥ ഉത്പന്നങ്ങളെ വെല്ലുന്ന വ്യാജ ഉത്പന്നങ്ങള്‍ കുറഞ്ഞ നിരക്കിലാണ് പ്രാദേശിക വിപണിയില്‍ ലഭിക്കുന്നത്. കുറഞ്ഞ വിലയ്ക്ക് ലഭിക്കുമെന്നതിനാല്‍ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കുമിടയില്‍ ഇത്തരം വ്യാജ ഉത്പന്നങ്ങള്‍ക്ക് ആവശ്യക്കാരുമേറെയാണ്. ഈ പ്രവണത അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ അംഗീകൃത ഡീലര്‍മാരുടെ വ്യാപാരത്തെ സാരമായി ബാധിക്കുന്നുണ്ട്. പതിനെട്ട് കാരറ്റ് സ്വര്‍ണത്തിലാണ് അമൂല്യമല്ലാത്ത കല്ലുകള്‍ പതിപ്പിച്ച വ്യാജ ആഭരണങ്ങള്‍ നിര്‍മിക്കുന്നത്.വ്യാജ ഉത്പന്നമാണെന്ന ബോധ്യത്തില്‍ തന്നെയാണ് ഉപഭോക്താക്കള്‍ ഇവ വാങ്ങുന്നതും.

25,000 റിയാല്‍ വിലയുള്ള യഥാര്‍ഥഉത്പന്നങ്ങള്‍ക്ക് സമാനമായുള്ള വ്യാജന്‍ മൂവായിരം റിയാലിനും ലഭിക്കും. അന്താരാഷ്ട്ര ബ്രാന്‍ഡിന്റെ 5,000 റിയാല്‍ വിലയുള്ള കമ്മലിന് സമാനമായ കമ്മല്‍ 500 റിയാലിനും ലഭിക്കുമെന്നതാണ് ഇത്തരം പ്രവണത വര്‍ധിക്കുന്നത്.വ്യാജ ആഭരണങ്ങളും വാച്ചുകളും വില്‍ക്കുന്ന വില്‍പ്പനശാലകള്‍ക്ക് പതിനായിരം മുതല്‍ അമ്പതിനായിരം റിയാല്‍ വരെയാണ് പിഴ ഈടാക്കുന്നത്.

Related Articles