Section

malabari-logo-mobile

ജില്ലാ പഞ്ചായത്ത് ബജറ്റ്: വിദ്യഭ്യാസ, ആരോഗ്യ, കാർഷിക മേഖലകളുടെ സമഗ്ര വികസനത്തിന് പ്രഥമ പരിഗണന

HIGHLIGHTS : District Panchayat Budget: First priority for comprehensive development of education, health and agriculture sectors

വിദ്യഭ്യാസ ആരോഗ്യ, കാർഷിക പശ്ചാത്തല മേഖലകളുടെ സമഗ്ര വികസനത്തിന് പ്രഥമ പരിഗണന നൽകി ജില്ലാ പഞ്ചായത്ത് ബജറ്റ്. ജില്ലാ പഞ്ചായത്ത് 2020-25 ഭരണസമിതിയുടെ മൂന്നാമത്തെ വാർഷിക ബജറ്റാണ് വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം അവതരിപ്പിച്ചത്. 232,26,23,528 രൂപ വരവും 228,57,35,000 രൂപ ചെലവും 3,68,88,528 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. വിദ്യാഭ്യാസ മേഖലയിലെ സമഗ്ര ആധുനികവത്കരണത്തിന് 20 കോടി, സമഗ്ര ആരോഗ്യ പദ്ധതിയ്ക്ക് 15 കോടി, ഭിന്നശേഷി സൗഹൃദ ജില്ലയാക്കുന്നതിന് 10 കോടി, ബാല സൗഹൃദമാക്കുന്നതിന് 50 ലക്ഷം, റോഡുകളുടെ പുനരുദ്ധാരണത്തിന് 10 കോടി, വനിതാ ശാക്തീകരണത്തിന് 10 കോടി, ഉത്പാദന മേഖലയ്ക്ക് 16 കോടി, ആതവനാട് കോഴിവളർത്തൽ കേന്ദ്രത്തിന് 1.5 കോടി,
മത്സ്യ കൃഷി അഭിവൃദ്ധിപ്പെടുത്തൽ 2.25 കോടി, സമഗ്രമായ കുടിവെള്ള വിതരണ പദ്ധതിയ്ക്ക് ആറ് കോടി രൂപയുമാണ് ബജറ്റിലെ പ്രധാന വകയിരുത്തൽ. സമഗ്ര ഭവന പദ്ധതിയും പുനരധിവാസവും യാഥാർഥ്യമാക്കുന്നതിന് 20 കോടി, മൃഗ സംരക്ഷണവും ക്ഷീരോത്പാദനവും പരിപോഷിപ്പിക്കൽ മൂന്ന് കോടി, അന്താരാഷ്ട്ര ഫുട്‌ബോൾ അക്കാദമി ഒരു കോടി, ആരോഗ്യ, കായിക മേഖലയിൽ ഫിസിക്കൽ ലിറ്ററസി മിഷൻ പദ്ധതിക്കായി അഞ്ച് കോടി, വയോജന സുരക്ഷയ്ക്ക് ‘സ്‌നേഹ സേന’ പദ്ധതിക്ക് രണ്ട് കോടി, ഭിന്നശേഷിക്കാർക്കുള്ള തെറാപ്പി സെന്ററിന് രണ്ട് കോടി, സമഗ്ര ടൂറിസം വികസനത്തിന്  അഞ്ച് കോടി, കൈതാങ്ങ് പ്രവാസി പുനരധിവാസ പദ്ധതിക്കായി ഒരു കോടി രൂപയാണ് ബജറ്റിലുള്ളത്. ആദരം വയോജന ക്ഷേമ പദ്ധതിയ്ക്ക് മൂന്ന് കോടി, കലാ-സാംസ്‌കാരിക-പൈതൃക മേഖലയ്ക്ക് മൂന്ന് കോടി,  ഗ്രീൻ ക്ലീൻ മലപ്പുറം സമ്പൂർണ്ണ ശുചിത്വ പദ്ധതിക്ക് രണ്ട് കോടിയും ട്രാൻസ് ജെൻഡേഴ്‌സിന്റെ പുനരധിവാസവും നവോത്ഥാനത്തിനുമായി 50 ലക്ഷം, ലഹരി നിർമ്മാജന പദ്ധതിക്ക് 20 ലക്ഷം, മാധ്യമ പ്രവർത്തകർക്ക് ആരോഗ്യ ഇൻഷ്വറൻസ് 50 ലക്ഷം, കാർബൺ ന്യൂട്രൽ മലപ്പുറം പദ്ധതിക്കായി 20 ലക്ഷം, കുടുംബശ്രീ ജില്ലാ മിഷൻ മുഖേന സൗജന്യ മെൻസ്ട്രുവൽ കപ്പ് വിതരണത്തിനായി ഒരു കോടി രൂപയുമാണ് വകയിരുത്തിയത്. ഘടക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളുടെ ഉന്നമനത്തിന് 26 കോടി രൂപയും ഭവന-ഭൂരഹിതർക്ക് അഞ്ച് കോടി രൂപയും ഭവന സുരക്ഷയ്ക്ക് അഞ്ച് കോടി രൂപയും കോളനികളുടെ സമഗ്ര വികസനത്തിന് 3.5 കോടിയും കുടിവെള്ള പദ്ധതികൾക്ക് മൂന്ന് കോടി രൂപയും പട്ടികജാതി-പട്ടിക വർഗ വിഭാഗക്കാർക്ക് ജീവിതോപാധി കണ്ടെത്തുന്നതിന് കറവമാടുകളെ അനുവദിക്കുന്നതിന് രണ്ട് കോടി, മെറിറ്റോറിയൽ സ്‌കോളർഷിപ്പിന് രണ്ട് കോടി, ഗർഭിണികൾക്ക് പോഷകാഹാരത്തിന് 50 ലക്ഷം രൂപ,
പഠനമുറി പദ്ധതിയ്ക്കായി ഒരു കോടി, എസ്.സി.പി/ടി.എസ്.പി വിദ്യാർഥികൾക്ക് ലാപ്ടോപ്പ് നൽകുന്നതിന് 50 ലക്ഷം, പട്ടികവർഗ ഭവന പുനരുദ്ധാരണത്തിനും കുടിവെള്ള പദ്ധതികൾക്കുമായി 1.25 കോടി, എസ് സി/എസ് ടി യുവതീ യുവാക്കളുടെ തൊഴിൽ പരിശീലനത്തിനായി 25 ലക്ഷം, സമ്പൂർണ്ണ പത്താതരം തുല്യതാ പദ്ധതിക്കായി 10 ലക്ഷം രൂപയുമാണ് ബജറ്റിലെ വകയിരുത്തൽ.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!