Section

malabari-logo-mobile

ശ്രീലങ്കന്‍ പുതിയ പ്രധാനമന്ത്രി ദിനേഷ് ഗുണവര്‍ധനെ സ്ഥാനമേറ്റു

HIGHLIGHTS : Dinesh Gunawardene is the new Prime Minister of Sri Lanka

കൊളംബോ : ശ്രീലങ്കയില്‍ പുതിയ പ്രധാനമന്ത്രിയായി ദിനേഷ് ഗുണവര്‍ധന സ്ഥാനമേറ്റു. പ്രസിഡന്റ് റനില്‍ വിക്രമസിംഗെയുടെ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്താണ് അദ്ദേഹം അധികാരമേറ്റെടുത്തത്. മുന്‍ ആഭ്യന്തര തദ്ദേശ മന്ത്രിയും ഗോതബായ അനുകൂലിയുമാണ് ദിനേഷ് ഗുണവര്‍ധനെ. വിദേശകാര്യ വകുപ്പ് മന്ത്രിയായും വിദ്യാഭ്യാസ മന്ത്രിയായും അദ്ദേഹം നേരത്തെ പ്രവര്‍ത്തിച്ചിരുന്നു.

പുതിയ ഭരണാധികാരികള്‍ സ്ഥാനമേറ്റെടുത്തെങ്കിലും ശ്രീലങ്കയില്‍ സാമ്പത്തിക സ്ഥിതിഗതികളില്‍ വലിയ മാറ്റമുണ്ടായിട്ടില്ല. എന്നാല്‍ അതേ സമയം, പ്രക്ഷോഭകരെ അടിച്ചമര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ സര്‍ക്കാരിന്റെയും സൈന്യത്തിന്റെയും ഭാഗത്ത് നിന്നും ഇതിനോടകം ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സര്‍ക്കാര്‍ മന്ദിരങ്ങള്‍ക്ക് മുന്നിലെ ക്യാമ്പുകളില്‍ സൈനിക നടപടികള്‍ ആരംഭിച്ചു. സെക്രട്ടേറിയേറ്റിന് മുന്നിലെ പ്രക്ഷോഭകരുടെ സമരപ്പന്തലുകള്‍ തകര്‍ത്തു. നിരവധിപ്പേരെ അറസ്റ്റ് ചെയ്തു. പുലര്‍ച്ചെയോടെയായിരുന്നു സൈനിക നടപടി. സൈന്യത്തിന്റെ നീക്കത്തിനെതിരെ പ്രതിഷേധിച്ച പ്രക്ഷോഭകര്‍ക്ക് നേരെ ലാത്തിചാര്‍ജുണ്ടായി. അമ്പതോളം പേര്‍ക്ക് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റു. സൈനിക നടപടിക്കെതിരെ പ്രതിഷേധിച്ച ഒമ്പത് പേരെ അറസ്റ്റ് ചെയ്തു. പ്രസിഡന്റ് ഓഫീസിനകത്ത് ഉണ്ടായിരുന്ന പ്രക്ഷോഭകരെ ഒഴിപ്പിച്ചു. ഇന്ന് വൈകിട്ടോടെ പ്രക്ഷോഭകര്‍ പൂര്‍ണമായി ഒഴിയണമെന്നാണ് നിര്‍ദേശം. പല സര്‍ക്കാര്‍ മന്ദിരങ്ങളുടെയും നിയന്ത്രണം ഇതിനോടകം പ്രക്ഷോഭകരില്‍ നിന്നും സൈന്യം ഏറ്റെടുത്തു കഴിഞ്ഞു.

sameeksha-malabarinews

പ്രക്ഷോഭകര്‍ക്ക് എതിരായ സൈനിക നടപടിയില്‍ ശ്രീലങ്കന്‍ മനുഷ്യാവകാശ കമ്മീഷന്‍ അപലപിച്ചു. യുഎസ്, ബ്രിട്ടീഷ് പ്രതിനിധികളും ആശങ്ക രേഖപ്പെടുത്തി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!