Section

malabari-logo-mobile

ധീരജ് വധക്കേസ്; കൊലയ്ക്ക് കാരണം രാഷ്ട്രീയവൈരാഗ്യം

HIGHLIGHTS : Dheeraj murder case; The cause of the murder was political animosity

ഇടുക്കി എന്‍ജിനീയറിങ് കോളജിലെ എസ്എഫ്‌ഐ നേതാവ് ധീരജ് വധക്കേസില്‍ അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ജില്ലാ സെഷന്‍സ് കോടതിയിലാണ് ഇടുക്കി ഡി.വൈ.എസ്.പി ഇമ്മാനുവല്‍ പോള്‍ കുറ്റപത്രം സമര്‍പ്പിച്ചത്. രാഷ്ട്രീയവൈരാഗ്യമാണ് കൊലയ്ക്ക് കാരണം.
കേസിലെ പ്രധാന തെളിവായ കത്തി കണ്ടെത്താന്‍ കഴിയാത്തതിനാല്‍ തെളിവ് നശിപ്പിച്ച കുറ്റവും പ്രതികള്‍ക്കെതിരെ ചുമത്തി. സംഭവം നടന്ന് 81-ാം ദിവസമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ആറ് വാല്യങ്ങളായി 1600 ലേറെ പേജുകളുള്ള കുറ്റപത്രമാണ് മുട്ടത്തെ ഇടുക്കി ജില്ലാ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്.

കെഎസ്യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ എട്ടുപേരെയാണ് കുറ്റപത്രത്തിലെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇവരില്‍ ആറുപേര്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തു. പോക്കറ്റില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഒന്നാം പ്രതിയും യൂത്ത് കോണ്‍ഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റുമായ നിഖില്‍ പൈലി ആദ്യം അഭിജിത്തിനെയും തുടര്‍ന്ന് ധീരജിനെയും കുത്തി. ധീരജിന്റെ ഇടതുനെഞ്ചില്‍ മൂന്നു സെന്റീമീറ്റര്‍ ആഴത്തില്‍ മുറിവുണ്ടായി ഹൃദയധമനികളെ ഭേദിച്ചതാണ് മരണകാരണം.

sameeksha-malabarinews

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം സംഘംചേരല്‍, കൊലപാതകം, വധശ്രമം, മര്‍ദ്ദനം, തെളിവ് നശിപ്പിക്കല്‍, ആയുധം ഒളിപ്പിക്കല്‍, പട്ടികജാതി അതിക്രമം തടയല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. ജെറിന്‍ ജോജോ, ജിതിന്‍ ഉപ്പുമാക്കല്‍, ടോണി തേക്കിലക്കാടന്‍, നിതിന്‍ ലൂക്കോസ്, സോയിമോന്‍ സണ്ണി, ജസിന്‍ ജോയി, അലന്‍ബേബി എന്നിവരാണ് മറ്റു പ്രതികള്‍. കേസില്‍ ആകെ 143 സാക്ഷികളാണുള്ളത്.

തൊണ്ടിമുതലുകളോടൊപ്പം 85 ഓളം പ്രമാണങ്ങളും കേസില്‍ തെളിവായി ഹാജരാക്കി. ഒന്നാം പ്രതി നിഖില്‍ പൈലിക്ക് അറസ്റ്റിലായ ശേഷം ജാമ്യം നല്‍കിയിട്ടില്ല. ഇയാളുടെ ജാമ്യാപേക്ഷ 5ന് വാദം കേള്‍ക്കുന്നതിനായി മാറ്റിയിട്ടുണ്ട്. കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് പ്രതികള്‍ക്ക് കോടതി സമന്‍സ് അയച്ച് വിചാരണനടപടികളിലേക്ക് കടക്കും. ധീരജ് കേസിന്റെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ.സുരേഷ് ബാബു തോമസിനെ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!