HIGHLIGHTS : Devotional beginning to the 187th Mampuram year
തിരൂരങ്ങാടി: ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ 187-ാം മമ്പുറം ആണ്ടുനേര്‍ച്ചക്കു കൊടിയേറി. കേരളീയ മുസ്‌ലിം സമൂഹത്തിന് ആത്മീയവും സാമൂഹികവുമായ നേതൃത്വം നല്‍കി, ജാതി മത ഭേദമന്യെ സർവജനങ്ങൾക്കും സമാശ്വാസം പകര്‍ന്ന ഖുഥ്ബുസ്സമാന്‍ സയ്യിദ് അലവി മൗലദ്ദവീല അൽഹുസൈനി തങ്ങളുടെ ആത്മസന്നിധിയിലേക്ക് ഇനിയൊരാഴ്ചക്കാലം തീര്‍ത്ഥാടകപ്രവാഹമായിരിക്കും.
മമ്പുറം മഖാം പരിപാലന ചുമതല ദാറുൽഹുദാ മാനേജിങ് കമ്മിറ്റി ഏറ്റെടുത്തതിന് ശേഷമുള്ള 27-ാമത്തെ നേർച്ചയാണ് ഇപ്രാവശ്യം നടക്കുന്നത്.

ഇന്ന് വൈകീട്ട് നാലരക്ക് മമ്പുറം സയ്യിദ് അഹ്മദ് ജിഫ്രി തങ്ങള്‍ കൊടികയറ്റം നടത്തിയതോടെയാണ് 187-ാം ആണ്ടുനേര്‍ച്ചക്ക് ഔദ്യോഗിക തുടക്കമായത്.
അസര്‍ നമസ്‌കാരാനന്തരം മഖാമില്‍ നടന്ന കൂട്ടസിയാറത്തിന് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി. മമ്പുറം തങ്ങള്‍ സെന്റര്‍ ഫോര്‍ കള്‍ച്ചറല്‍ ആന്റ് ഹെറിറ്റേജ് സ്റ്റഡീസ് എന്ന പേരിലുള്ള പഠന-ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനകര്‍മവും തങ്ങള്‍ നിർവഹിച്ചു.
മഗ്‌രിബ് നമസ്കാരാനന്തരം നടന്ന മമ്പുറം സ്വലാത്തിന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈൽ നേതൃത്വം നൽകി. ഏഴു ദിവസങ്ങളിലായി നടക്കുന്ന മമ്പുറം ആണ്ടുനേർച്ചയുടെ ഭാഗമായി മജ്ലിസുന്നൂർ, ഇശ്ഖ് മജ്ലിസ്, മതപ്രഭാഷണ പരമ്പര, ചരിത്ര സെമിനാർ, ഹിഫ്ള് സനദ് ദാനം, അനുസ്മരണ സമ്മേളനം , ദിക്റ് – ദുആ സദസ്സ് തുടങ്ങി നിരവധി പരിപാടികൾ നടക്കും.
നാളെ രാത്രി ഏഴരക്ക് നടക്കുന്ന മജ്ലിസുന്നൂർ ആത്മീയ സദസ്സിന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും. കെ.എം സൈദലവി ഹാജി പുലിക്കോട് അധ്യക്ഷനാവും. സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ ആമുഖഭാഷണം നിര്‍വഹിക്കും. കുട്ടി ഹസൻ ദാരിമി, ഹസൻ സഖാഫി പൂക്കോട്ടൂർ, ഇസ്ഹാഖ് ബാഖവി ചെമ്മാട് , ശെബിൻ ബദർ വാഫി പങ്കെടുക്കും. ശനിയാഴ്ച്ച രാത്രി മജ്‌ലിസുല്‍ ഇശ്ഖ് നടക്കും. സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. അൻവർ അലി ഹുദവി പുളിയക്കോട് നേതൃത്വം നൽകും. 29, 30, ജൂലൈ 1 തിയ്യതികളില്‍ രാത്രി ഏഴരക്ക് മതപ്രഭാഷണങ്ങള്‍ നടക്കും. 29 ന് ഞായറാഴ്ച പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യും. മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും. 30 ന് പാണക്കാട് സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനവും അബ്ദുസ്സമദ് പൂക്കോട്ടൂർ പ്രഭാഷണവും നടത്തും. ജൂലൈ 1ന് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. നൗശാദ് ബാഖവി ചിറയിൻകീഴ് പ്രസംഗിക്കും.
30ന് തിങ്കൾ രാവിലെ പത്ത് മണിക്ക് മമ്പുറം തങ്ങളുടെ ജീവിതവും ദർശനവും അടിസ്ഥാനമാക്കി ‘മമ്പുറം തങ്ങളുടെ ലോകം’ ചരിത്ര സെമിനാർ നടക്കും. എം.ജി സർവകലാശാല പ്രൊഫസർ ഡോ. എം.എച്ച് ഇല്യാസ്, കാലടി സംസ്കൃത സർവകലാശാല അസി.പ്രൊഫസർ ഡോ. അഭിലാഷ് മലയിൽ, അശോക യൂണിവേഴ്സിറ്റി ഗവേഷക വിദ്യാർഥി സർഫറാസ് തുടങ്ങിയവർ സംബന്ധിക്കും.
ജൂലൈ 2ന് ബുധനാഴ്ച രാത്രി നടക്കുന്ന മമ്പുറം തങ്ങള്‍ അനുസ്മരണവും ഹിഫ്‌ള് സനദ് ദാനവും പ്രാര്‍ത്ഥനാ സദസ്സും സമസ്ത ട്രഷറർ പി.പി ഉമർ മുസ്‌ലിയാർ കൊയ്യോട് ഉദ്ഘാടനം ചെയ്യും. സയ്യിദ് അലവി മൗലദ്ദവീല ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളേജില്‍നിന്നു ഖുര്‍ആന്‍ മനഃപാഠമാക്കിയ ഹാഫിളീങ്ങള്‍ക്കുള്ള സനനദ് ദാനവും അദ്ദേഹം നിർവഹിക്കും. സമസ്ത ജന. സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ പ്രാരംഭ പ്രാർത്ഥന നടത്തും. ദാറുല്‍ഹുദാ വൈസ് ചാൻസലർ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷത വഹിക്കും. പ്രാര്‍ഥനാ സദസ്സിന് പാണക്കാട് സയ്യിദ് അബ്ദുന്നാസ്വിർ ഹയ്യ് ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും.
സമാപന ദിവസമായ 3 ന് വ്യാഴാഴ്ച രാവിലെ എട്ട് മണി മുതല്‍ അന്നദാനം നടക്കും. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അബ്ദുറഹ്മാൻ ജിഫ്രി തങ്ങൾ കോഴിക്കോട് അധ്യക്ഷനാവും. പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ, ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, സയ്യിദ് അഹ്മദ് ജിഫ്രി തങ്ങൾ മമ്പുറം, എ.പി സുധീഷ് തുടങ്ങിയവര്‍ സംബന്ധിക്കും.
ഉച്ചക്ക് 1:30 ന് നടക്കുന്ന മൗലിദ് ഖത്മ് ദുആയോടെ ഒരാഴ്ചയോളം നീണ്ടു നിൽക്കുന്ന മമ്പുറം ആണ്ടുനേര്‍ച്ചക്ക് പരിസമാപ്തിയാവും. സമാപന പ്രാര്‍ഥനക്ക് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നേതൃത്വം നല്‍കും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു