ഭരണഘടന അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പുനല്‍കുമ്പോഴും ഇന്ത്യയില്‍ മാധ്യമ സ്വാതന്ത്ര്യം താഴ്ന്ന നിലയിലെന്ന് മുഖ്യമന്ത്രി, സ്വദേശാഭിമാനി-കേസരി പുരസ്‌കാരങ്ങളും സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങളും വിതരണം ചെയ്തു

HIGHLIGHTS : The Chief Minister distributed the Swadeshabhimani-Kesari awards and the State Media Awards.

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍, ഭരണഘടന അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പുനല്‍കുമ്പോഴും മാധ്യമ സ്വാതന്ത്ര്യം താഴ്ന്ന നിലയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അടിയന്തരാവസ്ഥയുടെ അമ്പതാം വാര്‍ഷികത്തില്‍ മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള ഭീഷണികളെക്കുറിച്ച് മുഖ്യമന്ത്രി ആശങ്ക രേഖപ്പെടുത്തി. ഇന്ത്യന്‍ ഭരണഘടനയുടെ ജനാധിപത്യ മൂല്യങ്ങളെ റദ്ദാക്കിയ ആ കാലത്തെ ഓര്‍മിപ്പിച്ച മുഖ്യമന്ത്രി, നിലവിലെ മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ ഇന്ത്യ 151-ാം സ്ഥാനത്താണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സ്വദേശാഭിമാനി കേസരി പുരസ്‌കാരങ്ങളുടെയും സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങളുടെയും വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 2021, 2022, 2023 വര്‍ഷങ്ങളിലെ സ്വദേശാഭിമാനി-കേസരി പുരസ്‌കാരങ്ങളും 2022, 2023 വര്‍ഷങ്ങളിലെ സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങളും തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടല്‍ സിംഫണി ഹാളില്‍ നടന്ന ചടങ്ങില്‍ വിതരണം ചെയ്തു.

അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന് അമ്പതാണ്ടു തികഞ്ഞിരിക്കുന്ന സന്ദര്‍ഭമാണിത്. ഇന്ത്യന്‍ ഭരണഘടനയുടെ ജനാധിപത്യ മൂല്യങ്ങളെ റദ്ദുചെയ്തുകൊണ്ട് പൊതുപ്രവര്‍ത്തകരെയും എതിര്‍ ചേരിയില്‍ നിന്നവരെയും മാധ്യമങ്ങളെയും വേട്ടയാടിയ കാലത്തെ, അതൊക്കെ നേരിട്ടനുഭവിച്ചവര്‍ക്ക് ആശങ്കയോടുകൂടിയേ ഓര്‍ത്തെടുക്കാനാവൂ. മാധ്യമ സ്വാതന്ത്ര്യം തന്നെ റദ്ദ് ചെയ്യപ്പെട്ട കാലം. കുല്‍ദീപ് നയ്യാരെ പോലെയുള്ള നൂറുകണക്കിന് മാധ്യമപ്രവര്‍ത്തകര്‍ ജയിലിലടയ്ക്കപ്പെട്ടു. ഗാന്ധിജിയാല്‍ സ്ഥാപിക്കപ്പെട്ട നവ ജീവന്‍ പ്രസ്സിനു പോലും രക്ഷയുണ്ടായില്ല. ഗാന്ധിജിയുടെ പൗത്രന്‍ രാജ്മോഹന്‍ ഗാന്ധിക്കും അദ്ദേഹം എഡിറ്റ് ചെയ്തിരുന്ന വാരികയ്ക്കും നേരേ പ്രതികാര നടപടികളുണ്ടായെന്നു മുഖ്യമന്ത്രി ഓര്‍മ്മപ്പെടുത്തി.

അടിയന്തരാവസ്ഥയ്ക്ക് തൊട്ടുപിന്നാലെ ഡല്‍ഹിയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങള്‍ക്ക് വൈദ്യുതി നിഷേധിച്ചതിനാല്‍ പത്രങ്ങള്‍ അച്ചടിക്കാന്‍ കഴിഞ്ഞില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയംതന്നെ സര്‍ക്കാരിനെ പിന്തുണച്ചെഴുതാനും ചില പത്രങ്ങള്‍ തയ്യാറായി. അവരുടെ പ്രധാന ലക്ഷ്യമാകട്ടെ സര്‍ക്കാരിന്റെ എതിര്‍പക്ഷത്തു നില്‍ക്കുന്നവരെ മോശമാക്കി ചിത്രീകരിക്കുക എന്നതായിരുന്നു. അതിനു തയ്യാറാകാത്ത പത്രപ്രവര്‍ത്തകരെയും എഡിറ്റര്‍മാരെയും പത്രസ്ഥാപനങ്ങളെയും കേന്ദ്ര ഏജന്‍സികളെക്കൊണ്ട് വേട്ടയാടി. പ്രതീകാത്മകായി ഒഴിഞ്ഞ എഡിറ്റോറിയല്‍ പ്രസിദ്ധീകരിച്ചതിന് ഇന്ത്യന്‍ എക്‌സ്പ്രസിനെതിരെ പ്രതികാര നടപടികളുണ്ടായി.നിലവിലെ സാഹചര്യത്തിലും മാധ്യമ സ്വാതന്ത്ര്യം അപകടത്തിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇപ്പോഴിതെല്ലാം ഓര്‍ക്കുമ്പോള്‍ ആ ഭൂതകാലത്തെ അനുകരിക്കും വിധത്തില്‍ തന്നെയാണ് വര്‍ത്തമാനവും എന്നു തോന്നും. അഭിപ്രായം രേഖപ്പെടുത്തുന്ന മാധ്യമപ്രവര്‍ത്തകരെ തിരഞ്ഞുപിടിച്ചു കൊല ചെയ്ത സംഭവങ്ങള്‍ പോലുമുണ്ടായിട്ടുണ്ട്. കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ രാജ്യത്തെ 31 പത്രപ്രവര്‍ത്തകര്‍ക്കാണ് ജീവന്‍ നഷ്ടമായത്.ലോകത്തെവിടെയും വംശീയതയും വര്‍ഗീയതയും വേരോടുമ്പോള്‍ ആദ്യം വേട്ടയാടപ്പെടുന്നതു മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും തന്നെയാകും. ഈ ബോധ്യത്തോടെ സ്വന്തം നാടിനെയും സ്വന്തം തൊഴില്‍ മേഖലയെയും സംരക്ഷിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ വര്‍ഗീയതയ്‌ക്കെതിരെ ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എല്ലാ പുരസ്‌കാര ജേതാക്കളെയും അഭിനന്ദിച്ച മുഖ്യമന്ത്രി, സ്വദേശാഭിമാനി-കേസരി പുരസ്‌കാരം നേടിയ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ മാധ്യമ മേഖലയ്ക്ക് നല്‍കിയ സംഭാവനകള്‍ എടുത്തുപറഞ്ഞു. ആവുന്നത്ര നിഷ്പക്ഷമായി ദീര്‍ഘകാലം നേരിട്ടു നിയമസഭ റിപ്പോര്‍ട്ടു ചെയ്ത പ്രഗത്ഭ പത്രപ്രവര്‍ത്തകനാണ് കെ ജി പരമേശ്വരന്‍ നായരെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളകൗമുദിയുടെ ഒരു ഘട്ടത്തിന്റെ പ്രതീകമായിരുന്ന കെ.ജി, പത്രപ്രവര്‍ത്തനത്തെ കളങ്കം പുരളാത്ത പ്രൊഫഷനായി കണ്ട മാധ്യമ ജന്റില്‍മാനാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.എന്‍. അശോകന്റെ അരനൂറ്റാണ്ടിലേറെ നീണ്ട മാധ്യമ ജീവിതത്തെ അഭിനന്ദിച്ച മുഖ്യമന്ത്രി പതിറ്റാണ്ടുകളായി മാതൃഭൂമി ഡല്‍ഹി ബ്യൂറോയുടെ പര്യായമായി മാറിയ വ്യക്തിത്വത്തിനുടമയാണ് അദ്ദേഹമെന്നു പറഞ്ഞു.

ഏഴാച്ചേരി രാമചന്ദ്രന്റെ സാഹിത്യ-മാധ്യമ സംഭാവനകളെ പരാമര്‍ശിച്ച മുഖ്യമന്ത്രി കവിത്വത്തെയും പത്രപ്രവര്‍ത്തനത്തെയും ഇണക്കിക്കൊണ്ടുപോയ വ്യക്തിയാണ് അദ്ദേഹമെന്നും എപ്പോഴും പുരോഗമന പക്ഷത്ത് ഉറച്ചുനിന്നയാളാണെന്നും അഭിപ്രായപ്പെട്ടു.സമൂഹത്തില്‍ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്നും സത്യസന്ധമായ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കുകയും സാമൂഹിക പ്രശ്നങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും ചെയ്യുന്നതിലൂടെ മാധ്യമങ്ങള്‍ ജനാധിപത്യത്തിന്റെ നെടുംതൂണുകളായി വര്‍ത്തിക്കുന്നുവെന്നും അധ്യക്ഷ പ്രസംഗത്തില്‍ പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
വിദ്യാഭ്യാസ മേഖലയില്‍ മാധ്യമങ്ങളുടെ പങ്കിനെ മന്ത്രി പ്രശംസിച്ചു. പുതിയ അറിവുകള്‍ പങ്കുവെക്കുന്നതിനും, വിദ്യാഭ്യാസപരമായ മുന്നേറ്റങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും, വിദ്യാര്‍ത്ഥികളില്‍ അവബോധം വളര്‍ത്തുന്നതിനും മാധ്യമങ്ങള്‍ വലിയ സംഭാവന നല്‍കുന്നു. കോവിഡ് കാലത്ത് ഡിജിറ്റല്‍ പഠനം വ്യാപകമായപ്പോള്‍, അതിനെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതില്‍ മാധ്യമങ്ങള്‍ വലിയ പങ്ക് വഹിച്ചു. ഇന്നത്തെ കാലത്ത് മാധ്യമങ്ങള്‍ പല വെല്ലുവിളികളെയും നേരിടുന്നുണ്ട്. വ്യാജവാര്‍ത്തകളും തെറ്റിദ്ധാരണ പരത്തുന്ന വിവരങ്ങളും സമൂഹത്തില്‍ ആശങ്ക സൃഷ്ടിക്കുമ്പോള്‍, സത്യസന്ധവും വസ്തുനിഷ്ഠവുമായ റിപ്പോര്‍ട്ടിംഗിന്റെ പ്രാധാന്യം വര്‍ദ്ധിക്കുന്നു. ഓരോ മാധ്യമപ്രവര്‍ത്തകനും ഈ വലിയ ഉത്തരവാദിത്തം നിറവേറ്റേണ്ടതുണ്ട്. പുരസ്‌കാര ജേതാക്കളെ അഭിനന്ദിച്ച മന്ത്രി, ഈ അംഗീകാരം മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രചോദനമാകുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.മാധ്യമ രംഗത്തെ സമഗ്ര സംഭാവനകള്‍ക്കുള്ള സംസ്ഥാനത്തിന്റെ പരമോന്നത ബഹുമതിയായ സ്വദേശാഭിമാനി-കേസരി പുരസ്‌കാരം കെ.ജി. പരമേശ്വേരന്‍ നായര്‍, ഏഴാച്ചേരി രാമചന്ദ്രന്‍, എന്‍. അശോകന്‍ എന്നിവര്‍ക്കാണ് ലഭിച്ചത്. ഒരു ലക്ഷം രൂപ, പ്രശസ്ത ശില്‍പി കാനായി കുഞ്ഞിരാമന്‍ രൂപകല്പന ചെയ്ത ശില്‍പ്പം, പ്രശസ്തിപത്രം എന്നിവ അടങ്ങുന്നതാണ് പുരസ്‌കാരം.ജനറല്‍ റിപ്പോര്‍ട്ടിംഗ്, വികസനോന്‍മുഖ റിപ്പോര്‍ട്ടിംഗ്, ന്യൂസ് ഫോട്ടോഗ്രഫി, കാര്‍ട്ടൂണ്‍, ടി.വി. ന്യൂസ് റിപ്പോര്‍ട്ടിംഗ്, ടി.വി. സാമൂഹ്യ ശാക്തീകരണ റിപ്പോര്‍ട്ടിംഗ്, ടി.വി. ന്യൂസ് എഡിറ്റിംഗ്, ടി.വി. ന്യൂസ് ക്യാമറ, ടി.വി. ന്യൂസ് പ്രസന്റര്‍, ടി.വി. അഭിമുഖം എന്നീ വിഭാഗങ്ങളില്‍ സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. 25,000 രൂപ, ശില്‍പ്പം, പ്രശസ്തിപത്രം എന്നിവ അടങ്ങുന്നതാണ് പുരസ്‌കാരം. ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹരായവര്‍ക്ക് 15,000 രൂപയും പ്രശസ്തിപത്രവും സമ്മാനിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ‘വികസനം, ക്ഷേമം, സന്തോഷ കാഴ്ചകള്‍’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ഫോട്ടോഗ്രഫി മത്സര വിജയികളായ നാസര്‍ എടപ്പാള്‍, ശിവപ്രസാദ് എം എ, രാമചന്ദ്രന്‍ പി എന്നിവര്‍ക്കുള്ള അവാര്‍ഡുകളും ചടങ്ങില്‍ വിതരണം ചെയ്തു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ്‌കുമാര്‍, മുഖ്യമന്ത്രിയുടെ മീഡിയ സെക്രട്ടറി എന്‍. പ്രഭാവര്‍മ, കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു, കെ.യു.ഡബ്ല്യു.ജെ. സംസ്ഥാന പ്രസിഡന്റ് റെജി കെ.പി., ജില്ലാ പ്രസിഡന്റ് ഷില്ലര്‍ സ്റ്റീഫന്‍, ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് സെക്രട്ടറി എസ്. ഹരികിഷോര്‍, ഡയറക്ടര്‍ ടി.വി. സുഭാഷ് തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!