പൂക്കോട്ടൂരില്‍ സുസ്ഥിര വികസനത്തിന്റെ ഭാഗമായുള്ള വികസന ശില്‍പശാല ജനകീയമായി

പൂക്കോട്ടൂര്‍ : മണ്ണും പ്രകൃതിയും മനുഷ്യ വിഭവങ്ങളും നാടിന്റെ ആവശ്യങ്ങള്‍ക്കായി സംയോജിപ്പിച്ച് സുസ്ഥിര വികസനത്തിനായുള്ള ആശയ സൃഷ്ടിക്കുള്ള പ്രാരംഭം കുറിച്ച് പൂക്കോട്ടൂരില്‍ നടന്ന വികസന ശില്‍പശാല ജനകീയമായി. സുസ്ഥിര വികസന ക്യാമ്പയിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പൂക്കോട്ടൂര്‍ ഗ്രാമ പഞ്ചായത്തിലെ 11-ാം വാര്‍ഡിലാണ് വികസന ശില്‍പശാല സംഘടിപ്പിച്ചത്. പരിസ്ഥിതി സൗഹൃദ വികസനം, വിഭവങ്ങളുടെ കാര്യക്ഷമമായ വിനിയോഗം എന്ന വിഷയത്തില്‍ നടന്ന ശില്‍പശാല ശ്രദ്ധേയമായി. ജനങ്ങളുടെ ആവശ്യങ്ങള്‍ കൃത്യമായി മനസിലാക്കി അത് നിറവേറ്റാന്‍ വാര്‍ഡ് തലം മുതല്‍ സ്വയം പര്യാപ്തമാകുന്നതിലൂടെ ഓരോ നാടിന്റേയും സാമ്പത്തിക വികാസവും വികസനവും സാധ്യമാകുമെന്ന് വിഷയം അവതരിപ്പിച്ച് സംസാരിച്ച കില ഫാക്കല്‍റ്റി വി.കെ. സുരേഷ് ബാബു അഭിപ്രായപ്പെട്ടു.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കൃത്യമായ സാമൂഹ്യ ഇടപെടലുകളില്ലാതെ മികച്ച ഭരണകൂടവും വികസന കാഴ്ചപ്പാടുകളുമുണ്ടാകില്ല. ചെലവ് കുറച്ച് വരവ് വര്‍ധിപ്പിക്കാന്‍ പ്രാദേശികമായുള്ള പദ്ധതികളുണ്ടാകുമ്പോള്‍ മാത്രമെ സാമ്പത്തിക പരാധീനതകളില്ലാതെ സുസ്ഥിരമായ വികസനവും ക്ഷേമവും പ്രാവര്‍ത്തികമാകുകയുള്ളൂ. ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് പരിഹരിക്കാന്‍ തദ്ദേശ ഭരണ സ്ഥാപങ്ങള്‍ക്കൊപ്പം ജനപ്രതിനിധികളും പൊതുജനങ്ങളും കൈകോര്‍ക്കേണ്ടതുണ്ട്. ഓരോ ആവശ്യങ്ങളും കാര്യക്ഷമമായി നിറവേറ്റാന്‍ പ്രകൃതിയെ ഹനിക്കാത്ത പദ്ധതികള്‍ തയ്യാറാക്കി ചെറു ജനകീയ യൂണിറ്റുകള്‍ വഴി നടപ്പിലാക്കുമ്പോള്‍ നിലവിലുള്ള ജീവിത ചെലവ് പരമാവധി കുറക്കാനാകും. ഇതുവഴി നാടിന്റെ സാമ്പത്തിക വളര്‍ച്ച സാധ്യമാകുകയും ചെയ്യുമെന്ന് വി.കെ. സുരേഷ്ബാബു ഉദാഹരണ സഹിതം വ്യക്തമാക്കി. വീടുകള്‍ വിവിധ മേഖലകള്‍ക്കായുള്ള ഉത്പാദന കേന്ദ്രങ്ങളായി പരിവര്‍ത്തിപ്പിക്കണം. പ്രകൃതിയെ അറിഞ്ഞുള്ള പദ്ധതി രൂപീകരണത്തിലൂടെ ഭാവിയിലേക്കുള്ള കരുതലായി ഓരോ പ്രദേശങ്ങളേയും പരിവര്‍ത്തിപ്പിക്കാനാകുമെന്നും സെമിനാറില്‍ അഭിപ്രായമുയര്‍ന്നു.

പൂക്കോട്ടൂര്‍ പള്ളിപ്പടിയിലെ പള്ളി ഹാളില്‍ നടന്ന സെമിനാര്‍ മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കാരാട്ട് അബ്ദുറഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. മുഹമ്മദ് ഇസ്മയില്‍ മാസ്റ്റര്‍ അധ്യക്ഷനായിരുന്നു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി. റഷീദ് ബാബു മുഖ്യ പ്രഭാഷണം നടത്തി. വാര്‍ഡ് അംഗം വി.പി. സുമയ്യ ടീച്ചര്‍, വി.പി. സലിം മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പശ്ചാത്തലം, വിദ്യാഭ്യാസം, സേവനം, ഉത്പാദനം, യുവജന ക്ഷേമം, വനിതാ ക്ഷേമം, ശിശു വികസനം, പട്ടികജാതി ക്ഷേമം, ആരോഗ്യം, കൃഷി തുടങ്ങി വിവിധ മേഖലകളില്‍ സാധ്യമാക്കാവുന്ന പദ്ധതികള്‍ സംബന്ധിച്ചുള്ള ജനകീയ ചര്‍ച്ചയും തുടര്‍ന്ന് നടന്നു.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •