മാധ്യമ പ്രവര്‍ത്തകന്‍ മന്‍സൂറലി ചെമ്മാടിന് മോട്ടോര്‍ വാഹന വകുപ്പിന്റെ ആദരം

തിരൂരങ്ങാടി: റോഡ് സുരക്ഷാ ബോധവല്‍ക്കരണ രംഗത്തെ വേറിട്ട മാതൃകക്ക് മോട്ടോര്‍ വാഹന വകുപ്പിന്റെ ആദരം. മാധ്യമ പ്രവര്‍ത്തകനായ മന്‍സൂറലി ചെമ്മാടിനെയാണ് തിരൂരങ്ങാടി ജോയിന്റ് ആര്‍ ടി ഒ എം പി അബ്ദുല്‍ സുബൈറിന്റെ നേതൃത്വത്തില്‍ തിരൂരങ്ങാടി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി ആദരിച്ചത്.

ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നടന്ന നൂറില്‍ പരം വാഹനാപകടങ്ങളുടെ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ച് കൊണ്ടുള്ള മന്‍സൂറലിയുടെ ബോധവല്‍ക്കരണ സംരംഭം ഏറെ ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. അപകട സ്ഥലത്ത് നിന്നും നേരിട്ട് പകര്‍ത്തിയ ഫോട്ടോകളാണ് പ്രദര്‍ശനത്തില്‍ കൂടുതലായുള്ളത്. മലപ്പുറം ജില്ലയിലും പുറത്തുമായി അറുനൂറില്‍ പരം പ്രദര്‍ശനങ്ങള്‍ നടന്നിട്ടുണ്ട്. 2009 മുതലാണ് സ്വന്തം ശേഖരത്തില്‍ നിന്നുള്ള അപകട ചിത്രങ്ങളുമായി മന്‍സൂറലി ബോധവല്‍ക്കരണത്തിനിറങ്ങിയത്.

ജില്ലയിലെ നിരവധി സന്നദ്ധ സംഘടനകളുടെയും ലൈബ്രറികളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയുമെല്ലാം നേതൃത്വത്തില്‍ നടന്ന പ്രദര്‍ശനങ്ങള്‍ക്ക് മന്‍സൂറലിക്ക് ഒട്ടേറെ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മന്‍സൂറലിയുടെ ചിത്ര ശേഖരം പ്രശംസാര്‍ഹമാണെന്നും റോഡ് സുരക്ഷാ ബോധവല്‍ക്കരണത്തിന് അവ തുടര്‍ന്നും ഉപയോഗപ്പെടുത്തുമെന്നും ജോയിന്റ് ആര്‍ ടി ഒ എം പി അബ്ദുല്‍ സുബൈര്‍ പറഞ്ഞു.

ചടങ്ങില്‍ എം വി ഐ പി ച്ച് ബിജുമോന്‍, പ്രസ്‌ക്ലബ് പ്രസിഡന്റ് യുഎ റസാക്ക്, മുസ്താഖ് കൊടിഞ്ഞി, ഷമീര്‍ മേലെവീട്ടില്‍, കെ എം ഗഫൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share news
error: Content is protected !!
Scroll to Top