Section

malabari-logo-mobile

ഹിംസയെ അടിസ്ഥാന ധാര്‍മ്മികബോധമാക്കുന്ന സമൂഹത്തില്‍ ഇനിയും കൊലപാതകങ്ങള്‍ ഉണ്ടാകും

HIGHLIGHTS : 'നിങ്ങളില്‍ തെറ്റു ചെയ്യാത്തവര്‍ കല്ലെറിയട്ടെ' എന്നത് ഒരു ബൈബിള്‍ വാക്യമാണ്

ജനാധിപത്യം ശ്രമപ്പെട്ട് പഠിച്ചെടുക്കേണ്ട ഒരു ജീവിതശൈലിയാണ്.

ഡോ. വി. അബ്ദുള്‍ ലത്തീഫ് എഴുതുന്നു

sameeksha-malabarinews

 

‘നിങ്ങളില്‍ തെറ്റു ചെയ്യാത്തവര്‍ കല്ലെറിയട്ടെ’ എന്നത് ഒരു ബൈബിള്‍ വാക്യമാണ്. പേരിയ ഇരട്ടക്കൊലപാതകത്തിന്റെയും കാശ്മീരിലെ ഭീകരാക്രമണത്തിന്റെയും പശ്ചാത്തലത്തില്‍ ഈ വാക്യത്തിന് പ്രസക്തിയുണ്ട്. വേദനാജനകമാണ് രണ്ടു വാര്‍ത്തകളും. യൗവനാരംഭത്തിലുള്ള രണ്ടു ചെറുപ്പക്കാര്‍ മൃഗീയമായി കൊലചെയ്യപ്പെടുക എന്നത് ആര്‍ക്കും മനസ്സു മടുപ്പിക്കുന്ന കാര്യമാണ്. ഹിംസ ആഗ്രഹിക്കുന്ന ഒരു ജനതയാണ് നാം എന്ന് തൊട്ടടുത്ത നിമിഷം തിരിച്ചറിയുമ്പോഴാണ് ഈ ഞെട്ടലിന് ആഴം കൂടുക. ഹിംസയെ അടിസ്ഥാന ധാര്‍മ്മിക ബോധമാക്കി നിര്‍ത്തുന്ന ഒരു സമൂഹത്തില്‍നിന്ന് ഇത്തരം ഹീനകര്‍മ്മങ്ങള്‍ ഇനിയും പ്രതീക്ഷിക്കാം. കൊല്ലുന്നവരും കൊല്ലപ്പെടുന്നവരും മാറുമെന്നു മാത്രം. തിരഞ്ഞെടുപ്പിനു തൊട്ടു മുമ്പില്‍നിന്നുള്ള മാധ്യമക്കസര്‍ത്തുകള്‍ മാറ്റിവെച്ച് ആലോചിച്ചാല്‍ കേരളത്തിലെ രാഷ്ട്രീയകൊലപാതകങ്ങളുടെ നാള്‍വഴിക്കണക്ക് പറഞ്ഞു തരിക അതാണ്.

പേരിയ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ എച്ച്മുക്കുട്ടിയുടെ ഒരു നിരീക്ഷണമുണ്ട്. അഹിംസ ശ്രമപ്പെട്ട് പരിശീലിക്കേണ്ടാതാണ് എന്നാണ് അവര്‍ പറഞ്ഞത്. ഇതിനെ കുറച്ചുകൂടി വിശാലമാക്കിയാല്‍ ജനാധിപത്യം ശ്രമപ്പെട്ട് പഠിച്ചെടുക്കേണ്ട ഒരു ജീവിതശൈലിയാണ് എന്നാക്കാം. കളിക്കളത്തിലായാലും കൂട്ടംകൂടിയുള്ള കക്ഷിരാഷ്ട്രീയ ചര്‍ച്ചയായാലും ‘കൊല്ല്’ എന്ന ആക്രോശം പഴയ ഗോത്രജീവിത യുക്തിയുടെ കണ്ണിനു കണ്ണ്, പല്ലിനു പല്ല് ശൈലിയുടെ അവശേഷിപ്പാണ്. നാടുവാഴികളും രാജാക്കന്മാരും കൊളോണിയല്‍ ശക്തികളും കൊല്ലലിന്റെയും ഭയപ്പെടുത്തലിന്റെയും രീതിശാസ്ത്രമാണ് പ്രയോഗിച്ചത്. ജനം തന്നെയാണ് രാജാവ് എന്ന് ജനാധിപത്യം ഭരണകൂടവ്യവസ്ഥയെ പുനര്‍നിര്‍ണ്ണയിച്ചപ്പോള്‍ തല്ലിത്തീര്‍ക്കലും കൊന്നൊടുക്കലും ആയുധംകാട്ടിയുള്ള ഭീഷണപ്പെടുത്തലും പഴഞ്ചരക്കാകേണ്ടതാണ്. എന്നാല്‍ അതല്ല സംഭവിക്കുന്നത്.

സൗമ്യ കൊലക്കേസും ജിഷ കൊലക്കേസും ഡല്‍ഹിയിലെ നിര്‍ഭയ കൊലക്കേസും പൊതുജനം ചര്‍ച്ചക്കെടുത്തപ്പോള്‍ അതിലെല്ലാം പ്രതിയായവരെ വെട്ടിക്കൊല്ലണം എന്നാണ് മുഖ്യവാദമായത്. കോടതിയ്ക്കും പോലീസിനും വിട്ടാല്‍ അവര്‍ രക്ഷപ്പെടുമെന്നും അവരെ ജനക്കൂട്ടത്തിന് കൈകാര്യം ചെയ്യാന്‍ വിടണമെന്നും വിദ്യാസമ്പന്നര്‍ പോലും വീറോടെ വാദിക്കുന്നതു കണ്ടിരുന്നു. വധശിക്ഷ പ്രാകൃതമാണ്, അത് ആധുനിക സമൂഹത്തിനു ചേര്‍ന്നതല്ല എന്ന ആശയം പോലും അക്രമാസക്തമായാണ് നമ്മുടെ നാട്ടില്‍ സ്വീകരിക്കപ്പെട്ടത്.
പരസ്പരം ആദരിക്കുകയും ബഹുമാനിക്കുകയും അവരവരുടെ ജീവിത പരിസരങ്ങളില്‍ ജീവിക്കാനും ആശയാവലികള്‍ കൊണ്ടുനടക്കാനും ജനാധിപത്യസമൂഹത്തില്‍ എല്ലാവര്‍ക്കും അവകാശമുണ്ട് എന്ന പ്രാഥമികപാഠം മറക്കുന്നതാണ് നമ്മുടെ പൊതുബോധ ചിന്ത. സംഘടിതമായി വാദമുഖങ്ങളുയര്‍ത്താനുള്ള ജനാധിപത്യത്തിലെ തുറസ്സുകള്‍ കുടുസ്സു ചിന്തകളെ പൊതുബോധമായി മാറ്റിയെടുക്കാനുള്ള കുറുക്കുവഴിയായി കാണുന്നത് വലിയ അപകടമാണ്. ജനക്കൂട്ടത്തിന്റെ കാഴ്ചപ്പാടും വികാരവും മിക്കപ്പോഴും ശാസ്ത്രീയമോ പുരോഗമനപരമോ ആകണമെന്നില്ല. തങ്ങളുടെ കാഴ്ചപ്പാടുകള്‍ക്കപ്പുറം നില്‍ക്കുന്നവര്‍ എതിര്‍ക്കെപ്പെടേണ്ടവരാണ് എന്ന ചിന്തയില്‍ത്തന്നെ ഹിംസയുണ്ട്. അയാളും ശരിയായിരിക്കാം. എന്റെ ശരിയും അയാളുടെ ശരിയും ചേര്‍ന്ന് വലിയൊരു ശരിയിലെത്തിക്കാന്‍ ഒരു കോഫി ടൈം ഡിസ്‌കഷന്‍ മതിയാകും എന്നു വിചാരിക്കേണ്ടിടത്താണ് നമ്മള്‍ അടിയെടാ കൊല്ലെടാ എന്നാക്രോശിക്കുന്നത്, ആളും അര്‍ത്ഥവുമുള്ളവര്‍ അത് നടപ്പിലാക്കുന്നത്.

ചിന്തയില്‍പ്പോലും ഹിംസയില്ലാതെ സ്വയം പരിശീലിപ്പിച്ചെടുക്കുന്ന ഒരു ജനതയാണ് നമുക്കാവശ്യം.

(ലേഖകന്‍ ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല കൊയിലാണ്ടി കേന്ദ്രത്തിലെ മലയാളവിഭാഗം അധ്യാപകനാണ്)

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!