ജനാധിപത്യത്തിന്റെ മൂന്ന് തൂണുകളും ദ്രവച്ചു കഴിഞ്ഞു:ജസ്റ്റിസ് കെമാല്‍ പാഷ

പരപ്പനങ്ങാടി: ജനാധിപത്യത്തിന്റെ മൂന്ന് തൂണുകളും ദ്രവിച്ചു കഴിഞ്ഞെന്ന് ജസ്റ്റിസ് കെമാല്‍ പാഷ. പരപ്പനങ്ങാടിയില്‍ വി ദ പീപ്പള്‍ ഓഫ് ഇന്ത്യ ഒരുക്കിയ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തില്‍ ഒരു പൊളിച്ചെഴുത്തിനു സമയമായിരിക്കുകയാണ്. മൃഗീയമായ ഭൂരിപക്ഷ തീരുമാനങ്ങള്‍ നടപ്പാക്കലല്ല ജനാധിപത്യം. ശരിയായ തീരുമാനങ്ങളാണ് വരേണ്ടത്. എതിരായ അഭിപ്രായങ്ങള്‍ അടിച്ചമര്‍ത്തുന്ന രീതിയാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഗാന്ധിജിയേയും താജ്മഹലിനെയും വെറുക്കുന്നവര്‍ ലോകതലവന്‍മാര്‍ വരുമ്പോള്‍ പട്ടേല്‍ വിഗ്രഹങ്ങള്‍ മറച്ചു പിടിച്ചും കോളനികള്‍ മതില്‍ കെട്ടിയും ഇന്ത്യയിലെ നേരിനെ മായ്ക്കുന്നതോടൊപ്പം അവരെ കാണിക്കുന്നത് മഹാത്മജിയേയും താജ്മഹലുമാണ്. ജനാധിപത്യത്തില്‍ പ്രതികരണ ശേഷിയില്ലാത്തവര്‍ ഉണ്ടായാല്‍ രാജ്യം അരാജകത്വത്തിലേക്ക് നീങ്ങും എന്നതിനു തെളിവാണ് ഇന്നു കാണുന്നതെന്നും അദേഹം പറഞ്ഞു. ജനാധിപത്യത്തിന്റെ എല്ലാ തൂണുകളും ദ്രവിച്ചു കഴിഞ്ഞു. അല്പമെങ്കിലുമുള്ളത് മാധ്യമങ്ങള്‍ക്കാണ്. അതു കൊണ്ടാണ് ലോകം സത്യം തിരിച്ചറിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരിപാടിയില്‍ ഫാദര്‍ പി എല്‍ ഡെന്നി അധ്യക്ഷനായി. അജിത് കൊളാടി, ആലങ്കോട് ലീലാകൃഷ്ണന്‍, അഡ്വ:കെ ടി ബാലകൃഷ്ണന്‍ എന്നിവരും വിവിധ വിഷയങ്ങളില്‍ സംസാരിച്ചു. പരപ്പനങ്ങടി ടൗണില്‍ നടന്ന പൊതുസമ്മേളനം കമാല്‍ പാഷ ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍, ഡോ.ഹരിപ്രിയ, ശ്രീജിത്ത് അരിയല്ലൂര്‍, എ വി വിനോദ്കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഫിറോസ് ബാബു നയിച്ച ദേശഭക്തിഗാനവും നടന്നു.

Share news
error: Content is protected !!
Scroll to Top