വ്യാജ കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി പിടിയില്‍

മലപ്പുറം:വ്യാജ കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച് ലക്ഷങ്ങള്‍ തട്ടിയ കേസിലെ പ്രതി പിടിയിലായി. വളാഞ്ചേരി അര്‍മ ലാബ് ഉടമ സുനില്‍ സാദത്തിന്റെ മകന്‍ സഞ്ജീദ് (20)എന്ന സാദത്തിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ വിദേശത്തേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ നെടമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ഇന്ന് രാവിലെ സി.ഐ എം.കെ ഷാജിയും സംഘവുമാണ് അറസ്റ്റ് ചെയ്തത്.

ദുബൈയിലേക്ക് രക്ഷപ്പെടാനായിരുന്നു സഞ്ജീദിന്റെ ശ്രമം. ഇയാളുടെ മൊഴി പ്രകാരം കൂട്ടുപ്രതി കരേക്കാട് സ്വദേശി മുഹമ്മദ് ഉനൈസിനേയും ഇന്ന് അറസ്റ്റ് ചെയ്തു.

കോവിഡ് പരിശോധനക്കായി ശേഖരിക്കുന്ന സ്രവം ലാബില്‍ തന്നെ നശിപ്പിച്ച ശേഷം വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയാണ് വളാഞ്ചേരി കൊളമംഗലത്തെ അര്‍മ ലാബ് ഉടമകള്‍ പണം തട്ടിയിരുന്നത്. അര കോടിയിലേറെ രൂപ ഇത്തരത്തില്‍ ഇവര്‍ തട്ടിയതായി പൊലീസ് കണ്ടെത്തുകയും ലാബ് അടച്ച് പൂട്ടുകയും ചെയ്തിരുന്നു. നേരത്തെ ലാബ് ജീവനക്കാരനെ അറസ്റ്റ് ചെയ്തിരുന്നു.

സംഭവത്തെ തുടര്‍ന്ന് ഉടമ സുനില്‍ സാദത്ത് ഒളിവാലണ്. ഇയാള്‍ മഞ്ചേരി കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ലാബ് നടത്തിയിരുന്നത് സഞ്ജീദ് ആണ്. ഇയാള്‍ ഒളിവിലായിരുന്നു. അതിനിടെയാണ് ഇന്ന് വിദേശത്തേക്ക് രക്ഷപ്പെടുന്നതായി വിവരം ലഭിച്ചത്. കോവിഡ് പരിശോധനക്ക് സര്‍ക്കാര്‍ അംഗീകാരമുളള കോഴിക്കോട് മൈക്രോ ഹെല്‍ത്ത് ലബോറട്ടറിയുടെ ഫ്രൈഞ്ചൈസിയായിരുന്നു അര്‍മ ലാബ്. ഇതിന്റെ മറവിലായിരുന്നു തട്ടിപ്പ് നടത്തിയത്. ഇവിടെ സ്രവം ശേഖരിച്ച ശേഷം കോഴിക്കോട്ടേക്ക് അയക്കണം. ഫലം പോസിറ്റീവാണെങ്കില്‍ ആരോഗ്യവകുപ്പിനേയും നെഗറ്റീവാണെങ്കില്‍ ലാബിനേയും അറിയിക്കും. എന്നാല്‍ അര്‍മലാബ് സ്രവം പരിശോധനക്ക് അയക്കാതെ വ്യാജ റിപ്പോര്‍ട്ട് തയ്യാറാക്കി ആളുകളെ കബളിപ്പിക്കുകയായിരുന്നു. ഇവിടെ 2500ല്‍ അധികം സാമ്പിളുകള്‍ ലാബ് ശേഖരിച്ചിട്ടുണ്ടെന്നാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. മൈക്രോ ലാബ് അധികൃതര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് വളാഞ്ചേരി പൊലീസ് നടത്തിയ അന്വേഷണത്തിലായിരുന്നു തട്ടിപ്പ് പുറത്തായത്.

 

Share news
error: Content is protected !!
Scroll to Top