വള്ളിക്കുന്നില്‍ സ്‌കൂട്ടര്‍ കത്തിച്ച പ്രതി അറസ്റ്റില്‍

വള്ളിക്കുന്ന്: അത്താണിക്കല്‍ കോട്ടക്കുന്നില്‍ വീടിന് മുന്നില്‍ ഇരുന്ന സ്‌കൂട്ടര്‍ പെട്രോളൊഴിച്ചു കത്തിച്ച കേസിലെ പ്രതി പിടിയിലായി. ചെട്ടിപ്പടി ആലുങ്കല്‍ കരണമന്റെ പുരക്കല്‍ വീട്ടില്‍ ഇസ്മയില്‍ (25) ആണ് അറസ്റ്റിലായത്.

സ്‌കൂട്ടര്‍ കത്തിച്ചതിനു ശേഷം ഒളിവില്‍ പോയ പ്രതി ഇന്ന് പുലര്‍ച്ചെ ആനങ്ങാടി ഫിഷ് ലാന്റിംഗ് സെന്ററില്‍ എത്തിയിട്ടുണ്ട് എന്ന രഹസ്യ വിവരത്തിന്റെ അടിസഥാനത്തില്‍ മഫ്തിയില്‍ പോലീസ് പരിശോധന നടത്തുകയായിരുന്നു. പോലീസിനെ കണ്ട് കടലുണ്ടി പാലത്തിലേക്ക് ഓടിക്കയറി അഴിമുഖത്തേക്ക് ചാടുകയായിരുന്നു. മയക്കുമരുന്നിന് അടിമയായ പ്രതി ഇതിനു മുന്‍പും സമാന രീതിയിലുള്ള കുറ്റകൃത്യങ്ങള്‍ നടത്തിയിട്ടുണ്ട്. മയക്കു മരുന്നിന്റെ ലഹരിയിലാണ് സ്‌കൂട്ടര്‍ കത്തിച്ചത് എന്ന് പ്രതി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. അത്താണിക്കലുള്ള പെട്രോള്‍ പമ്പില്‍ നിന്നും കുപ്പിയില്‍ വാങ്ങിയ പെട്രോള്‍ ആണ് സ്‌കൂട്ടര്‍ കത്തിക്കുവാനായി പ്രതി ഉപയോഗിച്ചത്. പ്രതി പമ്പില്‍ നിന്നും പെട്രോള്‍ വാങ്ങുന്ന സിസി ടി വി ദൃശ്യങ്ങള്‍ പോലീസ് നേരത്തേ തന്നെ ശേഖരിച്ചിരുന്നു. പാലത്തില്‍ നിന്നും അഴിമുഖത്തേക്ക് ചാടിയ പ്രതിയെ ഏകദേശം 2 മണിക്കൂറിനു ശേഷം നാട്ടുകാരുടെ സഹായത്തോടെ പോലീസ് കരയ്ക്ക് കയറ്റി അറസ്റ്റ് ചെയ്യുകയായിരുന്നു.

പരപ്പനങ്ങാടി എസ്‌ഐ പ്രദീപിന്റെ നേതൃത്വത്തില്‍ എഎസ്‌ഐ ജയദേവന്‍ പോലീസുകാരായ ഫൈസല്‍, സഹദേവന്‍, ജിഷോര്‍, ബിജേഷ്, ജിനേഷ്, ദിലീപ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ തെളിവെടുപ്പിന് ശേഷം കോടതിയില്‍ ഹാജരാക്കും.

 

 

Share news
error: Content is protected !!
Scroll to Top