
തിരുവനന്തപുരത്ത് തമ്പാനൂര്‍ ഹോട്ടല്‍ റിസപ്ഷനിസ്റ്റിനെ വെട്ടിക്കൊന്ന പ്രതി പിടിയില്‍. നെടുമങ്ങാട് സ്വദേശി അജീഷാണ് പിടിയിലായത്. ഹോട്ടലില്‍ മുറിയെടുക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് ദിവസം മുന്‍പ് നടന്ന തര്‍ക്കമാണ് കൊലപാതകത്തിന് കാരണം.
ഇന്ന് രാവിലെയാണ് തിരുവനന്തപുരത്ത് ഹോട്ടല്‍ റിസപ്ഷനിസ്റ്റിനെ വെട്ടിക്കൊന്നത്. പട്ടാപ്പകല്‍ ആളുകള്‍ നോക്കി നില്‍ക്കെയായിരുന്നു കൊലപാതകം. തമ്പാനൂര്‍ ഹോട്ടല്‍ സിറ്റി ടവറിലെ റിസപ്ഷനിസ്റ്റ് അയ്യപ്പനെയാണ് കൊലപ്പെടുത്തിയത്. രാവിലെ 8:30 ഓടെ ബൈക്കില്‍ എത്തിയ അക്രമി അയ്യപ്പനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് കടന്നുകളഞ്ഞ അക്രമിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
പ്രതിയുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ വ്യക്തമാണ്. ആയുധവും ബാഗുമായാണ് ഇയാള്‍ ഹോട്ടലിലേക്ക് കയറി പോകുന്നത്. പ്രതിയുടെ മുഖം ദൃശ്യങ്ങളില്‍ വ്യക്തമാണ്.




