
കോഴിക്കോട് : അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളിറങ്ങാനുള്ള സാധ്യത കൂടുതല്‍ അനിശ്ചിതത്വത്തിലാക്കി റണ്‍വേയുടെ നീളം കുറയ്ക്കാന്‍ വിമാനത്താവള അതോറിറ്റി തീരുമാനിച്ചു. 2860 മീറ്ററില്‍നിന്ന് 2560 മീറ്ററായാണ് കുറയ്ക്കുക. അടുത്ത ഡിസംബറോടെ പണി പൂര്‍ത്തിയാക്കാനാണു ലക്ഷ്യം. റണ്‍വേ നീളം കുറയ്ക്കുന്നതിനെതിരേ കടുത്ത പ്രതിഷേധം നിലനില്‍ക്കുന്നതിനിടെയാണ് നടപടി. റണ്‍വേയുടെ രണ്ടറ്റത്തുമുള്ള റിസ (റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയ)യുടെ നീളം വര്‍ധിപ്പിക്കാനാണ് റണ്‍വേ ചുരുക്കുന്നത്.
വിമാനത്താവള അതോറിറ്റിയുടെ തീരുമാനം വിമാനത്താവളത്തിനു കനത്ത തിരിച്ചടിയാണ്. ഹജ്ജ് വിമാന സര്‍വീസ് എന്നെന്നേക്കുമായി നഷ്ടമാകാനും കാരണമാകുമെന്ന ആശങ്കയുമുണ്ട്. റണ്‍വേയുടെ നീളം കുറയ്ക്കരുതെന്ന് തിങ്കളാഴ്ച ചേര്‍ന്ന വിമാനത്താവള ഉപദേശകസമിതി ആവശ്യപ്പെട്ടിരുന്നു.
കരിപ്പൂരിലെ റണ്‍വേയുടെ നീളം കുറയ്ക്കാനുള്ള എയര്‍പോര്‍ട്ട് അതോറിറ്റിയുടെ തീരുമാനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് വിമാനത്താവള ഉപദേശകസമിതി അധ്യക്ഷന്‍ എം.പി. അബ്ദുസ്സമദ് സമദാനി എം.പി. പറഞ്ഞു. വലിയ വിമാന സര്‍വീസ് പുനരാരംഭിക്കുന്നതിന് തടസ്സമാകുന്ന ഈ നീക്കത്തില്‍നിന്ന് അധികൃതര്‍ പിന്തിരിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
റണ്‍വേയുടെ ദൈര്‍ഘ്യം കുറയ്ക്കുന്ന ഒരു നടപടിയും ഉണ്ടാകരുതെന്ന് എം.പി.മാരും മറ്റു ജനപ്രതിനിധികളും രാഷ്ട്രീയ, സാമൂഹിക സംഘടനകളും പൊതുസമൂഹവും ഏകസ്വരത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളതാണ്. ഇക്കാര്യം വ്യോമയാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതുമാണ്. അത് നിര്‍ദേശം മാത്രമാണെന്നും അന്തിമതീരുമാനമല്ലെന്നുമാണ് മന്ത്രി മറുപടി നല്‍കിയത്. ഈ നീക്കത്തിലുള്ള ജനങ്ങളുടെ ശക്തമായ പ്രതിഷേധം അടുത്തദിവസം തുടങ്ങുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.




