തിരൂര്‍ : ഭാരതപുഴയില്‍ കുളിക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ട് കാണാതായ തിരൂര്‍ നടുവിലങ്ങാടി അഫ്‌സല്‍ (19) ന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ നടത്തിയ തിരച്ചിലിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്.
ബുധനാഴ്ച രാവിലെ സുഹൃത്തുക്കളായ 4 പേരും ചേര്‍ന്ന് നിളാ പാര്‍ക്കിന് സമീപം കുളിച്ച് കൊണ്ടിരിക്കെയാണ് 2 പേര്‍ ഒഴുക്കില്‍ പ്പെട്ടത്. തിരൂര്‍ നടുവിലങ്ങാടി സ്വദേശി നാസറിന്റെ മകന്‍ അനസി (21) ന്റെ മൃതദേഹം ഇന്നലെ ഉച്ചയോടെ കണ്ടെടുത്തിരുന്നു.
പുഴയുടെ മധ്യഭാഗത്ത് ആഴം കുറഞ്ഞ ഭാഗത്തായി കുളിച്ചുകൊണ്ടിരിക്കെയാണ് രണ്ടുപേര്‍ ഒഴുക്കില്‍പ്പെട്ട് പോയത്. ഇവര്‍ക്ക് രണ്ട് പേര്‍ക്കും നീന്തല്‍ അറിയില്ലായിരുന്നു.
തിരൂരില്‍ നിന്നും, പൊന്നാനിയില്‍ നിന്നുമെത്തിയ ഫയര്‍ഫോഴ്‌സ് ഇന്നലെ രാത്രി ഏറെ വൈകി തെരച്ചില്‍ നടത്തിയെങ്കിലും അഫ്‌സലിന്റെ മൃതദേഹം കണ്ടെത്താനായില്ല. നടുവിലങ്ങാടി സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരനാണ് അനസ്. ഇന്നലെ കടമുടക്കമായതിനാല്‍ ഇവര്‍ തിരൂരില്‍ നിന്നും കുറ്റിപ്പുറം നിളാപാര്‍ക്കില്‍ എത്തുകയായിരുന്നു. മരിച്ച അഫ്‌സലിന്റെ മാതാവ് മൈമൂന, സഹോദരങ്ങള്‍ അഫ്‌സത്ത്, ഫാത്തിമ.




