ജീവനൊടുക്കിയ മാനന്തവാടി സബ് ആര്‍ടി ഓഫിസ് ജീവനക്കാരി സിന്ധുവിന്റെ ഡയറി കണ്ടെത്തി. മുറിയില്‍ നിന്ന് 20 പേജുള്ള ഡയറിയും ചില കുറിപ്പുകളും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ഓഫിസിലെ ഉദ്യോഗസ്ഥരില്‍ നിന്ന് സിന്ധുവിന് മാനസിക പീഡനമുണ്ടായതായി ഡയറിയില്‍ സൂചനയുണ്ട്. ഓഫിസില്‍ താന്‍ ഒറ്റപ്പെട്ടെന്നും ജോലി നഷ്ടപ്പെടുമെന്ന് ആശങ്കയുണ്ടെന്നും ഡയറിയില്‍ സിന്ധു കുറിച്ചിട്ടുണ്ട്.
മാനന്തവാടി ഓഫീസിലെ പ്രശ്‌നങ്ങളില്‍ കല്‍പ്പറ്റ ആര്‍ടിഒയെ നേരില്‍ കണ്ട് സിന്ധു ജീവനൊടുക്കുന്നതിന് 3 ദിവസം മുന്‍പ് പരാതി നല്‍കിയെന്നാണ് വിവരം. ഓഫിസില്‍ സുഖമായി ജോലി ചെയാനുള്ള അന്തരീക്ഷമുണ്ടാക്കണമെന്ന് സിന്ധു വയനാട് ആര്‍ടിഒയോട് ആവശ്യപ്പെട്ടിരുന്നു. ഓഫിസില്‍ ചേരിതിരിവ് ഉണ്ടെന്ന് സിന്ധു ഉള്‍പ്പെടെ അഞ്ച് പേരാണ് പരാതിപ്പെട്ടിരുന്നത്. എന്നാല്‍ സിന്ധു തനിക്ക് രേഖാമൂലം പരാതി നല്‍കിയിട്ടില്ലെന്നാണ് വയനാട് ആര്‍ടിഒ മോഹന്‍ദാസ് വിശദീകരിക്കുന്നത്.
മാനന്തവാടി സബ് ആര്‍ടിഒ ഓഫീസിലെ സീനിയര്‍ ക്ലര്‍ക്കായിരുന്നു 42 വയസുകാരിയായ സിന്ധു. ഇന്നലെ രാവിലെയാണ് എള്ളുമന്ദത്തെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ സിന്ധുവിനെ കണ്ടെത്തിയത്. എന്നാല്‍ മാനന്തവാടി ആര്‍ടിഒ ഓഫിസ് ജീവനക്കാരിയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ദുരൂഹതയുണ്ടെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. ഓഫീസിലെ സഹപ്രവര്‍ത്തകരില്‍ നിന്നുണ്ടായ മാനസിക പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം.
മാനന്തവാടി സബ് ആര്‍ടിഒ ഓഫീസിലെ ജീവനക്കാരി സിന്ധുവിന്റെ മരണത്തില്‍ ബന്ധുക്കളുടെയും സഹപ്രവര്‍ത്തകരുടെയും മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. ഭിന്നശേഷിക്കാരിയായ സിന്ധുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ എള്ളുമന്ദത്തെ വീട്ടില്‍ കഴിഞ്ഞ ദിവസം പൊലീസ് വിശദമായ പരിശോധന നടത്തിയിരുന്നു. സിന്ധു ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണും ലാപ്‌ടോപും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുറിയില്‍ നിന്ന് ഡയറിയും ചില കുറിപ്പുകളും കണ്ടെത്തിയെന്നാണ് സൂചന.




