പൊലീസുകാരുടെ മരണം; ഷോക്കേറ്റത് ‘പന്നിക്കെണി’യില്‍ നിന്ന്; ഒരാള്‍ അറസ്റ്റില്‍

പാലക്കാട്: മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്പിന് സമീപം രണ്ട് പൊലീസുകാര്‍ ദുരൂഹസാഹചര്യത്തില്‍ ഷോക്കേറ്റ് മരിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. കാട്ടുപന്നിക്ക് വേണ്ടി വൈദ്യുതക്കെണി വച്ച വര്‍ക്കാട് സ്വദേശിയായ സുരേഷാണ് അറസ്റ്റിലായത്. ബോധപൂര്‍വമായ നരഹത്യ, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. ഇയാളുടെ വീടിന് സമീപത്ത് വെച്ചാണ് ഹവില്‍ദാര്‍മാരായ മോഹന്‍ദാസ്, അശോകന്‍ എന്നിവര്‍ ഷോക്കേറ്റ് മരിച്ചത്. എന്നാല്‍ മൃതദേഹങ്ങള്‍ ക്യാമ്പിന് സമീപത്തെ വയലിലാണ് കണ്ടെത്തിയിരുന്നത്. സുരേഷ് തന്നെയാണ് മൃതദേഹങ്ങള്‍ വയലില്‍ കൊണ്ടിട്ടതെന്നാണ് കണ്ടെത്തലെന്നും പാലക്കാട് എസ്പി ആര്‍ വിശ്വനാഥ് വിശദീകരിച്ചു.

സുരേഷിന്റെ വീടിന്റെ മതിലിനോട് ചേര്‍ന്നാണ് പന്നിക്കെണിവെച്ചിരുന്നത്. രാത്രിയില്‍ കെണിയിലേക്ക് ഇലക്ട്രിസിറ്റി കണക്ഷനും കൊടുത്തു. രാത്രിയില്‍ ഇതുവഴിവന്ന പൊലീസുകാര്‍ക്ക് ഷോക്കേറ്റു. പുലര്‍ച്ചെ രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സുരേഷ് മൃതദേഹങ്ങള്‍ പാടത്ത് കൊണ്ടുപോയി ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ വിശദീകരണം. കൈവണ്ടിയില്‍ കയറ്റിയാണ് മൃതദേഹം സുരേഷ് വയിലിലേക്ക് കൊണ്ടുപോയിട്ടത്.

ഇരുവരെയും ബുധനാഴ്ച രാത്രി ഒമ്പതര മുതല്‍ കാണാനില്ലായിരുന്നു. വ്യാഴാഴ്ച രാവിലെ പോലീസും ക്യാമ്പിലെ സേനാംഗങ്ങളും പരിസരപ്രദേശങ്ങളില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

Share news
error: Content is protected !!
Scroll to Top