അന്നയുടെ മരണം; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

ന്യൂഡല്‍ഹി: അമിതജോലിഭാരം കാരണം യുവ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ അന്ന സെബാസ്റ്റ്യന്‍ മരിച്ച സംഭവത്തില്‍ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍.
ബെംഗളൂരുവിലെ ഏണസ്റ്റ് ആന്‍ഡ് യങ്ങില്‍ ജീവനക്കാരിയായ 26കാരി മരിച്ച സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സ്ഥാപനത്തിലെ കടുത്ത ജോലി സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് കളമശ്ശേരി സ്വദേശി അന്ന സെബാസ്റ്റ്യന്‍ മരിച്ചത്.

പൂനെയിലെ ഇവൈയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായിരുന്നു അന്ന. സംഭവത്തില്‍ കേന്ദ്ര തൊഴില്‍ മന്ത്രാലയത്തോട് എന്‍എച്ച്ആര്‍സി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സ്വീകരിക്കേണ്ട നടപടികള്‍ വിശദീകരിക്കാനും കേന്ദ്രത്തോട് ആവശ്യപ്പെട്ടു. അന്ന സെബാസ്റ്റ്യന്റെ ദാരുണമായ വിയോഗത്തിന് ദിവസങ്ങള്‍ക്ക് ശേഷം, സുരക്ഷിതമല്ലാത്തതും ചൂഷണം ചെയ്യുന്നതുമായ തൊഴില്‍ അന്തരീക്ഷത്തെക്കുറിച്ച് മന്ത്രാലയം ഇതിനകം തന്നെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സുരക്ഷിതവും ജീവനക്കാര്‍ക്ക് പിന്തുണയേകുന്നതുമായ തൊഴില്‍ അന്തരീക്ഷം ഒരുക്കേണ്ടത് തൊഴിലുടമയുടെ ഉത്തരവാദിത്വമാണെന്നും കമ്മിഷന്‍ വ്യക്തമാക്കി.

ഓഡിറ്റ് ആന്‍ഡ് അഷ്വറന്‍സ് എക്‌സിക്യൂട്ടീവായി ഇവൈയില്‍ ചേര്‍ന്ന് നാല് മാസത്തിന് ശേഷം ജൂലൈ 20 ന് അന്ന സെബാസ്റ്റ്യന്‍ മരണപ്പെട്ടു. അതിനിടെ, ഏണസ്റ്റ് ആന്‍ഡ് യങ്ങിന്റെ (ഇവൈ) പ്രതിനിധികള്‍ വ്യാഴാഴ്ച കൊച്ചിയില്‍ അന്നയുടെ മാതാപിതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അന്നയുടെ അമ്മ എഴുതിയ കത്ത് സോഷ്യല്‍ മീഡിയയില്‍ ഇടംപിടിച്ചതിന് ശേഷം, കമ്പനി അവരുടെ അനുശോചനം അറിയിച്ചുകൊണ്ട് ഒരു കുറിപ്പ് പുറത്തിറക്കുകയും ജീവനക്കാര്‍ക്ക് ആരോഗ്യകരമായ ഒരു ജോലിസ്ഥലം മെച്ചപ്പെടുത്തുന്നതിനും നല്‍കുന്നതിനുമുള്ള വഴികള്‍ തുടര്‍ന്നും കണ്ടെത്തുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top