മന്ത്രവാദിയുടെ ചവിട്ടേറ്റ് യുവതി മരിച്ചു

16-crimeകൊല്ലം : ബാധ ഒഴിപ്പിക്കാനുള്ള ശ്രമത്തിനിടെ മന്ത്രവാദിയുടെ തൊഴിയേറ്റ് യുവതി അതി ദാരുണമായി മരിച്ചു. കൊല്ലം കരുനാഗപ്പള്ളി തഴുവ സ്വദേശിനി ഹസീന (26) ആണ് മരിച്ചത്. മന്ത്രവാദിയുടെ ചവിട്ടേറ്റതിനെ തുടര്‍ന്ന് യുവതിയുടെ നട്ടെല്ല് തകരുകയും, വയറില്‍ രക്തം നിറയുകയും ചെയ്താണ് യുവതി മരിച്ചത്. ഹസീനയുടെ പിതാവാണ് ഒരു കുഞ്ഞിന്റെ കൂടി അമ്മയായ ഇവരെ ബാധയൊഴിപ്പിക്കാനായി മന്ത്രവാദിയെ ഏല്‍പ്പിച്ചത്.

ആലപ്പുഴ വള്ളിക്കുന്ന് സ്വദേശി സിറാജുദ്ദീനാണ് മന്ത്രവാദി ചമഞ്ഞ് യുവതിയെ ബാധയൊഴിപ്പിക്കാന്‍ എത്തിയത്. ഒട്ടേറെ കേസുകളില്‍ ഇയാള്‍ പ്രതിയാണ്. ചവിട്ടേറ്റ് യുവതി ബോധം കെട്ടതോടെ മന്ത്രവാദി മുങ്ങുകയായിരുന്നു. ബോധം വരുമ്പോള്‍ ജിന്ന് ഒഴിഞ്ഞ് പോകുമെന്ന് ഇയാള്‍ ബന്ധുക്കളോട് പറഞ്ഞിരുന്നു. എന്നാല്‍ യുവതിയുടെ നില വഷളായതോടെ വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

അതേസമയം സാധാരണ മരണമാണെന്ന നിലയില്‍ സംസ്‌കരിക്കാന്‍ തുടങ്ങിയപ്പോഴാണ് നാട്ടുകാര്‍ ഈ വിവരം പോലീസിനെ അറിയിച്ചത്. തുടര്‍ന്ന് പിതാവിനെ ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറത്ത് വന്നത്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയപ്പോഴാണ് നട്ടെല്ല് തകര്‍ന്നതായും വയറില്‍ രക്തം നിറഞ്ഞതായും പോസ്റ്റ് മോര്‍ട്ടത്തില്‍ കണ്ടെത്തിയത്.

Share news
error: Content is protected !!
Scroll to Top