Section

malabari-logo-mobile

ബൗണ്ടറി നാടകത്തിനും, റഫീഖ് മംഗലശ്ശേരിക്കുമെതിരെ സൈബര്‍ ആക്രമണവുമായി സംഘപരിവാര്‍

HIGHLIGHTS : Parivar cyber attack on boundary play and Rafeeq Mangalassery

കോഴിക്കോട്;  ജില്ലാ റവന്യൂ കലേത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയ ബൗണ്ടറി നാടകത്തിനെതിരെയും, നാടക സംവിധായകന്‍ റഫീഖ് മംഗലശ്ശേരിക്കുമെതിരെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍. റഫീഖിന്റെ സോഷ്യല്‍ മീഡിയ പേജിലാണ് വ്യാപകമായ സൈബര്‍ ബുള്ളിയിങ് നടക്കുന്നത്. ഭീഷണിയും തെറിവിളികളും, വര്‍ഗ്ഗീയ പ്രയോഗങ്ങളും രൂക്ഷമാണ്.

ബൗണ്ടറി നാടകത്തിലെ പ്രധാന കഥാപാത്രത്തിന്റെ സംഭാഷണത്തിന്റെ പേരിലാണ് രൂക്ഷമായ ആക്രമണം നടക്കുന്നത്. ഹിന്ദു ഐക്യവേദി അടക്കമുള്ള സംഘടനകളും നാടകത്തിനും നാടകകൃത്തിനും എതിരെ രംഗത്തെത്തിയിട്ടുണ്ട്.

കോഴിക്കോട് മേമുണ്ട ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ കുട്ടികളാണ് നാടകം അവതരിപ്പിച്ചത്. അണ്ടര്‍ 19 ദേശീയ വനിതാ ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ഫാത്തിമ സുല്‍ത്താന എന്ന പെണ്‍കുട്ടിയാണ് നാടകത്തിലെ കേന്ദ്രകഥാപാത്രം. ഒരു മത്സരത്തില്‍ ഇന്ത്യക്കെതിരെ വിജയിച്ച പാക് ടീമിന്റെ ചിത്രവും, വാര്‍ത്തയും ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തതിന്റെ പേരില്‍ ഫാത്തിമ വിലക്ക് ഭീഷണി നേരിടുന്നു. നാടെങ്ങും ഫാത്തിമക്കെതിരെ കൊലവിളികള്‍ ഉയരുമ്പോള്‍ കുട്ടികള്‍ അവള്‍ക്കുവേണ്ടി പ്രതിരോധം തീര്‍ക്കുന്നതാണ് നാടകത്തിന്റെ ഇതിവൃത്തം.
നാടകത്തില്‍ കേന്ദ്രകഥാപാത്രത്തിന്റെ ഒരു സംഭാഷണമുണ്ട് ‘ബ്രസീലും, അര്‍ജന്റീനയും കളി ജയിക്കുമ്പോള്‍ കയ്യടിക്കാറില്ലേ…പിന്നെന്താ പാകിസ്ഥാന്‍ ജയിച്ച് കയ്യടിക്കുമ്പോള്‍ ഇത്ര പ്രശ്‌നം. നാടകത്തിലെ ഈ സംഭാഷണം മാത്രം മുറിച്ചെടുത്ത് പ്രചരിപ്പിച്ചാണ് സംവിധായകന്‍ രാജ്യവിരുദ്ധനാണെന്ന പ്രചരണവും നടക്കുന്നത.്

നാടകത്തിലെ തുടര്‍ന്നുളള സംഭാഷണങ്ങള്‍ മറച്ചുവെച്ചാണ് തനിക്കെതിരെ കുപ്രചരണം നടത്തുന്നതെന്ന് റഫീഖ് മംഗലശ്ശേരി പറയുന്നു. സങ്കുചിതമായ മതബോധവും, കേവല ദേശീയബോധവും ഒരു പോലെ അപകടകരമാണ് എന്ന സന്ദേശമാണ് നാടകം മുന്നോട്ട് വെക്കുന്നതെന്ന് റഫീഖ് വ്യക്തമാക്കി. ഈ നാടകത്തില്‍ തന്നെ ലോകകപ്പ് ഫുട്‌ബോളിനെതിരെ രംഗത്ത് വന്ന മതനേതാക്കളെ ഉള്‍പ്പെടെ വിമര്‍ശിക്കുന്നുണ്ട്.

നാടകത്തിന് പിന്നില്‍ തീവ്രവാദിശക്തികളെ പ്രീണിപ്പിക്കാനുള്ള സിപിഎം ഗൂഡാലോചനയാണെന്നാണ് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സക്രട്ടറി കെ ഷൈനു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വരും ദിവസങ്ങളില്‍ ഡിഇ ഓഫീസിലേക്കും, കലോത്സവ സംഘാടക സമിതിയോകത്തിലേക്കും ഹിന്ദു ഐക്യവേദി മാര്‍ച്ച് ചെയ്യുമെന്നും കെ. ഷൈനു വ്യക്തമാക്കി.

നേരത്തെ മേമുണ്ട സ്‌കൂളില്‍ തന്നെ നാടകം അവതരിപ്പിച്ചതിന്റെ പേരില്‍ മുസ്ലീം മതമൗലികവാദികളുടെ ഭീഷണി നേരിടേണ്ടി വന്നയാളാണ് റഫീഖ്. അന്ന് മുസ്ലീം സ്ത്രീകളെ വാങ്ക് വിളിക്കാന്‍ അനുവദിക്കാത്തതെന്ത് എന്ന ചോദ്യം ഉന്നയിച്ച ഈ നാടകത്തിനെതിരെ രംഗത്തെത്തിയത് മുസ്ലീം സംഘടനകളായിരുന്നു. അന്ന് ജില്ലയില്‍ ഒന്നാംസ്ഥാനം നേടിയിട്ടും സംസ്ഥാന കലോത്സവത്തില്‍ മത്സരിക്കാനാവാതെ കുട്ടികള്‍ക്ക് മടങ്ങേണ്ടിവന്ന ചിത്രം കേരളത്തില്‍ നവോത്ഥാന ചിന്തകള്‍ എത്രത്തോളം ചോദ്യം ചെയ്യപ്പെടുന്നുവെന്നതിന്റെ നേര്‍ക്കാഴ്ചയായിരുന്നു. റഫീഖിന്റെ ബദറുദ്ധീന്‍ കഥയെഴുതുമ്പോള്‍, റാബിയ എന്നീ നാടകങ്ങള്‍ക്കെതിരെയും മതസംഘടനകള്‍ രംഗത്തെത്തിയിരുന്നു.

 

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!