Section

malabari-logo-mobile

കസ്റ്റംസിന്റെ രാഷ്ട്രീയക്കളിക്ക് അതേ നാണയത്തില്‍ മറുപടി നല്‍കും ; ജനകീയരോഷം ബിജെപിയുടെ സമനില തെറ്റിച്ചു – തോമസ് ഐസക്

HIGHLIGHTS : The political game of customs will be answered in the same coin; Public outrage upsets BJP - Thomas Isaac

തിരുവനന്തപുരം : കസ്റ്റംസിന്റെ രാഷ്ട്രീയ വിടുവേലയ്‌ക്കെതിരെ കേരളത്തിലുയര്‍ന്ന ജനകീയരോഷം ബിജെപി സംസ്ഥാന അധ്യക്ഷന്റെയും കേന്ദ്രമന്ത്രി വി മുരളീധരന്റെയും സമനില തെറ്റിച്ചിരിക്കുകയാണ്. ഈ സംഘത്തിന്റെ ഏറ്റവും വലിയ ആയുധമായിരുന്നു ഈ വ്യാജമൊഴിയെന്ന് അവരുടെ പ്രതികരണങ്ങള്‍ തെളിയിക്കുന്നു. അത് ചീറ്റിപ്പോയപ്പോഴുണ്ടായ ഇച്ഛാഭംഗം മനസിലാക്കാവുന്നതേയുള്ളൂ. ഇത്തരം തട്ടിക്കൂട്ടു മൊഴികളും അതിനെച്ചൊല്ലി സൃഷ്ടിച്ചെടുക്കുന്ന മാധ്യമകോലാഹലവുമൊന്നും കേരളത്തില്‍ വിലപ്പോവില്ലെന്ന്, ചരടുവലിക്കുന്ന മാഫിയാ സംഘത്തിന് ഒരിക്കല്‍ക്കൂടി ബോധ്യമായെന്നും തോമസ് ഐസക് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

കസ്റ്റംസിന്റെ രാഷ്ട്രീയ വിടുവേലയ്ക്കെതിരെ കേരളത്തിലുയർന്ന ജനകീയരോഷം ബിജെപി സംസ്ഥാന അധ്യക്ഷന്റെയും കേന്ദ്രമന്ത്രി വി…

Posted by Dr.T.M Thomas Isaac on Sunday, 7 March 2021

കസ്റ്റംസ് നിയമപരമായ നടപടിക്രമങ്ങളിലൂടെയാണ് മുന്നോട്ടു പോകുന്നത് എന്നാണ് വി മുരളീധരന്റെ വക്കാലത്ത്. ഉദ്യോഗസ്ഥരുടെ ചരട് ആരുടെ കൈയിലാണ് എന്ന് ഇനി സംശയിക്കേണ്ട കാര്യമില്ല. മുരളീധരന്‍ ചൂണ്ടിക്കാണിക്കുന്ന വഴിയിലൂടെയാണ് അവര്‍ പോകുന്നത്. തെരഞ്ഞെടുപ്പുകാലമല്ലേ, സൂത്രധാര വേഷത്തില്‍ അദ്ദേഹം എത്രനാള്‍ കര്‍ട്ടനു പിന്നിലിരിക്കും?

sameeksha-malabarinews

ഈ കസ്റ്റംസുകാരുടെ മുന്നിലൂടെയാണല്ലോ സ്വര്‍ണവും ഡോളറും യഥേഷ്ടം കടത്തിക്കൊണ്ടുപോയത്. ഒന്നും കണ്ടുപിടിക്കാനോ തടയാനോ കഴിയാത്തവരാണ്, ഒരു പ്രതിയുടെ തട്ടിക്കൂട്ടു മൊഴിയുമായി മുഖ്യമന്ത്രിയെയും സ്പീക്കറെയും മന്ത്രിമാരെയും വേട്ടയാടാമെന്ന് വ്യാമോഹിക്കുന്നത്. അതൊക്കെ എത്രകണ്ട് വിലപ്പോകുമെന്ന് നമുക്കു കാത്തിരുന്നു കാണാം. എല്ലാവരും ഇവിടെത്തന്നെ കാണുമല്ലോ.

പക്ഷേ, കസ്റ്റംസ് കോടതിയില്‍ കൊടുത്ത സ്റ്റേറ്റ്‌മെന്റ് ഒരു പൊതുരേഖയായല്ലോ. അതു വായിച്ച ജനങ്ങള്‍ ഞെട്ടുകയല്ല, പൊട്ടിച്ചിരിക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെയൊക്കെ എഴുതിപ്പിടിപ്പിച്ച ഉദ്യോഗസ്ഥരെ കോമാളികളായാണ് ജനം കാണുന്നത്? എന്തുകൊണ്ട് അത് സംഭവിച്ചു.

ജനങ്ങള്‍ക്കുമുണ്ടല്ലോ ചിന്താശക്തി. ഈ കേസ് സമഗ്രമായി അന്വേഷിച്ച എന്‍ഐഎയ്ക്കു മുന്നില്‍ ഇത്തരമൊരു മൊഴിയില്ല. കുറ്റാന്വേഷണ മികവില്‍ കസ്റ്റംസിനെക്കാള്‍ എത്രയോ മുന്നിലാണ് എന്‍ഐഎ. അവരുടെ കസ്റ്റഡിയില്‍ എത്രയോ ദിവസം ഈ പ്രതികളുണ്ടായിരുന്നു? അവര്‍ പലവട്ടം ചോദ്യം ചെയ്തിട്ടും പറയാത്ത കാര്യങ്ങളാണ്, കസ്റ്റംസിന്റെ സ്റ്റേറ്റ്‌മെന്റിലുള്ളത്. അതും അറസ്റ്റിലായി നാലോ അഞ്ചോ മാസം കഴിഞ്ഞപ്പോള്‍ കിട്ടിയത്. എത്ര സുദീര്‍ഘമായ ഗൂഢാലോചന നടന്നിട്ടുണ്ട് എന്നു നോക്കുക. പ്രതിയുടെ മൊഴി മാത്രം പോരല്ലോ. അത് സാധൂകരിക്കുന്ന മറ്റു വസ്തുതകളും അന്വേഷണത്തില്‍ തെളിയണം. അതിനുള്ള ഒരു ശ്രമവും കസ്റ്റംസ് നടത്തിയിട്ടില്ല. ഇത്രയും കാലം മൊഴിയും വായിച്ച് പഴവും വിഴുങ്ങിയിരിക്കുകയായിരുന്നു അവര്‍. സത്യാവസ്ഥ കണ്ടുപിടിക്കാന്‍ എന്തെങ്കിലും അന്വേഷണം നടത്തിയതിന്റെ ഒരു സൂചനയും സത്യവാങ്മൂലത്തിലില്ല. എന്നു മാത്രമല്ല, പറഞ്ഞ കാര്യങ്ങളൊക്കെ തെളിയിക്കാനുള്ള ഉത്തരവാദിത്തം പ്രതിയുടെ ചുമലില്‍ ചാരി കസ്റ്റംസ് കൈയൊഴിയുകയും ചെയ്തിരിക്കുന്നു. എത്ര പരിഹാസ്യമായ അവസ്ഥ?
ഏതെങ്കിലും ഒരന്വേഷണ ഏജന്‍സിയ്ക്ക് ഈ ദുര്യോഗം ഉണ്ടായിട്ടുണ്ടോ? തെളിവുകള്‍ പ്രതി നല്‍കുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയോട് പറഞ്ഞത്. അതിനര്‍ത്ഥം ആരോപണങ്ങളെ സാധൂകരിക്കാനുള്ള വിവരങ്ങളൊന്നും ഇതുവരെ അന്വേഷണ സംഘത്തിന്റെ കൈയില്‍ ഇല്ല എന്നാണ്. തെളിവില്ലാത്ത ആരോപണങ്ങള്‍ പുറത്തുവിട്ടതിന്റെ ലക്ഷ്യം രാഷ്ട്രീയമാണെന്ന് വ്യക്തമല്ലേ. രാഷ്ട്രീയ ലക്ഷ്യത്തോടെ തട്ടിക്കൂട്ടിയ മൊഴി, രാഷ്ട്രീയ ലക്ഷ്യത്തോടെ പുറത്തുവിട്ടിരിക്കുന്നു.

കസ്റ്റംസിന്റെ നിയമവിരുദ്ധ രാഷ്ട്രീയക്കളിയ്ക്ക് വക്കാലത്തുമായി എത്തിയ ഇതേ മുരളീധരന്‍ തന്നെയാണല്ലോ സ്വര്‍ണക്കടത്ത് നടത്തിയത് നയതന്ത്ര ബാഗേജ് വഴിയല്ല എന്ന് സ്ഥാപിക്കാന്‍ അഹോരാത്രം ശ്രമിച്ചത്. നയതന്ത്ര ബാഗേജ് തന്നെയാണ് എന്ന് എന്‍ഐഎ ആവര്‍ത്തിച്ചു വ്യക്തമാക്കിയപ്പോഴെല്ലാം അത് നിഷേധിക്കാന്‍ അദ്ദേഹം തന്നെയാണ് ചാടിയിറങ്ങിയത്. ഇപ്പോഴത്തെ രാഷ്ട്രീയക്കളിയോട് കൂട്ടി വായിക്കേണ്ട സംഭവം തന്നെയായിരുന്നല്ലോ അതും.

അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്ന ഏതു ശ്രമവും രാഷ്ട്രീയമായിത്തന്നെ നേരിടും. അത് സ്വാഭാവികമാണ്. അധികാരത്തിന്റെ ഇത്തരം കടന്നുകയറ്റങ്ങളെ കൈയും നീട്ടി സ്വീകരിക്കുന്ന നാടല്ല കേരളം. വി മുരളീധരന്റെയും കെ സുരേന്ദ്രന്റെയുമൊക്കെ ഉപജാപങ്ങള്‍ ഇവിടെ ചെലവാകില്ല എന്ന് ബിജെപിയുടെ കേന്ദ്ര നേതൃത്വത്തിന് ഒരിക്കല്‍ക്കൂടി ബോധ്യമാകും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!