Section

malabari-logo-mobile

കുട്ടികളുടെ സര്‍വതോന്മുഖ വികസനം ലക്ഷ്യമിടുന്നതാകും പാഠ്യപദ്ധതി പരിഷ്‌കരണം: മുഖ്യമന്ത്രി

HIGHLIGHTS : Curriculum reform will aim at all-round development of children: Chief Minister

മാറിയ കാലത്തിനനുസരിച്ച് ഉത്പാദനോന്മുഖമായ സമൂഹത്തെ സൃഷ്ടിക്കുന്നതിനു കുട്ടികളുടെ സര്‍വതോന്മുഖമായ വികസനം അനിവാര്യമാണെന്നും ഈ ലക്ഷ്യത്തോടെയാണു പാഠ്യപദ്ധതി പരിഷ്‌കരണം നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുവിദ്യാലയ മികവുകള്‍ കണ്ടെത്തുന്നതിന് കൈറ്റ് സംഘടിപ്പിച്ച ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ 3-ാം സീസണിന്റെ ഗ്രാന്റ് ഫിനാലെ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു വൈജ്ഞാനിക നൂതനത്വ സമൂഹമായി കേരളത്തെ പരിവര്‍ത്തിപ്പിക്കാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. അതില്‍ വിദ്യാലയങ്ങള്‍ക്കുള്ള പങ്കു വലുതാണ്. വിജ്ഞാന വിതരണം ക്ലാസ് മുറികളില്‍ മാത്രം ഒതുങ്ങിനിന്നാല്‍ പോര. ലോക വൈജ്ഞാനിക ശൃംഖലയുമായി വിദ്യാര്‍ഥികളെ ബന്ധിപ്പിക്കണം. ഇതിന് അധ്യാപകര്‍ മുന്‍കൈയെടുക്കണം. പുതിയ തലമുറയുടെ ജീവിതാനുഭവങ്ങള്‍ തിരിച്ചറിഞ്ഞ് അതിനു ചേരുന്ന വിധത്തില്‍ അധ്യാപനം നടത്താന്‍ കഴിയണം. നൂതന വിഷയങ്ങള്‍ക്കൊപ്പം ചരിത്രബോധവും കുട്ടികള്‍ക്കു പകര്‍ന്നു നല്‍കണം.

sameeksha-malabarinews

സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തില്‍ വലിയ മുന്‍ഗണനയാണു കഴിഞ്ഞ സര്‍ക്കാര്‍ നല്‍കിയതെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്ബിയുടെ സഹായത്തോടെ നടപ്പാക്കിയ പദ്ധതികളും നബാര്‍ഡിന്റെ സഹായത്തോടെ നടപ്പാക്കിയ പദ്ധതികളും പ്ലാന്‍ ഫണ്ടിലൂടെ നടപ്പാക്കിയ പദ്ധതികളും അടിസ്ഥാന സൗകര്യ വികസന രംഗത്തു വലിയ മുന്നേറ്റമുണ്ടാക്കി. പശ്ചാത്തല സൗകര്യം വകസിപ്പിക്കുന്നതിനൊപ്പംതന്നെ അധ്യയന നിലവാരം ഉയര്‍ത്താനുള്ള നടപടികളും സ്വീകരിച്ചു. ഇത്തരം ഇടപെടലുകള്‍ പൊതുവിദ്യാഭ്യാസത്തിലുള്ള വിശ്വാസം വലിയ തോതില്‍ വര്‍ധിപ്പിച്ചു. അതിന്റെ തെളിവാണ് പൊതുവിദ്യാലയങ്ങളില്‍ 10 ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ പുതുതായി എത്തിച്ചേര്‍ന്നത്. കൊഴിഞ്ഞുപോക്കിനെക്കുറിച്ച് ആകുലപ്പെട്ടിരുന്ന അവസ്ഥ മാറ്റാന്‍ കഴിഞ്ഞു. കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് പെര്‍ഫോമെന്‍സ് ഇന്‍ഡെക്‌സ് ഗ്രേഡിങ്ങില്‍ കേരളം ഒന്നാമതെത്തി. നീതി ആയോഗിന്റെ സ്‌കൂള്‍ എജ്യൂക്കേഷന്‍ ക്വാളിറ്റി ഇന്‍ഡെക്‌സിലും ഐക്യരാഷ്ട്ര സഭയും നീതി ആയോഗും ചേര്‍ന്നു നടത്തിയ സസ്റ്റെയിനബിള്‍ ഡെവലപ്‌മെന്റ് ഗോള്‍സ് ഇന്ത്യാ ഇന്‍ഡെക്‌സിലും കേരളം ഒന്നാമതെത്തി. ഇതെല്ലാം അഭിമാനകരമായ നേട്ടങ്ങളാണ്. പൊതുവിദ്യാഭ്യാസ മേഖലയില്‍ തുടര്‍ന്നും കാര്യക്ഷമമായി ഇടപെടാനാണു സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്.

സംസ്ഥാനത്ത് പൊതുവിദ്യാലയങ്ങള്‍ മികച്ച മാതൃകകള്‍ സൃഷ്ടിക്കുകയാണെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ യാഥാര്‍ഥ്യം പലപ്പോഴും തമസ്‌കരിക്കപ്പെടുന്നു. അത്തരം പശ്ചാത്തലത്തില്‍ ഹരിത വിദ്യാലയം റിയാലിറ്റി ഷോയ്ക്കു വലിയ പ്രാധാന്യമുണ്ട്. യാഥാര്‍ഥ്യത്തിനു നേരേ പിടിച്ച കണ്ണാടിയാണ് വിക്ടേഴ്‌സ് ചാനല്‍ വഴി സംപ്രേഷണം ചെയ്യുന്ന ഹരിത വിദ്യാലയം റിയാലിറ്റി ഷോ. പൊതുവിദ്യാലയങ്ങള്‍ പിന്തുടരുന്ന മികച്ച മാതൃകകള്‍ ഉയര്‍ത്തിക്കാട്ടാനും അവ മറ്റു വിദ്യാലയങ്ങള്‍ക്കു സ്വീകരിക്കാനും ഉതകുന്ന വിധത്തിലാണ് ഇതു വിഭാവനം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റിഷോ 3-ാം സീസണിന്റെ ഗ്രാന്റ് ഫിനാലെയില്‍ വയനാട് ജില്ലയിലെ ഓടപ്പള്ളം ജി.എച്ച്.എസും മലപ്പുറം ജില്ലയിലെ പുറത്തൂര്‍ ജി.യു.പി.എസും ഒന്നാം സമ്മാനം പങ്കിട്ടു. രണ്ടാം സമ്മാനം കൊല്ലം ജില്ലയിലെ ജി.എല്‍.പി.എസ് ഇരവിപുരവും പാലക്കാട് ജില്ലയിലെ ജി.ഒ.എച്ച്.എസ്.എസ് എടത്താനാട്ടുകരയും പങ്കിട്ടു. മൂന്നാം സമ്മാനം കൊല്ലം ജില്ലയിലെ ജി.വി.എച്ച്.എസ്.എസ് കടയ്ക്കല്‍, ആലപ്പുഴ ജില്ലയിലെ ജി.എല്‍.പി.എസ് കടക്കരപ്പളളി എന്നീ സ്‌കൂളുകള്‍ക്കാണ്. ഒന്നും രണ്ടും മൂന്നും സമ്മാനങ്ങള്‍ ലഭിച്ച ആറു സ്‌കൂളുകള്‍ക്ക് യഥാക്രമം പത്തു ലക്ഷം, ഏഴര ലക്ഷം, അഞ്ചു ലക്ഷം രൂപ ക്യാഷ് അവാര്‍ഡുകള്‍ ലഭിച്ചു.

തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇ്ന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് മുഖ്യപ്രഭാഷണം നടത്തി. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ ബാബു കെ, എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ ഡോ.ആര്‍.കെ. ജയപ്രകാശ്, എസ്.എസ്.കെ ഡയറക്ടര്‍ ഡോ. എ.ആര്‍. സുപ്രിയ, കൈറ്റ് സി.ഇ.ഒ കെ.അന്‍വര്‍ സാദത്ത്, സി-ഡിറ്റ് ഡയറക്ടര്‍ ജി. ജയരാജ്, യൂണിസെഫ് അഡൈ്വസര്‍ ഡോ.പിയൂഷ് ആന്റണി, ജൂറി അംഗം പ്രൊഫ. ഇ. കുഞ്ഞികൃഷ്ണന്‍, സീനിയര്‍ ക്രിയേറ്റീവ് എഡിറ്റര്‍ കെ. മനോജ് കുമാര്‍ എന്നിവരും പങ്കെടുത്തു.

റിയാലിറ്റിഷോയില്‍ ഫൈനലിസ്റ്റുകളായ നാലു വിദ്യാലയങ്ങള്‍ക്ക് 2 ലക്ഷം രൂപ വീതവും ട്രോഫിയും ചടങ്ങില്‍ സമ്മാനിച്ചു. പാലക്കാട് ജില്ലയില്‍ നിന്നു ജി.യു.പി.എസ് പുതിയങ്കം, ഇടുക്കി ജില്ലയില്‍ നിന്നു ജി.എച്ച്.എസ്.എസ് കല്ലാര്‍, ആലപ്പുഴ ജില്ലയില്‍ നിന്നു ജി.എച്ച്.എസ്.എസ് കലവൂര്‍, കാസര്‍ഗോഡ് ജില്ലയില്‍ നിന്നും ജി.എച്ച്.എസ്.എസ് തച്ചങ്ങാട് എന്നീ സ്‌കൂളുകളാണ് ഫൈനലിസ്റ്റുകളായത്. ഗ്രാന്റ് ഫിനാലെയില്‍ പ്രത്യേക പരാമര്‍ശം നേടിയ ആറ് സ്‌കൂളുകള്‍ക്ക് 50,000 രൂപ വീതവും ട്രോഫിയും സമ്മാനിച്ചു. ജി.യു.പി.എസ് ചെമ്മനാട് വെസ്റ്റ് (കാസര്‍ഗോഡ്), പി.പി.എം.എച്ച്.എസ്.എസ് കൊട്ടൂക്കര (മലപ്പുറം), ജി.എല്‍.പി.എസ് ആനാട് (തിരുവനന്തപുരം), ജി.എല്‍.പി.എസ് കോടാലി (തൃശൂര്‍), ജി.എല്‍.പി.എസ് മോയന്‍സ് (പാലക്കാട്), എന്‍.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂര്‍ (കണ്ണൂര്‍) എന്നിവയാണ് പ്രത്യേക പരാമര്‍ശം നേടിയ സ്‌കൂളുകള്‍. ഹരിതവിദ്യാലയത്തില്‍ മികച്ച പ്രകടനം നടത്തിയ ജഗതി ഗവ.എച്ച്.എസ്.എസ് ബധിര വിദ്യാലയം (തിരുവനന്തപുരം), തിരുവല്ല സി.എസ്.ഐ വി.എച്ച്.എസ്.എസ് ബധിരവിദ്യാലയം (പത്തനംതിട്ട) സ്‌കൂളുകള്‍ക്ക് 25000 രൂപ വീതവും ക്യാഷ് അവാര്‍ഡുകള്‍ ലഭിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!