
യുക്രൈന്‍- റഷ്യ സംഘര്‍ഷത്തെ തുടര്‍ന്ന് ഓഹരി വിപണി കനത്ത പ്രതിസന്ധിയിലാണ്. അതിനിടെ ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഉയര്‍ന്നു. ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില 3 ഡോളര്‍ ഉയര്‍ന്ന് 100 ഡോളറിന് അടുത്തെത്തി. 2014 സെപ്റ്റംബറിലെ വര്‍ധനവിന് ശേഷം ആറ് വര്‍ഷത്തിന് ശേഷമാണ് ക്രൂഡ് ഓയില്‍ വില ഇത്രയും കുതിച്ചുയര്‍ന്ന് എണ്ണവില ബാരലിന് 100 ഡോളര്‍ നിലവാരത്തിലെത്തുന്നത്. ക്രൂഡ് ഓയില്‍ വില ഇനിയുമുയര്‍ന്നാല്‍ പെട്രോള്‍ ഡീസല്‍ വില രാജ്യത്ത് വര്‍ധിക്കാനുള്ള സാഹചര്യമാണ് ഒരുങ്ങുന്നത്.
നിലവില്‍ വിവിധ സംസ്ഥാനങ്ങളില്‍ അസംബ്ലി തെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് ഇന്ധന വില ഉയരാത്തതെന്നാണ് കരുതപ്പെടുന്നത്.
യുക്രെയ്ന്‍ സംഘര്‍ഷ സാധ്യത അയഞ്ഞില്ലെങ്കില്‍ സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ കഴിഞ്ഞാലുടന്‍ വില ഉയര്‍ത്താനാണ് സാധ്യത.
ആഗോള തലത്തില്‍ എണ്ണ ഉല്‍പ്പാദനത്തിന്റെ പത്ത് ശതമാനം റഷ്യയില്‍ നിന്നാണ്. അതിനാല്‍ യുദ്ധവുമായി മുന്നോട്ട് പോകുന്നത് റഷ്യക്ക് മുകളില്‍ ആഗോള തലത്തില്‍ ഉപരോധം ശക്തിപ്പെട്ടാല്‍ ക്രൂഡ് ഓയില്‍ ലഭ്യത കുറയാനിടവരും. യൂറോപ്പിലേക്കുള്ള ഇന്ധനത്തിന്റെ മൂന്നിലൊന്നും റഷ്യയാണ് നല്‍കുന്നത്. അതിനാല്‍ തന്നെ യുദ്ധ സമാന സാഹചര്യം ക്രൂഡ് ഓയില്‍ വില ഇനിയും വര്‍ധിപ്പിച്ചേക്കുമെന്നാണ് സൂചന.
ഇന്ത്യ റഷ്യയില്‍ നിന്ന് വളരെ കുറച്ച് ഇന്ധനം മാത്രമാണ് വാങ്ങുന്നത്. എങ്കിലും ആഗോള തലത്തില്‍ ക്രൂഡ് ഓയിലിന് ലഭ്യത കുറയുകയും ഡിമാന്റ് ഉയരുകയും ചെയ്യുന്നത് ഇന്ത്യക്കും ഗുണകരമാകില്ല. നൂറിലേറെ ദിവസമായി ഇന്ത്യയില്‍ എണ്ണവില മാറ്റമില്ലാതെ തുടരുകയാണ്. 2017 ല്‍ എണ്ണവില ദിനം തോറും നിര്‍ണയിക്കുന്ന സമ്പ്രദായം നിലവില്‍വന്ന ശേഷം, ആദ്യമായാണ് ഇത്രയും നീണ്ട കാലയളവില്‍ മാറാതിരിക്കുന്നത്. ഇന്ധനവില ഉയര്‍ന്നാല്‍ അത് വിലക്കയറ്റത്തിനും ഇടയാക്കും.




