തിരുവനന്തപുരം : ഇന്ന് അന്തരിച്ച കവയിത്രി സുഗതകുമാരിയുടെ മൃതദേഹം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സംസ്‌കരിച്ചു. വൈകുന്നേരം നാല് മണിക്ക് തിരുവനന്തപുരം ശാന്തികവാടത്തിലാണ് സംസ്‌കാരം നടന്നത്.കോവിഡ് ബാധിതയായി ചികിത്സയില്‍ കഴിയുന്നതിനിടെയാണ് ആരോഗ്യ നില വഷളായതും മരണപ്പെട്ടതും . തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് ആംബുലന്‍സില്‍ തൈക്കാട് ശാന്തികവാടത്തില്‍ എത്തിച്ച മൃതദേഹത്തിന് നന്ദാവനം പൊലീസ് ക്യാംപിലെ പൊലീസുകാര്‍ ഔദ്യോഗിക യാത്രയപ്പ് നല്‍കി.
സുഗതകുമാരിയുടെ മകള്‍ ലക്ഷ്മി, സഹോദരിമാരുടെ മക്കളായ ശ്രീദേവി, പത്മനാഭന്‍, ചെറുമകന്‍ വിഷ്ണു എന്നിവര്‍ മാത്രമാണ് ബന്ധുക്കളെന്ന നിലയില്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തത്. ബന്ധുക്കളും പൊലീസുകാരും ശാന്തികവാടം ജീവനക്കാരുമടക്കം എല്ലാവരും പിപിഇ കിറ്റ് ധരിച്ചാണ് എത്തിയത്. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ , ജില്ലാ കളക്ടര്‍ ഡോ .നവജ്യോത് സിങ് കൗര്‍ എന്നിവര്‍ പിപിഇ കിറ്റ് ധരിച്ച് സംസ്‌ക്കാര ചടങ്ങില്‍ പങ്കെടുത്തു.
കോവിഡ് മരണമായതിനാല്‍ പൊതുദര്‍ശനമുണ്ടായിരുന്നില്ല . പകരം അയ്യങ്കാളി ഹാളില്‍ ടീച്ചറുടെ ഛായാചിത്രത്തിന് മുന്നില്‍ പൊതുജനങ്ങള്‍ക്ക് പുഷ്പാഞ്ജലി അര്‍പ്പിക്കാനുള്ള സൗകര്യമൊരുക്കിയിരുന്നു .സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍, മന്ത്രിമാരായ എ.കെ.ബാലന്‍ കടകംപള്ളി സുരേന്ദ്രന്‍, കെ.കെ. ഷൈലജ ടീച്ചര്‍, കടന്നപ്പള്ളി രാമചന്ദ്രന്‍,ജെ.മെഴ്സികുട്ടിയമ്മ, വി.എസ്. സുനില്‍കുമാര്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, എം.എല്‍.എമാരായ വി.കെ.പ്രശാന്ത്, കെ. ആന്‍സലന്‍, സി. ദിവാകരന്‍, സി.കെ. ശശീന്ദ്രന്‍, ഐ.ബി.സതീഷ് .കെ.യു.ജിനീഷ് കുമാര്‍, കെ.എസ്. ശബരിനാഥന്‍, ഷാഫി പറമ്പില്‍, രാഷ്ട്രീയ നേതാക്കളായ കാനം രാജേന്ദ്രന്‍, എം. വിജയകുമാര്‍, പന്ന്യന്‍ രവീന്ദ്രന്‍, എം.എം.ഹസ്സന്‍, കുമ്മനം രാജശേഖരന്‍, സംസ്ഥാന ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത, ലത്തീന്‍ കത്തോലിക്ക അതിരൂപതാ ബിഷപ്പ് സൂസ പാക്യം, സീറോ മലങ്കര മേജര്‍ ആര്‍ച്ച് ബിഷപ്പ് ബസേലിയോസ് ക്ളീമിസ് ബാവ, ജില്ലാ കളക്ടര്‍ നവ്ജ്യോത് ഖോസ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളില്‍ പെട്ട ആയിരങ്ങള്‍ ഉച്ചയ്ക്ക് ഒരുമണിമുതല്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തി.



