സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം ഇ എൻ മോഹൻദാസ്‌ അന്തരിച്ചു

മലപ്പുറം: സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവും മുതിർന്ന നേതാവുമായ സഖാവ് ഇ.എൻ. മോഹൻദാസ് (74) അന്തരിച്ചു. രണ്ട് തവണ പാർട്ടി മലപ്പുറം ജില്ലാ സെക്രട്ടറിയായിരുന്നു. പക്ഷാഘാതത്തെ തുടർന്ന്‌ പെരിന്തൽമണ്ണ ഇ.എം.എസ്‌ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

വിദ്യാർഥി-യുവജന പ്രസ്ഥാനത്തിലൂടെ പൊതുരംഗത്ത് സജീവമായി. എസ്എഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറിയും ഏറനാട് താലൂക്ക് സെക്രട്ടറിയുമായിരുന്നു. കെഎസ്വൈഎഫ് ജില്ലാ പ്രസിഡന്റും ഡിവൈഎഫ്ഐ പ്രഥമ ജില്ലാ പ്രസിഡന്റുമായി. സിപിഐ എം ഇന്ത്യനൂർ ബ്രാഞ്ച് സെക്രട്ടറി, കോട്ടക്കൽ ലോക്കൽ സെക്രട്ടറി, മലപ്പുറം ഏരിയാ സെക്രട്ടറി, ഏറനാട് താലൂക്ക് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.

2018ൽ പെരിന്തൽമണ്ണ സമ്മേളനത്തിൽ ജില്ലാ സെക്രട്ടറിയായി. 2021 ഡിസംബറിൽ തിരൂർ സമ്മേളനത്തിൽ തുടർന്നു. 2024ൽ താനൂർ സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി സ്ഥാനത്തും നിന്നും മാറി. കെഎസ്കെടിയു- സിഐടിയു ജില്ലാ കമ്മിറ്റി അംഗമായും പ്രവർത്തിച്ചു. മലപ്പുറം ഇ എം എസ് പഠന ഗവേഷണ കേന്ദ്രം സെക്രട്ടറിയാണ്. ദേശാഭിമാനി മലപ്പുറം യൂണിറ്റിൻ്റെ പ്രഥമ മാനേജറായിരുന്നു. റെയ്ഡ്കോ വൈസ് ചെയർമാനായും പ്രവർത്തിച്ചു.

2007ൽ മണ്ണഴി എയുപി സ്‌കൂൾ പ്രധാനാധ്യാപകനായിരിക്കെ വിരമിച്ചു. ദീർഘകാലം കോഡൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായിരുന്നു. കോട്ടക്കൽ ആര്യവൈദ്യശാല ജീവനക്കാരുടെ സംഘടനയായ ആര്യവൈദ്യശാല വർക്കേഴ്സ‌് ഫെഡറേഷൻ (സിഐടിയു) പ്രസിഡന്റും ജില്ലാ ബാങ്ക് ഡയറക്ട‌റുമായിരുന്നു. ജില്ലാ ആസൂത്രണ സമിതി അംഗമാണ്.

അദ്ദേഹത്തോടുള്ള ആദരസൂചകമായി മലപ്പുറത്ത് വിപുലമായ പൊതുദർശന ചടങ്ങുകൾ നടക്കും. നിലവിൽ പെരിന്തൽമണ്ണ ഇ.എം.എസ് ആശുപത്രിയിലുള്ള ഭൗതികദേഹം നടപടികൾ പൂർത്തിയാക്കി സ്വവസതിയിലേക്ക് കൊണ്ടുപോകും. തുടർന്ന് ഉച്ചയ്ക്ക് 12 മണിയോടെ മലപ്പുറം ടൗൺഹാളിൽ പൊതുദർശനത്തിന് വെക്കും.

ജീവിതകാലം മുഴുവൻ ശാസ്ത്രീയ ചിന്താഗതിയും പുരോഗമന മൂല്യങ്ങളും ഉയർത്തിപ്പിടിച്ച ഇ.എൻ. മോഹൻദാസിൻ്റെ ആഗ്രഹപ്രകാരം, അദ്ദേഹത്തിന്റെ ഭൗതികശരീരം പഠനാവശ്യങ്ങൾക്കായി വിട്ടുനൽകാനാണ് തീരുമാനം. വൈകുന്നേരം 5 മണിക്ക് മഞ്ചേരി മെഡിക്കൽ കോളേജിന് ഭൗതികദേഹം കൈമാറും.

ഭാര്യ: കെ ഗീത (റിട്ട. അധ്യാപിക). മക്കൾ: ഡോ. ദിവ്യ (കോട്ടക്കൽ ആര്യവൈദ്യശാല), ധ്യാൻ മോഹൻ (ഐടി എൻജീനിയർ). മരുമക്കൾ: ഡോ. പി പി ജയപ്രകാശൻ (അസി. പ്രൊഫസർ, ടിഎംജി ഗവ. കോളേജ്, തിരൂർ), ശ്രീജിഷ (ഐടി എൻജിനിയർ).

Share news
error: Content is protected !!
Scroll to Top