
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊച്ചിയിൽ. രാവിലെ 11.30 ന് നെടുമ്പാശ്ശേരിയിൽ എത്തുന്ന പ്രധാനമന്ത്രി നേവൽ ബേസിൽ എത്തി റോഡ് മാർഗം ആദ്യ പരിപാടിക്ക് എത്തും. മറൈൻഡ്രൈവിൽ ധീവനസഭയുടെ ഗോൾഡൻ ജൂബിലി ആഘോഷമാണ് മോദിയുടെ ആദ്യ പരിപാടി. 12 ന് കലൂർ സ്റ്റേഡിയത്തിൽ റോഡ് ഷോ നടക്കും. 12.30 ന് കേന്ദ്രസർക്കാരിൻറെ ഔദ്യോഗിക പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. ഇതിൽ പതിനായിരം കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും. ബിപിസിഎൽ കൊച്ചി റിഫൈനറിയിലെ പുതിയ പോളിപ്രൊപ്പിലീൻ യൂണിറ്റിന്റെ തറക്കല്ലിടൽ ഇതിൽ പ്രധാനമാണ്.അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച ഷൊർണൂർ, കുറ്റിപ്പുറം, ചങ്ങനാശ്ശേരി സ്റ്റേഷനുകളുടെ സമർപ്പണവും, ദേശീയപാത 66-ലെ തലപ്പാടി-ചെങ്കള ആറുവരിപ്പാതയുടെ ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിക്കും.
അതിനുശേഷം, ഒരു മണിയോടുകൂടി കലൂർ സ്റ്റേഡിയത്തിലെ രണ്ടാമത്തെ വേദിയിൽ എൻഡിഎ കേരളം തിരഞ്ഞെടുപ്പ് റാലി അദ്ദേഹം ഉദ്ഘാടനം ചെയ്യും. തിരഞ്ഞെടുപ്പ് കൺവെൻഷനോടു കൂടി എൻഡിഎയുടെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക പ്രചരണങ്ങൾക്കും തുടക്കമാകും.
2.30ന് പ്രധാനമന്ത്രി തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലേക്ക് പോകും. കേരളത്തിലെ പരിപാടികൾക്ക് ശേഷം വൈകീട്ട് തിരുച്ചിറപ്പള്ളിയിൽ എത്തുന്ന മോദി, 5:45ന് വിവിധ വികസന പദ്ധതികളുടെ ഉദ്ഘടനവും ശിലാസ്ഥപനവും നിർവഹിക്കും. ആകെ 5650 കോടി രൂപയുടെതാണ് പദ്ധതികൾ. തുടർന്ന് എൻഡിഎ പൊതുയോഗത്തിലും മോദി പ്രസംഗിക്കും.
ഈ മാസം മോദിയുടെ രണ്ടാമത്തെ തമിഴ്നാട് സന്ദർശനം ആണിത്.
പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് ബുധനാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെ നെടുമ്പാശ്ശേരി മുതൽ മുട്ടം വരെയുള്ള ഭാഗങ്ങളിൽ റൂറൽ പൊലീസ് ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അങ്കമാലി ഭാഗത്ത് നിന്ന് ആലുവയിലേക്ക് വരുന്ന വലിയ വാഹനങ്ങളും ചരക്ക് വാഹനങ്ങളും അങ്കമാലി – കാലടി എംസി റോഡ് വഴി പോകേണ്ടതാണെന്ന് പൊലീസ് അറിയിച്ചു. ഉച്ചയ്ക്ക് ഒരു മണി മുതൽ ഇട റോഡുകളിൽ നിന്നും സർവീസ് റോഡ് നിന്നും ഹൈവേയിലേക്ക് വാഹനങ്ങൾ പ്രവേശിക്കാൻ അനുവദിക്കുന്നതല്ല. മെട്രോയിൽ യാത്ര ചെയ്യുന്നവർക്ക് ആലുവ മുതൽ മുട്ടം വരെ യാത്രകൾക്ക് രാവിലെ പത്തിനും വൈകിട്ട് നാലിനും ഇടക്കുള്ള സമയം നിയന്ത്രണം ഉണ്ടാകും.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു





